Monday, May 20, 2024
HomeIndiaസന്ദേശ്ഖാലിയില്‍ ബിജെപിയെ വെട്ടിലാക്കി വെളിപ്പെടുത്തല്‍; ബലാത്സംഗ ആരോപണം നിഷേധിച്ച്‌ പരാതിക്കാരി

സന്ദേശ്ഖാലിയില്‍ ബിജെപിയെ വെട്ടിലാക്കി വെളിപ്പെടുത്തല്‍; ബലാത്സംഗ ആരോപണം നിഷേധിച്ച്‌ പരാതിക്കാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളിലും ബലാത്സംഗ ആരോപണങ്ങളിലും വഴിത്തിരിവ്. പരാതിക്കാരി ബലാത്സംഗ ആരോപണം നിഷേധിച്ചു.

ശൂന്യമായ വെള്ളക്കടലാസില്‍ തന്നെകൊണ്ട് ഒപ്പിടിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ബിജെപിയുമായി ബന്ധമുള്ളവരാണ് തന്നില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയതെന്നും പരാതിക്കാരി പറഞ്ഞു. തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പഴിചാരലിന് കൂടുതല്‍ ശക്തിപകർന്നിരിക്കുകയാണ് വിവാദ വെളിപ്പെടുത്തല്‍.

ദേശീയ വനിതാ കമ്മീഷനിലെ ഒരു സംഘം ഗ്രമത്തിലെത്തിയപ്പോള്‍ പിയാലി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ പരാതികള്‍ ചോദിച്ചറിഞ്ഞു. 100 ദിവസത്തെ തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഞങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് താൻ പറഞ്ഞത്. അവർ ശൂന്യമായ വെള്ളകടലാസില്‍ ഒപ്പിട്ടുവാങ്ങി. പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ ബലാത്സംഗം ചെയ്തതായി പരാതി ഉന്നയിച്ച സ്ത്രീകളില്‍ താനുമുള്ളതായി പിന്നീടാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തനിക്ക് കിട്ടാനുള്ള പണം മാത്രമാണ് ആവശ്യം. മറ്റ് പരാതികളൊന്നുമില്ല. ബലാത്സംഗം നടന്നിട്ടില്ല. യുവതി വ്യക്തമാക്കി.

പിയാലി സന്ദേശ്ഖാലിയെ അപകീർത്തിപ്പെടുത്തിയെന്ന് പരാതിക്കാരിയുടെ മരുമകള്‍ പറഞ്ഞു. ഇവിടെയുള്ള എല്ലാവരെക്കുറിച്ചും അവർക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന് ഞങ്ങള്‍ക്കറിയില്ല. തുടക്കത്തില്‍, അവർ ഇവിടെ പ്രതിഷേധത്തില്‍ പങ്കെടുക്കുമായിരുന്നു. പിന്നീടാണ് പിയാലി ബി.ജെ.പിയില്‍ നിന്നാണെന്നറിയുന്നത്. തങ്ങളോട് കള്ളം പറഞ്ഞതിനും കുടുക്കിയതിനും അവർ ശിക്ഷിക്കപ്പെടണമെന്നും ഇപ്പോള്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും യുവതിയും കുടുംബവും പറഞ്ഞു.

ഇതോടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഭരണകക്ഷിയെ അപകീർത്തിപ്പെടുത്താൻ ബിജെപി കഥകള്‍ പാകം ചെയ്യുകയാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപിക്കെതിരെ സംസാരിച്ചതിന് സന്ദേശ്ഖാലിയിലെ സ്ത്രീകളെ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂല്‍ എംപി സുസ്മിത ദേവ് ആരോപിച്ചു.

അതേസമയം തൃണമൂലിന്റെ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. ചോർന്ന പാലിൻ്റെ പേരില്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് തൃണമൂല്‍ മനസ്സിലാക്കണമെന്ന് പാർട്ടി വക്താവ് പ്രിയങ്ക ടിബ്രേവാള്‍ പറഞ്ഞു. എന്തിനാണ് അവർ രണ്ട് മൂന്ന് മാസം മൗനം ഭജിച്ചതെന്നും പ്രിയങ്ക ചോദിച്ചു. സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ കള്ളം പറയുകയായിരുന്നുവെന്നാണ് അവർ നേരത്തെ പറഞ്ഞത്. ഇപ്പോള്‍ അവരെകൊണ്ട് കള്ളം പറയിപ്പിച്ചുവെന്ന് പറയുന്നു. തീയില്ലാതെ പുകയുണ്ടാവില്ലെന്നും അവർ എൻഡിടിവിയോട് പറഞ്ഞു.

സന്ദേശ്ഖാലിയില്‍ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും നടന്നതെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഒരു പ്രാദേശിക ബിജെപി നേതാവ് സമ്മതിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിഡിയോ വ്യാജമാണെന്നും തന്റെ ശബ്ദം എഡിറ്റ് ചെയ്തുപയോഗിച്ചതാണെന്നും ആരോപിച്ച്‌ അദ്ദേഹം പരാതിയും നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular