Sunday, May 19, 2024
HomeGulfഓസ്ട്രിയയില്‍ നിന്ന് കാല്‍നടയായി ഹജ്ജിന് യാത്രതിരിച്ച്‌ ബോസ്നിയക്കാരന്‍

ഓസ്ട്രിയയില്‍ നിന്ന് കാല്‍നടയായി ഹജ്ജിന് യാത്രതിരിച്ച്‌ ബോസ്നിയക്കാരന്‍

വെല്‍സ് | ഓസ്ട്രിയന്‍ നഗരമായ വെല്‍സില്‍ നിന്ന് ഹജ്ജിനായി പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ച്‌ ബോസ്നിയക്കാരന്‍.

നവംബര്‍ 18 ന് ആരംഭിച്ച യാത്ര 6,600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച്‌ ജൂണ്‍ പകുതിയോടെ മക്കയിലെത്തിച്ചേരാണ് അന്‍വര്‍ ബെഗനോവിച്ച്‌ ലക്ഷ്യമിടുന്നത്.

വിശ്വസിക്കുന്ന മതത്തില്‍ നിന്ന് അകന്നുപോയതായി തോന്നി, ഏകാന്തത ആവശ്യമായിരുന്നു, ജീവിതം പുനര്‍വിചിന്തനത്തിന് വിധേയമാക്കിയതോടെയാണ് നീണ്ട യാത്രക്ക് പ്രേരിപ്പിച്ചതെന്നും 52 കാരനായ അന്‍വര്‍ പറഞ്ഞു. ഓസ്ട്രിയയില്‍ നിന്ന് സ്ലോവേനിയ, ക്രൊയേഷ്യ, ബോസ്നിയ, ഹെര്‍സഗോവിന എന്നീ രാജ്യങ്ങള്‍ കടന്ന് മക്കയിലേക്കുള്ള യാത്രയ്ക്കിടെ സെര്‍ബിയന്‍ നഗരമായ സിനിക്കയില്‍ എത്തിയതോടെയാണ് ഇദ്ദേഹത്തിന്റെ യാത്രയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകം അറിയുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹജ്ജ് യാത്രക്കുള്ള തീവ്രമായ തയ്യാറെടുപ്പിലായിരുന്നു. പ്രഥമശുശ്രൂഷക്ക് ആവശ്യമായ മരുന്നുകള്‍, വസ്ത്രങ്ങള്‍, സ്പെയര്‍ ഷൂസ്, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എന്നിവയുമായി രണ്ട് ബാക്ക്പാക്കുകള്‍ മാത്രമാണ് യാത്രയില്‍ കൊണ്ടുപോകുന്നത്. ഇതുവരെയുള്ള യാത്രയില്‍ മനോഹരമായ അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. യാത്രക്ക് ശാരീരിക ക്ഷമത ആവശ്യമാണ്. പക്ഷേ ബോധ്യവും വിശ്വാസവും ശരിയായ പാതയിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമാണ് തന്നെ നയിക്കുന്നതെന്നും ബെഗനോവിച്ച്‌ പറഞ്ഞു.

ബോസ്നിയയിലും ഹെര്‍സഗോവിനയിലും ഉള്ള തന്റെ ജന്മനാടായ കാസിന്‍ നഗരത്തിലെത്തി മാതാവിനെയും ബന്ധുക്കളെയും സന്ദര്‍ശിച്ചാണ് യാത്ര. മക്കയിലെത്താന്‍ കുറുക്കുവഴി ആഗ്രഹിച്ചിട്ടില്ല. മുന്‍ യുഗോസ്ലാവിയയിലെ രാജ്യങ്ങളിലൂടെ കടന്നുപോകാനാണ് തീരുമാനം. സരജേവോയില്‍ നിന്ന് സാന്‍ഡ്‌സാക്ക്, കൊസോവോ, നോര്‍ത്ത് മാസിഡോണിയ, സൗത്ത് ബള്‍ഗേറിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ഇറാഖ് രാജ്യങ്ങളിലൂടെ സഞ്ചരിച്ച്‌ മക്കയിലെത്തുന്നത് വരെ താന്‍ നടത്തം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥയെ ആശ്രയിച്ചാണ് ദിവസവും യാത്ര ചെയ്യുന്നത്. പ്രതിദിനം 35 മുതല്‍ 60 കിലോമീറ്റര്‍ വരെയാണ് ശരാശരി നടക്കുന്നത്. ഓസ്ട്രിയയിലാണ് സ്ഥിര താമസം. വിവാഹിതനാണ്. നാല് കുട്ടികളുണ്ട്. യാത്രക്ക് മികച്ച പിന്തുണയാണ് കുടുംബം നല്‍കിയതെന്നും ബെഗനോവിച്ച്‌ പറഞ്ഞു.

യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിലെ മുസ്ലിം- ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തനിക്ക് വലിയ സ്വീകരണമാണ് നല്‍കുന്നത്. പലരും താമസ സൗകര്യം ഒരുക്കുന്നു. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അവര്‍ ആരായുന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളും വനപാതകളും മഹാനഗരങ്ങളും തന്നെ കാത്തിരിക്കുന്നുവെങ്കിലും എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച്‌ യാത്ര തുടരുകയായെന്നും ബെഗനോവിച്ച്‌ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular