Friday, May 17, 2024
HomeGulfനൊ​മ്ബ​ര​പ്പൂ​വാ​യി മിന്‍സ; നാലുവയസ്സുകാരി മരിച്ചത് പിറന്നാള്‍ദിനത്തില്‍

നൊ​മ്ബ​ര​പ്പൂ​വാ​യി മിന്‍സ; നാലുവയസ്സുകാരി മരിച്ചത് പിറന്നാള്‍ദിനത്തില്‍

ദോഹ: നാലാം പിറന്നാളിന്‍റെ സന്തോഷത്തില്‍ വീട്ടില്‍നിന്ന് സ്കൂളിലേക്കു പോയ കൊച്ചുസുന്ദരിയുടെ ദാരുണാന്ത്യം അറിഞ്ഞ ഞെട്ടലിലായിരുന്നു ഖത്തറിലെ പ്രവാസലോകം.

സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നാലുവയസ്സുകാരി മിന്‍സ മറിയം കണ്ണീര്‍വേദനയായി.

കോട്ടയം ചിങ്ങവനം കൊച്ചുപറമ്ബില്‍ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളില്‍ ഇളയവളാണ് മിന്‍സ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാള്‍. തലേദിനം രാത്രിതന്നെ പിറന്നാള്‍ ആഘോഷിച്ച അവള്‍, ഇരട്ടി സന്തോഷത്തിലായിരുന്നു അല്‍ വക്റയിലെ വീട്ടില്‍നിന്ന് രാവിലെ സ്കൂളിലേക്കു പുറപ്പെട്ടത്. രണ്ടാം ക്ലാസുകാരിയായ ചേച്ചി മിഖ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. മിന്‍സ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗാര്‍ട്ടനില്‍ കെ.ജി ഒന്നിലും. സ്കൂളിലേക്കുള്ള യാത്രക്കിടയില്‍ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവര്‍ ഡോര്‍ അടച്ച്‌ പോയി. പിന്നീട് 11.30ഓടെ ബസ് എടുക്കാനായി ജീവനക്കാരന്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡിസൈനറായി ജോലി ചെയ്യുന്ന പിതാവ് അഭിലാഷ് സ്കൂളില്‍നിന്ന് ഫോണ്‍ വിളിയെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉച്ചയോടെ ജോലിസ്ഥലത്തുനിന്ന് പുറപ്പെടുന്നത്. മകള്‍ക്ക് സുഖമില്ലെന്നും ഉടന്‍ ഭാര്യയെയുംകൂട്ടി സ്കൂളിലെത്തണമെന്നായിരുന്നു സന്ദേശം. തിരക്കുപിടിച്ച്‌ അദ്ദേഹം സ്കൂളിലെത്തുമ്ബോഴേക്കും കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വൈകാതെ മരണവും സ്ഥിരീകരിച്ചു.

10 വര്‍ഷം മുമ്ബ് മറ്റൊരു ഇന്ത്യന്‍സ്കൂളിലും സമാനമായ ദുരന്തത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചിരുന്നു. തുടര്‍ന്ന് ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍തന്നെ സ്കൂളുകള്‍തോറും ജീവനക്കാര്‍ക്കും മാനേജ്മെന്‍റ് അംഗങ്ങള്‍ക്കുമായി ബോധവത്കരണവും സജീവമായി. ഓരോ അധ്യയനവര്‍ഷത്തിലും ബോധവത്കരണം സജീവമാക്കിയെങ്കിലും വലിയ ദുരന്തം ആവര്‍ത്തിച്ചതിന്‍റെ ഞെട്ടലിലാണ് എല്ലാവരും.

സ്കൂള്‍ ബസുകളില്‍നിന്ന് കുട്ടികള്‍ പൂര്‍ണമായും പുറത്തിറങ്ങിയെന്ന് ജീവനക്കാര്‍ ഉറപ്പാക്കണമെന്നും ബസിലെ സീറ്റിനടിയിലോ മറ്റോ കുട്ടികള്‍ ഇരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കാറുണ്ട്. ഇതിനിടയിലാണ് തിരുത്താനാവാത്ത ദുരന്തം ഒരു കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം തീരാവേദനയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular