Sunday, May 19, 2024
HomeIndiaബി ജെ പിയുടെ അമേരിക്കയിലെ പ്രവർത്തനം കൂടുതൽ സൂക്ഷ്മമായ നിരീക്ഷണത്തിൽ

ബി ജെ പിയുടെ അമേരിക്കയിലെ പ്രവർത്തനം കൂടുതൽ സൂക്ഷ്മമായ നിരീക്ഷണത്തിൽ

ഇന്ത്യൻ പ്രധാനമന്ത്രിയോട് അടുപ്പമുണ്ടെന്നവകാശപ്പെട്ടു അമേരിക്കയിൽ പ്രവാസികളുടെ റാലികളും മറ്റും സംഘടിപ്പിക്കയും നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗങ്ങളെ അവതരിപ്പിക്കയും ചെയ്യുന്ന ചില വ്യക്തികൾ അന്വേഷണം നേരിടുന്നു. യുഎസ് നീതിന്യായ വകുപ്പിൽ (ഡി ഓ ജെ) ഫോറിൻ ഏജന്റ് റജിസ്ട്രേഷൻ ആക്ട് (ഫറ) നടപ്പാക്കുന്ന നാഷനൽ സെക്യൂരിറ്റി ഡിവിഷനാണു അന്വേഷണം നടത്തുന്നത്.

ഫറ വിഭാഗം ഈ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. അങ്ങിനെ സ്ഥിരീകരണം നൽകുന്ന രീതിയില്ലെന്നു അവർ വ്യക്തമാക്കി.

2020 ഓഗസ്റ്റിൽ ഇന്ത്യൻ അമേരിക്കൻ പൗരന്മാർ രൂപം നൽകിയ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പി–യുഎസ്എ ആണ് ആദ്യം ഫറ അനുസരിച്ചു റജിസ്റ്റർ ചെയ്യാൻ നിർബന്ധിതരായത്.  അതിന്റെ മൂന്ന് ഇന്ത്യൻ അമേരിക്കൻ ഭാരവാഹികളിൽ ഒരാൾ സെപ്റ്റംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോടൊപ്പം വാഷിംഗ്‌ടണിൽ വേദി പങ്കിട്ടു.

ന്യൂ ജേഴ്സിയിൽ സ്വാതന്ത്ര്യ ദിന റാലിയിൽ ബുൾഡോസർ ഉപയോഗിച്ചതിനു വിവാദത്തിൽ പെട്ടു നിൽക്കയായിരുന്നു സംഘടന അന്ന്. ഇന്ത്യയിൽ ന്യൂനപക്ഷ പീഡനത്തിന്റെ പ്രതീകമാണ് ബുൾഡോസർ. ഇന്ത്യയിൽ ബി ജെ പി യാണ് തങ്ങൾക്കു ബന്ധമുള്ള വിദേശ സംഘടന എന്ന് അവകാശപ്പെട്ട സംഘടന പാർട്ടിയുടെ ഇന്ത്യയിലെ വിലാസം നൽകിയത് ഇങ്ങിനെ: 6 എ, പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ് മാര്ഗ, ന്യൂ ഡൽഹി, ഇന്ത്യ, 110002.

വിദേശകാര്യ വകുപ്പിൽ ചുമതലയുള്ള ബി ജെ പി നേതാവ് വിജയ് ചൗതൈവാലെയുമായാണ് ബന്ധപ്പെടുന്നതെന്നു സംഘടന അവകാശപ്പെട്ടു. സ്വന്തമായ നിലയ്ക്ക് ബന്ധം പുലർത്തുന്നതിനു പ്രതിഫലമൊന്നും ഇല്ല. യുഎസിലെ സംഘടനകൾ വഴി ഇന്ത്യയെ കുറിച്ച് കൃത്യവും വ്യക്തവുമായ ധാരണകൾ നൽകുകയും ബി ജെ പി യെ യുഎസിൽ വളർത്താൻ സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രവർത്തനമെന്നും സംഘടന പറഞ്ഞു.

ജൂലൈയിൽ ഫറ നിയമം അനുസരിച്ചു  റജിസ്റ്റർ  ചെയ്യാൻ ശ്രമിച്ച എത്തോസ്‌ (ഭാരതി) ഫൗണ്ടേഷന്റെ ഭാരവാഹികൾ ഇന്ത്യൻ അമേരിക്കൻ പൗരന്മാരാണ്. അവർ ബി ജെ പിയുടെ ഔദ്യോഗിക വക്താവായി ചൂണ്ടിക്കാട്ടുന്നത് ഒരു കിഷോർ പൊറെഡ്ഢിയെ ആണ്. ബി ജെ പി യുടെ മേൽവിലാസം നൽകിയിരിക്കുന്നത് ഇങ്ങിനെ: നമ്പള്ളി, ഹൈദരാബാദ്, തെലുങ്കാന.

ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ടു അവർക്കു മാതൃരാജ്യത്തെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അവർ അവകാശപ്പെടുന്നു. ബി ജെ പിയിൽ ഇന്ത്യൻ പ്രവാസികൾക്കു വിശ്വാസം ഉണ്ടാക്കി ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ അവരുടെ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.

വിദേശ സർക്കാരുകൾക്ക് യുഎസിൽ സംഘടനകൾ വഴി പ്രവർത്തിക്കാൻ വിലക്കൊന്നുമില്ല. എന്നാൽ അവർ ഡി ഓ ജെയിൽ റജിസ്റ്റർ ചെയ്യണം. മൂന്നു മാസം കൂടുമ്പോൾ പ്രവർത്തങ്ങൾ കുറിച്ചും പിരിക്കുന്ന പണത്തെ കുറിച്ചും റിപ്പോർട്ട് നൽകുകയും വേണം.

ബി ജി ആർ ഗവൺമെന്റ് അഫെയേഴ്സ് എന്ന സംഘടനയെ വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസി നിയോഗിച്ചതാണ്. അക്കാര്യം റജിസ്‌ട്രേഷനിൽ തന്നെ പറയുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയോട് ചായ്‌വുള്ള അവർ ഇന്ത്യൻ സർക്കാരിൽ നിന്ന് 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള ആറു മാസത്തേക്ക് $300,000 ഡോളറാണ് വാങ്ങുന്നത്.

അമേരിക്കയിൽ പി ആർ ജോലികൾ ചെയ്യുക, യുഎസ് മാധ്യങ്ങളെയും സർക്കാർ നേതാക്കളെയും സർക്കാരേതര നേതാക്കളെയും എത്തിപ്പിടിക്കുക തുടങ്ങിയ കാര്യങ്ങളാണ് അവരെ ഏൽപിച്ചിട്ടുള്ളത്.

ബി ജെ പി യെയും മോദി സർക്കാരിനെയും യുഎസ് കൂടുതൽ സൂക്ഷ്മ നിരീക്ഷണത്തിൽ ആക്കുന്നത് ഇന്ത്യൻ അമേരിക്കൻ പൗരന്മാരെ അസ്വസ്ഥരാക്കുന്നുണ്ട്‌.

ഇന്ത്യൻ വലതുപക്ഷ രാഷ്ട്രീയത്തിനു യുഎസിൽ കൂടുതൽ വ്യക്തമായ സ്വാധീനം ഉണ്ടാവുന്നതിനെ കുറിച്ച് എഫ് ബി ഐയും സി ഐ എയും ഉൾപ്പെടെയുള്ള ഏജൻസികളെ കൊണ്ട് അന്വേഷണം നടത്തണമെന്നു മുസ്ലിം-ആഫ്രിക്കൻ അമേരിക്കൻ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Modi and BJP come under increased scrutiny in US

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular