Saturday, May 4, 2024
HomeIndiaമോര്‍ബി പാലം ദുരന്തം; അപകട കാരണം അറ്റകുറ്റപണിയിലെ പിഴവ്? ടെന്‍ഡര്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ട്

മോര്‍ബി പാലം ദുരന്തം; അപകട കാരണം അറ്റകുറ്റപണിയിലെ പിഴവ്? ടെന്‍ഡര്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ട്

ഹമ്മദാബാദ്: അറ്റകുറ്റപ്പണിയിലെ പിഴവാണ് മോര്‍ബി പാലത്തിന്റെ അപകടത്തിന് വഴിവെച്ചതെന്ന് ആരോപണം. ടെന്ററെടുത്ത സ്വകാര്യ കമ്ബനി കൃത്യമായി പണികള്‍ പൂര്‍ത്തിയാക്കാതിരുന്നതും അമിത ഭാരവുമാണ് അപകടകാരണമായതെന്നാണ് ആരോപണം ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ മോര്‍ബിയിലെ തൂക്കുപാലം തകര്‍ന്ന് 144 പേര്‍ മരിച്ചത്. ഇതില്‍ 47 കുട്ടികളും ഉള്‍പ്പെടുന്നു.

കരാര്‍ നല്‍കിയതില്‍ അഴിമതിപാലം നവീകരിച്ച ഗുജറാത്ത് ആസ്ഥാനമായുള്ള ഒറിവ ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ടെന്‍ഡര്‍ നല്‍കിയതായുള്ള യാതൊരു രേഖകളും കോണ്‍ട്രാക്റ്റ് ഡോക്യുമെന്റില്‍ ഇല്ലെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലോക്കുകളുടേയും ഇലക്‌ട്രിക് ഉത്പന്നങ്ങളുടേയും നിര്‍മ്മാതാക്കളാണ് ഒറിവ ഗ്രൂപ്പ്. നിര്‍മ്മാണ മേഖലയില്‍ മുന്‍ പരിചയമില്ലാത്ത കമ്ബനി അറ്റകുറ്റപണികളില്‍ പിഴവ് വരുത്തി. പണികള്‍ക്ക് ശേഷവും പാലത്തിലെ വയറുകള്‍ പലതും മാറ്റാതെ വെച്ച നിലയിലായിരുന്നു.

 അമിത ഭാരവും അപകടത്തിന് കാരണമായിട്ടുണ്ടെന്ന്

അമിത ഭാരവും അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് ഗുജറാത്ത് ഫോറന്‍സിക് ലാബോട്ടറി പറയുന്നത്. 20 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള പാലത്തില്‍ അപകട സമയത്ത് 400 ന് മുകളില്‍ പേരായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല പാലത്തില്‍ കയറിയവര്‍ പാലത്തിന് മുകളില്‍ വെച്ച്‌ ചാടുന്നതും കമ്ബികള്‍ പിടിച്ച്‌ തൂങ്ങുന്നതും ആടുന്നതുമായുള്ള ദൃശ്യങ്ങളെല്ലാം പുറത്തുവന്നിരുന്നു. ദൃക്സാക്ഷികളും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പാലത്തിന്റെ കേബിളുകള്‍ എല്ലാം പൊട്ടിയ നിലയിലാണ്. ഭാരമുള്ള കട്ടിംഗ് ടൂളുകള്‍ ഉപയോഗിച്ച്‌ പാലത്തിന്റെ ലോഹ സാമ്ബിളുകള്‍ ഫോറന്‍സിക് സംഘം വിശകലനത്തിനായി ശേഖരിച്ചിട്ടുണ്ട്.

 ഔട്ട്സോഴ്സ് ചെയ്തതായി റിപ്പോര്‍ട്ട്

അതേസമയം പാലം തുറക്കുന്നത് സംബന്ധിച്ച്‌ ഒറിവ ഗ്രൂപ്പ് തങ്ങളെ വിവരം അറിയിച്ചിരുന്നില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നു. സുരക്ഷാ സര്‍ട്ടിഫിക്കറ്റും കമ്ബനി നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനോട് കമ്ബനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം പാലത്തിന്റെ അറ്റകുറ്റപണികളില്‍ ചിലത് ഒറിവ കമ്ബനി മറ്റൊരു നിര്‍മ്മാണ കമ്ബനിയായ ദേവപ്രകാശ് സൊല്യൂഷന്‍സിന് ഔട്ട്സോഴ്സ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

 പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍

രണ്ട് കോടി ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതെന്നും 10 വര്‍ഷത്തേക്ക് പാലത്തിന് യാതൊരു കുഴപ്പവും സംഭവിക്കില്ലെന്നും ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ഒറിവ മാനേജിംഗ് ഡയറക്ടര്‍ ജയ്സുഖ് ഭായ് പട്ടേല്‍ പറഞ്ഞിരുന്നു. അതേസമയം അമിത ഭാരമാണ് അപകടത്തിന് കാരണമായതെന്നാണ് ഇപ്പോള്‍ കമ്ബനിയുടെ വിശദീകരണം.

 9 പേരെ അറസ്റ്റ് ചെയ്തു

അതേസമയം സംഭവത്തില്‍ ഒറിവ മാനേജര്‍, ടിക്കറ്റ് കളക്ടര്‍മാര്‍, പാലം റിപ്പയര്‍ കോണ്‍ട്രാക്ടര്‍മാര്‍,സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവര്‍ ഉള്‍പ്പെടെ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം നദിയില്‍ വീണവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. നൂറോളം മൃതദേഹങ്ങള്‍ ചെളിയില്‍ കുടുങ്ങി കിടക്കുന്നുണ്ടാകാമെന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളമില്ലാത്ത ഭാഗത്തേക്ക് വീണാണ് പാലത്തിന്റെ രണ്ടറ്റത്തും ഉണ്ടായിരുന്നവര്‍ മരിച്ചത്. നടുവില്‍ ഉണ്ടായിരുന്നവരാണ് പുഴയിലേക്ക് വീണത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും കര-നാവിക-വ്യോമസേനകളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 ബ്രിട്ടീഷുകാരുടെ കാലത്ത്

ബ്രിട്ടീഷുകാരുടെ കാലത്ത് 1877 ലാണ് മോര്‍ബി പാലം പണി കഴിപ്പിചത്. അറ്റകുറ്റപണികള്‍ക്കായി ഏഴ് മാസത്തോളം അടച്ചിട്ട പാലം ഗുജറാത്ത് പുതുവത്സര ദിനം പ്രമാണിച്ച്‌ ഒക്ടോബര്‍ 26 ന് ആയിരുന്നു തുറന്ന് കൊടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാലത്തിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular