Sunday, May 12, 2024
HomeKeralaവര്‍ഗീയശക്തികളുമായി പൊലീസുകാര്‍ക്കുള്ള ബന്ധം അനുവദിക്കില്ല -മുഖ്യമന്ത്രി

വര്‍ഗീയശക്തികളുമായി പൊലീസുകാര്‍ക്കുള്ള ബന്ധം അനുവദിക്കില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഗീയ ശക്തികളുമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധവും ബിസിനസുകളും അനുവദിക്കില്ലെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.

പൊലീസ് ആസ്ഥാനത്ത് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കവെയാണ് കര്‍ശന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.

ഇക്കാര്യങ്ങളെക്കുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. പരാതി ലഭിച്ചാല്‍ അപ്പോള്‍തന്നെ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് കൈമാറണം. പൊലീസില്‍നിന്നും നിഷ്പക്ഷമായ സേവനമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയിലേക്ക് കടക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഭാര്യമാരുടെയും അടുത്ത ബന്ധുക്കളുടെയും പേരില്‍ ബിസിനസുകള്‍ നടത്തുന്നതായി ആരോപണങ്ങളുണ്ട്, അത് പാടില്ല.

അത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണം. ജില്ല പൊലീസ് മേധാവികള്‍ കീഴുദ്യോഗസ്ഥര്‍ക്ക് മാതൃകയായിരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ഓര്‍മിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം സംസ്ഥാനത്തുള്ള സാഹചര്യം യോഗം വിലയിരുത്തി.

പോപുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ നിയമാനുസരണമേ നടത്താവൂ. നിരോധനത്തിന്‍റെ പേരില്‍ വേട്ടയാടുന്നെന്ന പ്രതീതിയുണ്ടാക്കരുത്. നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. യു.എ.പി.എ പോലുള്ള നിയമം ചുമത്തുമ്ബോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന നിര്‍ദേശവും നല്‍കിയതായാണ് വിവരം.

മയക്കുമരുന്ന്‌ ലഹരിവസ്തു കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണം. സൈബര്‍കുറ്റകൃത്യങ്ങള്‍ തടയാന്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടികളുണ്ടാകും. കുറ്റാന്വേഷണം ശാസ്ത്രീയമാക്കാനായി എല്ലാ പൊലീസുകാര്‍ക്കും ആധുനിക സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ പരാതി ലഭിച്ചാല്‍ കാലതാമസമില്ലാതെ കേസെടുക്കും. ശമ്ബളം, ഡി.എ, പെന്‍ഷന്‍ തുടങ്ങിയ ക്ഷേമകാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാനും തീരുമാനമായി.

സംസ്ഥാന പൊലീസ്‌ മേധാവി അനില്‍ കാന്ത്‌, എ.ഡി.ജി.പിമാരായ കെ. പത്മകുമാര്‍, ടി.കെ. വിനോദ്‌കുമാര്‍, വിജയ്‌ സാക്കറെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, പ്രൈവറ്റ്‌ സെക്രട്ടറി കെ.കെ. രാഗേഷ്‌, ആഭ്യന്തര സെക്രട്ടറി വി. വേണു എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular