Friday, May 17, 2024
HomeUSAകത്തി ജ്വലിച്ചു നിൽക്കെ എന്തിനു ജസിന്ത ആർഡെൺ രാജി വച്ചു

കത്തി ജ്വലിച്ചു നിൽക്കെ എന്തിനു ജസിന്ത ആർഡെൺ രാജി വച്ചു

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡെൺ രാജി വയ്ക്കുന്നു എന്നു പ്രഖ്യാപിച്ചപ്പോൾ ഞെട്ടിയത് ലോകമാണ്. 42 വയസിൽ സമ്പൽസമൃദ്ധമായ രാജ്യത്തിൻറെ ഭരണം മുന്നോട്ടു കൊണ്ടുപോകാനുള്ള ഊർജം തനിക്കില്ലെന്നു ആറു വർഷം ഉജ്വലമായ ഭരണം കാഴ്ച വച്ചു ലോകമെമ്പാടും ആരാധകരെ നേടിയ നേതാവ് പറയുമ്പോൾ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടു തോന്നും.

ഭരണ ലേബർ കക്ഷിയുടെ യോഗത്തിൽ രാജി പ്രഖ്യാപിക്കുമ്പോൾ ആർഡെൺ പറഞ്ഞത്: “ഇത്രയും മഹത്തായ ജോലിയോടൊപ്പം ഉത്തരവാദിത്തവും വരുന്നു. ഈ ജോലി ആവശ്യപ്പെടുന്ന വെല്ലുവിളി എനിക്കറിയാം. ഇനി ഇത് വഹിക്കാനുള്ള ഊർജം എനിക്കില്ലെന്നും ഞാൻ തിരിച്ചറിയുന്നു. അത്ര ലളിതം.”

ഒക്ടോബറിലാണ് ന്യൂസിലൻഡ് തിരഞ്ഞെടുപ്പിനു പോകേണ്ടത്. ഫെബ്രുവരി 7 നു രാജി വയ്ക്കുമെന്നാണ് ആർഡെൺ പറയുന്നത്. ഞായറാഴ്ച ലേബർ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കും.

ജോലി കഠിനമായതു കൊണ്ടല്ല താൻ പിരിയുന്നതെന്നു ആർഡെൺ പറയുന്നു. പിന്നെ എന്താണ് പ്രശ്‌നം.

വിലക്കയറ്റം സർക്കാരിനെതിരെ ആയുധമായി പ്രതിപക്ഷം ഉപയോഗിക്കുന്നതു കൊണ്ട് ഒക്ടോബറിലെ തിരഞ്ഞടുപ്പിൽ ലേബറിനു വെല്ലുവിളി ഉണ്ടാവാം എന്ന വസ്തുത നിഷേധിക്കാനാവില്ല. എന്നാൽ മറ്റൊരു രംഗത്തും ആർഡെൺ കടുത്ത വിമർശനം നേരിട്ടിട്ടില്ല. ഏതു ലോക നേതാവിനൊപ്പവും തലപ്പൊക്കമുള്ള വനിതയോടു രാജ്യത്തിന് ഏറെ ആദരവുമുണ്ട്.

അടുത്തയിടെ പക്ഷെ പാർലമെന്റിൽ വച്ച് അവർക്കൊന്നു നാവു പിഴച്ചു. അൽപം കടുത്തു പോയി പ്രതിപക്ഷ നേതാവിനെ കുറിച്ച് അവർ പറഞ്ഞത്. പലരും അതു കേട്ടതു മൈക്ക് ഓഫായിരുന്നില്ല എന്നത് കൊണ്ടാണ്.

പ്രതിപക്ഷ എ സി ടി പാർട്ടി നേതാവ് ഡേവിഡ് സെയ്‌മൂറിനെ കുറിച്ച് ആർഡെൺ ഉപപ്രധാനമന്ത്രിയോടു  പറഞ്ഞത് പച്ചയായ അശ്ലീലമാണ്. അഹങ്കാരി എന്ന വിശേഷണത്തോടൊപ്പം ചേർത്ത വാക്ക് വലിയ പ്രകോപനമായി. സെയ്‌മൂർ ഏഴു മിനിറ്റോളം അവരെ വെള്ളം കുടിപ്പിച്ചതാണ് ആ രോഷത്തിനു കാരണം.

സെയ്‌മൂറിനോട് അവർ മാപ്പു ചോദിച്ചു. അത് സ്വീകരിച്ചു പ്രതികരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ഞെട്ടിപ്പോയി. ആർഡെൺ ഒരിക്കലൂം അത്തരം ഭാഷ സംസാരിക്കുന്ന ആളല്ല. ഞാൻ അവരെ വർഷങ്ങളായി അറിയുന്നതാണ്.”

ആ വിവാദം പക്ഷെ അങ്ങിനെ കെട്ടടങ്ങുന്നതല്ല എന്നതാണ് പ്രതിപക്ഷ നിലപാട്. കോവിഡ് മഹാമാരിക്കാലത്തു സ്തുത്യർഹമായ നേതൃത്വം നൽകി ലോകത്തിന്റെ കൈയടി വാങ്ങിയ നേതാവിനെതിരെ എറിയാൻ ഒരു കല്ലെങ്കിൽ ഒരു കല്ല് എന്നതാണ് അവരുടെ നിലപാട്.

2017 ൽ പ്രധാനമന്ത്രി ആവുമ്പോൾ 37 വയസായിരുന്നു ആർഡെണു പ്രായം. അധികാരത്തിലിരിക്കെ അമ്മയായതും ചരിത്രമായി. ക്രൈസ്റ്റ്ചർച്ചിൽ മുസ്ലിം പള്ളിയിൽ കൂട്ടക്കൊല നടന്നപ്പോൾ ആ സമൂഹത്തിന്റെ കൂടെ ഉറച്ചു നിന്ന ആർഡെൺ മികച്ച നേതൃത്വ പാടവമാണ് പ്രകടിപ്പിച്ചത്.

പക്ഷെ മാന്യതയുടെ പരിവേഷം ചീന്തിപ്പോയ അശ്ലീലം അവർക്കു വിനയായി. രാജി തീരുമാനത്തിലേക്കു നയിച്ച ഘടകം അത് തന്നെയാവാം. പക്ഷെ അവിടെയും ജെസിന്ദാ ആർഡെൺ എന്ന നേതാവിന്റെ, വനിതയുടെ, കുടുംബിനിയുടെ മഹത്വം നമ്മൾ കാണുക. അധികാരത്തിൽ കെട്ടിത്തൂങ്ങി നില്ക്കാൻ ശ്രമിക്കാതെ മാന്യമായി ഇറങ്ങിപ്പോകാനാണ് അവരുടെ തീരുമാനം എന്നു കരുതണം.

ന്യൂസിലൻഡിന്റെ ഭരണം പുതിയൊരു നേതൃത്വത്തിലേക്കു മാറുമ്പോഴും ഇക്കഴിഞ്ഞ ആറു വർഷം നേതൃത്വത്തിൽ കണ്ട മികവ് മറ്റൊന്നായിരുന്നു എന്ന് ലോകത്തിനു ഓർക്കാം.

What forced New Zealand PM to quit

പി പി മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular