Sunday, May 19, 2024
HomeIndiaരണ്ടാം വിവാഹം കഴിച്ച മുസ്‌ലിമിന് ആദ്യ ഭാര്യ കൂടെ ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി

രണ്ടാം വിവാഹം കഴിച്ച മുസ്‌ലിമിന് ആദ്യ ഭാര്യ കൂടെ ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ഭാര്യയുടെ സമ്മതമില്ലാതെ രണ്ടാം വിവാഹം കഴിച്ച മുസ്‌ലിമിന് ആദ്യ ഭാര്യയെ അവരുടെ ഇഷ്ടമില്ലാത്ത കാലത്തോളം കൂടെ ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.

കുടുംബകോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസുമാരായ സൂര്യ പ്രകാശ് കേസര്‍വാനി, രാജേന്ദ്രകുമാര്‍ എന്നിവിരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഹരജിക്കാരന്‍ നിലവിലെ ഭാര്യയുടെ അനുമതിയില്ലാതെയാണ് രണ്ടാം വിവാഹം ചെയ്തതെന്നും വിവാഹക്കാര്യം ആദ്യ ഭാര്യയില്‍ നിന്ന് മറച്ചുവച്ചത് അവരോടുള്ള ക്രൂരതയാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായത്തിലെ മൂന്നാം ആയത്തും കോടതി വിശദമായി പരാമര്‍ശിച്ചു. പുരുഷന് താല്‍പര്യമുണ്ടെങ്കില്‍ നാല് സ്ത്രീകളെ വരെ വിവാഹം ചെയ്യാമെന്നും എന്നാല്‍ അവരോട് നീതി ചെയ്യാന്‍ കഴിയില്ലെന്ന് ഭയപ്പെടുന്ന പക്ഷം ഒരു വിവാഹം മാത്രമേ അനുവദനീയമാവുകയുള്ളൂവെന്നും ഈ ആയത്തില്‍ വ്യക്തമാക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു.

ആദ്യ ഭാര്യ ജീവിച്ചിരിക്കെ തന്നെ രണ്ടാം വിവാഹം കഴിക്കുന്നതിന് നിയമപരമായ അവകാശമുണ്ടെങ്കിലും
ഭാര്യയേയും മക്കളേയും പരിരക്ഷിക്കാന്‍ കഴിയാത്തയാള്‍ക്ക് വീണ്ടും വിവാഹം കഴിക്കാന്‍ മതം അനുവദിക്കുന്നില്ലെന്ന് കോടതി വിശദീകരിച്ചു. അങ്ങനെ വിവാഹം ചെയ്തയാള്‍ക്ക് ആദ്യ ഭാര്യയെ അവരുടെ ഇഷ്ടമില്ലാതെ തന്റെ കൂടെ ജീവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ അവകാശമില്ല. ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലാത്ത ഭാര്യയോട് അങ്ങനെ ചെയ്യണമെന്ന് ഉത്തരവ് നല്‍കാനാവില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം അത് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 21 ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാവുമെന്നും കോടതി ഹരജിക്കാരനോട് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular