Friday, May 3, 2024
HomeIndiaഉമര്‍ ഖാലിദിന് കര്‍ശന ജാമ്യവ്യവസ്ഥകള്‍; വീടിന് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ദിവസവും വിഡിയോ കാള്‍...

ഉമര്‍ ഖാലിദിന് കര്‍ശന ജാമ്യവ്യവസ്ഥകള്‍; വീടിന് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ദിവസവും വിഡിയോ കാള്‍ ചെയ്യണം

ന്യൂഡല്‍ഹി: പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയതിന്‍റെ പേരില്‍ കലാപ ഗൂഢാലോചനാ കേസില്‍പ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥിനേതാവ് ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയത് കര്‍ശന ഉപാധികളോടെ.

വീടിന് പുറത്തേക്കിറങ്ങരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ഉമര്‍ ഖാലിദിന് ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 23 മുതല്‍ 30 വരെയാണ് ജാമ്യ കാലയളവ്.

മാധ്യമങ്ങളോട് സംസാരിക്കുകയോ അഭിമുഖം നല്‍കുകയോ ചെയ്യരുത്. സമൂഹമാധ്യമങ്ങളിലും ഇത് പാടില്ലെന്ന് കോടതി പ്രത്യേകം പറഞ്ഞു. പൊതുജനങ്ങളെ കാണരുത്. കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, വിവാഹത്തിനെത്തുന്ന സുഹൃത്തുക്കള്‍ എന്നിവരെ കാണാം. അതേസമയം, ജാമ്യകാലയളവില്‍ വീട്ടില്‍ തന്നെ തുടരണം. പുറത്തിറങ്ങരുത്. വിവാഹ ചടങ്ങിന് വേണ്ടി മാത്രം മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് പോകാം.

പൊലീസ് ഉമര്‍ ഖാലിദിന്‍റെ വീടിന് പുറത്തുണ്ടാകണമെന്നും എന്നാല്‍ വീട്ടിനകത്തേക്ക് കടക്കരുതെന്നും കോടതി വ്യക്തമാക്കി. എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനെ വിഡിയോ കോള്‍ ചെയ്യണം. കേസിലെ സാക്ഷികളുമായി കാണുകയോ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തുകയോ ചെയ്യരുത് -കോടതി വ്യക്തമാക്കി.

ഡല്‍ഹി വംശഹത്യയിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച്‌ 2020 സെപ്റ്റംബര്‍ 13നാണ് ഉമര്‍ഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതല്‍ ജയിലില്‍ കഴിയുകയായിരുന്നു. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular