Friday, May 3, 2024
HomeIndiaസൈക്കിള്‍ ഇനി കെഎസ്ആര്‍ടിസി ബസില്‍ കൊണ്ട് പോകാം; ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കും; ഗതാഗത മന്ത്രി

സൈക്കിള്‍ ഇനി കെഎസ്ആര്‍ടിസി ബസില്‍ കൊണ്ട് പോകാം; ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി  ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോൾവോ, സ്കാനിയ ബസുകളിലും ഇ -സ്കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ കയറ്റാം. യാത്രക്കാരുടെ കൂടെ ഇവ കൊണ്ടുപോകാൻ  സൗകര്യമൊരുക്കുമെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. ദീർഘദൂരയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും നിരന്തരം ആവശ്യം പരിഗണിച്ചാണ് നടപടി

നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസ്സിൽ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര  വാഹനത്തിൽ തുടർ യാത്ര സാധിക്കും. നവംബർ ഒന്നു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന്  മന്ത്രി പറഞ്ഞു. അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ  യാത്രക്ക്  പ്രേരിപ്പിക്കുക  എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും  സൈക്കിൾ സഞ്ചാരം  പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് മന്ത്രി ആന്റണി രാജു  പറഞ്ഞു.

ടിക്കറ്റ് നിരക്ക് എത്രയെന്ന് കെഎസ്ആർടിസി അധികൃതർ ചർച്ചചെയ്ത് തീരുമാനിക്കും. വാഹനങ്ങളുടെ ഭാരം, സഞ്ചരിക്കുന്ന ദൂരം എന്നിവ കണക്കാക്കിയാകും നിരക്ക് നിശ്ചയിക്കുക. ബസിന്റെ പുറകിലും, മുന്നിലും സൈക്കിൾ ഘടിപ്പിക്കാനുള്ള സൗകര്യവും ഒരുക്കും. സൈക്കിൾ കയറ്റാൻ വാതിലുകളിലും ക്രമീകരണം ഒരുക്കും. ബസിന് അകത്ത് പിറകിലായും പ്രത്യേക ക്രമീകരണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കോവിഡിനെ തുടർന്ന് കെഎസ്ആർടിസി ടിക്കറ്റ് നിരക്കിൽ നൽകിയിരുന്ന ഇളവുകൾ പിൻവലിക്കുന്നു. അടുത്തമാസം 1 മുതൽ പഴയ നിരക്ക് ഈടാക്കും. സൂപ്പർ ഫാസ്റ്റ് സർവ്വീസുകൾക്ക് നൽകിയിരുന്ന ഇളവാണ് പിൻവലിക്കുന്നത്. യാത്രക്കാർ കുറവായിരുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറവുണ്ടായിരുന്നത്.

ഇത് പഴയ നിരക്കിലേയ്ക്ക് ഉയർത്തും. സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ്, മിന്നൽ, ചില്ല്, വോൾവൊ ബസുകൾക്കും ഈ ദിവസങ്ങളിൽ ഇളവ് ലഭിച്ചിരുന്നു. യാത്രക്കാർ കുറവായിരുന്ന ദിവസങ്ങളിൽ യാത്രക്കാരെ ആകർഷിക്കാനായിരുന്നു കെഎസ്ആർടിസി ഇളവുകൾ പ്രഖ്യാപിച്ചത്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ദീർഘദൂര സർവ്വീസുകളുടെ കൂടിയ നിരക്കും, ബോണ്ട് സർവ്വീസിലെ ടിക്കറ്റ് നിരക്കും ഏകീകരിക്കും. കെഎസ്ആർടിസി സാധാരണ സർവ്വീസുകളിലേയ്ക്ക് തിരികെ പോകുന്നതിനാലാണ് ഇളവുകൾ പൂർണമായും പിൻവലിക്കുന്നത്. ആവശ്യക്കാർ ഉണ്ടെങ്കിൽ ചില റൂട്ടുകളിൽ ബോണ്ട് സർവ്വീസ് നിലനിർത്തും. സ്കൂളുകൾക്ക് വേണ്ടി ബോണ്ട് സർവ്വീസ് നടത്താനും ആലോചനയുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് 5 നാണ് വിദ്യാഭ്യാസ മന്ത്രിയുമായുള്ള യോഗംബസ് ഓൺ ഡിമാന്റ് സർവ്വീസുകൾക്ക് പുറമെ വിദ്യാർഥികൾക്കുള്ള കൺസെഷൻ തുകയും ഈ യോഗത്തിൽ നിശ്ചയിക്കും. കൺസെഷൻ ഏത് രീതിയിലാണ് നടപ്പാക്കേണ്ടത് എന്നത് ചർച്ച ചെയ്യും. മുൻപ് ഉണ്ടായിരുന്നത് പോലെ കൺസെഷൻ കാർഡ് നൽകണമൊ, ഐഡി കാർഡ് പരിശോധിച്ച് കുറഞ്ഞ ടിക്കറ്റ് നൽകണമൊ എന്നതാകും പ്രധാന ചർച്ച.

ബസ് ചാർജ് വർദ്ധനവും, കൺസഷൻ നിരക്ക് വർദ്ധനവും വേണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ. അതിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. കോവിഡ് ആയതിനാലാണ് ശുപാർശകൾ നടപ്പാക്കാത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular