Friday, May 17, 2024
HomeIndiaയാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ, പൈലറ്റിന്റെ ലൈസന്‍സ്...

യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ, പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ യാത്രക്കാരിയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ).

സംഭവസമയം വിമാനത്തിന്റെ ഇന്‍- ചാര്‍ജ് ആയിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കൂടാതെ എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഇന്‍- ഫ്ളൈറ്റ് സര്‍വീസിന് മൂന്ന് ലക്ഷം രൂപയും പിഴ ചുമത്തി.

കഴിഞ്ഞ നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ എ ഐ-102 വിമാനത്തിലെ ബിസിനസ് ക്ളാസിലായിരുന്നു സംഭവം.

അതിക്രമം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ താമസം നേരിട്ടുവെന്നത് അംഗീകരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിഴ ചുമത്തിയതിന് പിന്നാലെ എയര്‍ ഇന്ത്യ പ്രതികരിച്ചു.

സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്ത്യ നാലുമാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കമ്ബനിയ്ക്ക് മേല്‍ ഡി ജി സി എയുടെ നടപടി.

നവംബറില്‍ നടന്ന സംഭവം ജനുവരി നാലിനാണ് ഡി ജി സി എയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

വിമാനത്തിലുണ്ടായ ദുരനുഭവം വ്യക്തമാക്കി നവംബര്‍ 27ന് പരാതിക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് എഴുതിയ കത്ത് ദേശീയമാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ ജനുവരി നാലിനാണ് എയര്‍ ഇന്ത്യ സംഭവത്തെക്കുറിച്ച്‌ പൊലീസില്‍ പരാതിപ്പെടുന്നത്.

ഇരുകൂട്ടരും പ്രശ്നം പരിഹരിച്ചു എന്ന് ചിന്തിച്ചാണ് പരാതിപ്പെടാതിരുന്നതെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം. സംഭവം നടന്ന് ആറ് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ശങ്കര്‍ മിശ്ര അറസ്റ്റിലായത്. എന്നാല്‍ ഇയാള്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. യാത്രക്കാരി സ്വയം മൂത്രമൊഴിക്കുകയായിരുന്നെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാലിത് യാത്രക്കാരി തള്ളിയിരുന്നു.

ജനുവരി ആറിന് ഡി ജി സി എ എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എയര്‍ ഇന്ത്യ ഇന്നാണ് ഇതിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഡി ജി സി എ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തുകയും പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular