Sunday, May 19, 2024
HomeIndiaആവേശം വാനോളം, ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍

ആവേശം വാനോളം, ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍

ആദര്‍ശ് മുക്കട

രുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ സ്വീകരണം ഒരുക്കാന്‍ കെപിസിസി . ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കുന്ന പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.വാദ്യമേളം,കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്ബടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും.കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേരും.

സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ യാത്ര കേരള അതിര്‍ത്തിയായ പാറശാല ചേരുവരകോണത്തെത്തും. സെപ്റ്റംബര്‍ 11ന് രാവിലെ 7ന് പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍,എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ.മുരളീധരന്‍ എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി,ശശി തരൂര്‍ എംപി, അടൂര്‍ പ്രകാശ് എംപി,എം വിന്‍സന്റ് എംഎല്‍എ,ഡിസിസി പ്രസിഡന്റ് പാലോട് രവി,എംപിമാര്‍.എംഎല്‍എമാര്‍,കെപിസിസി,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.

കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്ന് പോകുന്നത്.തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്ബൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്രകടന്ന് പോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും.രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തില്‍ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍,കര്‍ഷകര്‍,യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

ഭാരത് ജോഡോ യാത്രയില്‍ മുന്നൂറ് പദയാത്രികരാണുള്ളത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ഒരുക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. 19 ദിവസം കേരളത്തിലൂടെ കടന്ന് പോകുന്ന യാത്ര വിജയിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെയും നേതൃത്വത്തില്‍ നടന്ന് വരുന്നത്. യാത്രയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം,രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തേണ്ടവരുടെ പട്ടിക തയ്യാറാക്കല്‍,പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക, ഭക്ഷണം,താമസം എന്നിവ ക്രമീകരിക്കുക, യാത്ര വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണം സംഘടിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ അടുക്കും ചിട്ടയുമായി യാത്രയെ മുന്നോട്ട് നയിക്കുക,പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുക, നിയമപരമായ തട
സ്സങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ക്കായി കെപിസിസി സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ വിവിധ സബ് കമ്മിറ്റികളുടെ യോഗം ഓണ്‍ ലൈനായി കഴിഞ്ഞ ദിവസം ചേര്‍ന്ന് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കെപിസിസി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പാര്‍ട്ടി ജില്ലാ കേന്ദ്രങ്ങളില്‍ സ്വാഗതസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ചുവരെഴുത്തും കൊടിതോരണങ്ങളുമായി ജാഥ കടന്ന് പോകുന്ന ഇടങ്ങള്‍ അലങ്കരിച്ച്‌ അക്ഷരാര്‍ത്ഥത്തില്‍ മൂവര്‍ണ്ണക്കടലായി മാറി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് വലിയ ആവേശം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രകടമാണ്.രാജ്യം നേരിടുന്ന വെല്ലുവിളിയും അതിന്റെ അപകടവും തിരിച്ചറിഞ്ഞ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വലിയ ജനപങ്കാളിത്തമാണ് കെപിസിസി പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധവും ഗതാഗത തടസ്സം സൃഷ്ടിക്കാത്തവിധവും യാത്ര കടന്ന് പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താനാവശ്യമായ സഹകരണം സംസ്ഥാന പോലീസ് മേധാവിയോടും ജില്ലാ ഭരണാധികാരികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യാത്ര കടന്ന് പോകുന്ന സ്ഥലങ്ങളും അതുമായി ബന്ധപ്പെട്ട ഗതാഗതനിയന്ത്രങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പൊതുജനത്തിന് ലഭ്യമാകുന്നതിന് ആവശ്യമായ മുന്‍കരുതലും നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ഭരണാധികളോടും പോലീസ് മേധാവികളോടും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കും.150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 നു സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular