Friday, April 26, 2024
HomeKeralaഒന്‍പതു വര്‍ഷത്തിനു ശേഷം യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ഭര്‍ത്താവിെന്‍റ കൈയിലെ പൊള്ളല്‍ വഴിത്തിരിവായി

ഒന്‍പതു വര്‍ഷത്തിനു ശേഷം യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ഭര്‍ത്താവിെന്‍റ കൈയിലെ പൊള്ളല്‍ വഴിത്തിരിവായി

തിരുവനന്തപുരം: യുവതിയുടെ മരണം ഒന്‍പതു കൊല്ലത്തിനു ശേഷം കൊലപാതകമെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് അറസ്റ്റിലായി.

നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസില്‍ അശ്വതി(23)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭര്‍ത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

നേമത്തെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. കുടുംബകലഹമാണ് കാരണമെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. എന്നാല്‍, അശ്വതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

പഴയ അസ്വാഭാവിക മരണങ്ങളുടെ ഫയലുകള്‍ വീണ്ടും പരിശോധിക്കുന്നതിനിടെയാണ് അശ്വതിയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചില സംശയങ്ങള്‍ വന്നത്. ഭര്‍ത്താവ് രതീഷിന്റെ കൈയിലുണ്ടായിരുന്ന ഒരു പൊള്ളലിന്റെ പാടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കച്ചിത്തുരുമ്ബായത്. കത്തിക്കരിഞ്ഞ അശ്വതിയുടെ ശരീരത്തില്‍ പിടിച്ചതിലൂടെയാണ് പൊള്ളലേറ്റതെന്നാണ് രതീഷ് പറഞ്ഞത്. എന്നാല്‍, ഇതു വിശ്വസിക്കാന്‍ പൊലീസ് തയ്യാറായില്ല. അങ്ങനെയെങ്കില്‍ കൈയുടെ അകം ഭാഗത്തേ പൊള്ളലുണ്ടാകൂവെന്നും പുറംഭാഗത്ത് പൊള്ളലുണ്ടാകില്ലെന്നും പൊലീസ് വിലയിരുത്തി. തുടര്‍ന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകളിലേക്കു നീങ്ങുകയായിരുന്നു.

അശ്വതിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരെ കണ്ട് അന്വേഷണസംഘം വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു. സംഭവം എങ്ങനെയാണ് നടന്നതെന്ന് പുന:സൃഷ്ടിച്ചാല്‍ മാത്രമേ പൊള്ളലേറ്റത് സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്താനാകൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് ഇതിനായി ഡോക്ടര്‍മാരുടെ ഒരു സംഘത്തെ നിയോഗിക്കുകയും അവര്‍ സംഭവം പുന:സൃഷ്ടിച്ച്‌ പരിശോധനകള്‍ നടത്തുകയും ചെയ്തു. അശ്വതിയുടെ മരണം ആത്മഹത്യയല്ലെന്നും മറ്റൊരാള്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചതാണെന്നും ഡോക്ടര്‍മാരുടെ വിലയിരുത്തലുണ്ടായി.

അശ്വതിയും രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടില്‍ മറ്റാരും വന്നിട്ടില്ലെന്നും അന്വേഷണസംഘം മനസ്സിലാക്കി. ഇതിനിടെ രതീഷിനെ നുണപരിശോധന നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനു സമ്മതിച്ചിരുന്നില്ല. കൂടുതല്‍ ചോദ്യംചെയ്യലില്‍ അശ്വതിയുടെ ദേഹത്ത് താന്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് രതീഷിനെ അറസ്റ്റുചെയ്തത്.

പൂഴിക്കുന്നില്‍ ഓട്ടോ ഡ്രൈവറായിരുന്ന രതീഷും അശ്വതിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും തമ്മില്‍ കലഹവും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രതീഷ് അശ്വതിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തിലും സംഘവുമാണ് കേസ് അന്വേഷിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular