Friday, May 3, 2024
HomeIndiaകോവിഡ്: മറ്റാര്‍ക്കുമില്ലാത്ത നിയന്ത്രണം ഭാരത് ജോഡോ യാത്രക്ക് മാത്രം എന്തിനെന്ന് കോണ്‍ഗ്രസ്

കോവിഡ്: മറ്റാര്‍ക്കുമില്ലാത്ത നിയന്ത്രണം ഭാരത് ജോഡോ യാത്രക്ക് മാത്രം എന്തിനെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനായില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തണമെന്ന കേന്ദ്രമന്ത്രിയുടെ കത്തിനെതിരെ കോണ്‍ഗ്രസ്.

മറ്റാര്‍ക്കുമില്ലാത്ത നിയന്ത്രണം ഭാരത് ജോഡോ യാത്രക്ക് മാത്രം എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.

‘ഭാരത് ജോഡോ യാത്രയെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇഷ്ടപ്പെടുന്നില്ല. നിലവില്‍ രാജ്യത്ത് മാസ്ക് നിര്‍ബന്ധമല്ല. കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായും അനുസരിക്കും. നിലവിലെ വിഷയങ്ങളില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രിയെ ബി.ജെ.പി നിയോഗിച്ചിരിക്കുകയാണ്’ -കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും കത്തയച്ചത്. മാസ്കും സാനിറ്റൈസറും ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ചില്ലെങ്കില്‍ ദേശീയ താല്‍പര്യം കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാണ് കത്തിലെ ആവശ്യം.

യാത്രയില്‍ വാക്സിനേഷന്‍ എടുത്ത ആളുകള്‍ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കുക, മാസ്ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുക, യാത്രയില്‍ പങ്കെടുക്കുന്നതിനു മുന്‍പ് ആളുകളെ സമ്ബര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുക, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക എന്നിവയാണ് കത്തില്‍ ആവശ്യപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular