Wednesday, May 22, 2024
HomeIndia'അവിശ്വാസിയായതിനാല്‍ ശരീഅത്ത് ബാധകമല്ലെന്ന് പ്രഖ്യാപിക്കണം'; മുസ്ലീം വനിത സുപ്രീം കോടതിയില്‍

‘അവിശ്വാസിയായതിനാല്‍ ശരീഅത്ത് ബാധകമല്ലെന്ന് പ്രഖ്യാപിക്കണം’; മുസ്ലീം വനിത സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: താൻ അവിശ്വാസിയായതിനാല്‍ തനിയ്ക്ക് ശരീയത്ത് നിയമം ബാധകമല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മലയാളിയായ മുസ്ലീം വനിത സുപ്രീം കോടതിയില്‍.
സ്ത്രീ വിരുദ്ധമായതിനാല്‍ ശരീയത്ത് നിയമം അനുസരിച്ച്‌ ജീവിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ 50കാരിയായ സഫിയ പിഎം, അവര്‍ ഇസ്ലാം മതം അനുസരിച്ച്‌ ജീവിക്കാത്തയാളായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. 1925-ലെ മതേതര നിയമപ്രകാരമം അനന്തരാവകാശം ലഭ്യമാക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ കോടതി അനുവദിക്കണമെന്നും ഹര്‍ജിയില്‍ സഫിയ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ക്കിടയില്‍ പിന്തുടര്‍ച്ചാവകാശം വിശദമാക്കുന്ന രണ്ട് സെക്ഷനുകളാണ് ശരീയത്ത് നിയമത്തിലുള്ളത്.

1937-ലെ മുസ്ലിം വ്യക്തിഗതനിയമം (ശരിയത്ത്) അപേക്ഷാ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം മുസ്ലീം സമുദായത്തിലെ ഒരു അംഗം അവന്റെ/അവളുടെ കുടുംബസ്വത്തിന്റെ വില്‍പത്രങ്ങളിലൂടെയോ പരമ്ബാഗതമായ സ്വത്തിന്റെയോ ഗുണഭോക്താവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ അയാള്‍ ഇസ്ലാം മതാചാരപ്രകാരമാണ് ജീവിക്കുന്നത് എന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്. 1937-ലെ നിയമം അനുസരിച്ച്‌ ഒസ്യത്ത് എഴുതാതെ മരിച്ച വ്യക്തിയുടെ വസ്തുവകകള്‍ അനന്തരാവകാശികള്‍ക്ക് ലഭിക്കുന്ന രീതിയും മുസ്ലീം സമുദായത്തില്‍ പിന്തുടരുന്നുണ്ട്. എങ്കിലും തന്റെ കുടുംബത്തിന്റെ ആകെയുള്ള സ്വത്തില്‍ മൂന്നിലൊരു ഭാഗത്തിന് മാത്രമേ മുസ്ലീം സ്ത്രീക്ക് അവകാശമുള്ളൂ.

അതേസമയം, മാതാപിതാക്കള്‍ക്ക് ഒരു പെണ്‍കുട്ടി മാത്രമാണ് മക്കളായിട്ടുള്ളതെങ്കില്‍ മാതാപിതാക്കളുടെ സ്വത്തില്‍ 50 ശതമാനം മാത്രമാണ് മകള്‍ക്ക് ലഭിക്കുക. ശേഷിക്കുന്ന 50 ശതമാനത്തിന് അര്‍ഹത കുടുംബത്തിലെ പുരുഷനായ ഒരു അംഗത്തിനായിരിക്കും. സാധാരണ അമ്മയുടെ സഹോദരനാണ് ഇതില്‍ ആദ്യ പരിഗണന. ശേഷം പിതാവിന്റെ സഹോദരനും സഹോദരിമാര്‍ക്കുമാണ് ലഭിക്കുക. എക്‌സ്-മുസ്ലീംസ് ഓഫ് കേരള എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ യുഎ മുഹമ്മദാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സമുദായത്തിലെ സ്ത്രീകളോട് ശരീയത്ത് നിയമം വിവേചനപരമായാണ് ഇടപെടുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ ശരിയത്ത് നിയമത്തിലെ 2,3 സെക്ഷനുകളില്‍ വിവരിക്കുന്ന ഒരു കാര്യവും അനുസരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും താന്‍ ഒരു അവിശ്വാസിയായ മുസ്ലീം ആണെന്ന് പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇങ്ങനെ പ്രഖ്യാപിച്ചാല്‍ പിതാവിന്റെ സ്വത്തില്‍ മകളുടെ അനന്തരാവകാശം നഷ്ടപ്പെടുത്തുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ ചൂണ്ടിക്കാട്ടി. അതിന് പുറമെ ഹര്‍ജിക്കാരിയുടെ ഏക മകള്‍ക്ക് അവരുടെ സ്വത്തിന്റെ ഏക അനന്തരാവകാശിയെന്ന അവകാശവും നിഷേധിക്കപ്പെടും. 1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം ഒരു മതേതര നിയമം ആണെങ്കിലും സെക്ഷന്‍ 58 ഇന്ത്യയിലെ മുസ്ലിങ്ങളെ അതില്‍ നിന്ന് ഒഴിവാക്കുന്നു. ”ഹര്‍ജിക്കാരി തന്റെ സ്വത്ത് മുഴുവന്‍ തന്റെ ഏക മകള്‍ക്ക് ഇഷ്ടദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതേസമയം, ശരിയത്ത് നിയമപ്രകാരം ഈ സ്വത്തില്‍ 50 ശതമാനം മാത്രമേ മകള്‍ക്ക് ലഭിക്കുകയുള്ളൂ,” അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതിനാല്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാ അവകാശം പ്രകാരം തന്റെ സ്വത്ത് ദാനം ചെയ്യാനാണ് ഹര്‍ജിക്കാരി ഇഷ്ടപ്പെടുന്നത്. ഇത് പ്രകാരം ഹര്‍ജിക്കാരി മരിക്കുമ്ബോള്‍ അവരുടെ മുഴുവന്‍ സ്വത്തും മകള്‍ക്ക് ലഭിക്കും, അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുഹമ്മദിന്റെ ഹര്‍ജി പരിഗണിച്ചത്. തുടക്കത്തില്‍ അവരുടെ അപേക്ഷ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിമുഖത കാട്ടിയിരുന്നു. പിന്നീട്, തന്റെ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള മുഹമ്മദിന്റെ മൗലികാവകാശത്തെക്കുറിച്ചുള്ള വാദം പരിശോധിക്കാന്‍ ബെഞ്ച് സമ്മതിക്കുകയും വിഷയത്തില്‍ ജഡ്ജിമാരെ സഹായിക്കുന്ന ഒരു നിയമ ഉദ്യോഗസ്ഥനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയോട് ആവശ്യപ്പെടുകയും ചെയ്തു.

ജൂലൈ രണ്ടാമത്തെ ആഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. ”നിങ്ങള്‍ മുസ്ലീമായി ജനിച്ച നിമിഷം മുതല്‍ നിങ്ങളെ നിയന്ത്രിക്കുന്നത് വ്യക്തിനിയമമാണ്. നിങ്ങളുടെ അവകാശങ്ങള്‍ വിശ്വാസിയോ അവിശ്വാസിയോ ആയതുകൊണ്ട് നിയന്ത്രിക്കപ്പെടുന്നില്ല,” അഭിഭാഷകനോട് ബെഞ്ച് പറഞ്ഞു. നിയമപരമായ വ്യവസ്ഥകളൊന്നും എതിര്‍ക്കപ്പെടാത്തപ്പോള്‍, വ്യക്തിനിയമം ബാധകമല്ലെന്ന് എങ്ങനെ പ്രഖ്യാപനം നല്‍കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. തന്റെ കക്ഷിയുടെ പിതാവും അവിശ്വാസിയാണെന്നും എങ്കിലും പിതാവിന്റെ ആകെയുള്ള സ്വത്തില്‍ മൂന്നില്‍ രണ്ടുഭാഗത്തിനും ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ഹര്‍ജിക്കാരിയുടെ സഹോദരനാണ് അവകാശിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സഹോദരന്റെ പേരിലുള്ള സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുമതിയില്ലാതെ വരുമ്ബോള്‍ അത് ഉപയോഗശൂന്യമായി പോകുമെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, ഒരു പൗരന്‍ അവിശ്വാസിയാണെന്ന് പ്രഖ്യാപിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയ്ക്ക് തിരുപ്പത്തൂര്‍ സര്‍ക്കിള്‍ ആന്‍ഡ് സിറ്റി തഹസില്‍ദാരില്‍ നിന്ന് അവിശ്വാസിയാണെന്ന് പ്രഖ്യാപിച്ച്‌ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സംഭവം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular