Sunday, May 19, 2024
HomeIndiaകുമാരസ്വാമിയുടെ ആരോപണത്തില്‍ വിവാദം: പ്രള്‍ഹാദ് ജോഷി മുഖ്യമന്ത്രി

കുമാരസ്വാമിയുടെ ആരോപണത്തില്‍ വിവാദം: പ്രള്‍ഹാദ് ജോഷി മുഖ്യമന്ത്രി

ബംഗളൂരു : കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നുവെന്ന ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്‌.ഡി.

കുമാരസ്വാമിയുടെ ആരോപണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും കര്‍ണാടകയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

കഴിഞ്ഞ ദിവസം ബി.ജെ.പി നിര്‍വാഹക യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി ജെ.ഡി-എസിനെ വിമര്‍ശിച്ചതിന് മറുപടിയായാണ് ഗുരുതര ആരോപണവുമായി കുമാരസ്വാമി രംഗത്തുവന്നത്. എന്നാല്‍, പ്രള്‍ഹാദ് ജോഷിക്കെതിരായ കുമാരസ്വാമിയുടെ പ്രസ്താവനയെ ജോഷി പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ സമുദായത്തിനെതിരായ പ്രസ്താവനയായി ചിത്രീകരിച്ച്‌ എതിര്‍പ്രചാരണം നടത്താനാണ് ബി.ജെ.പി ശ്രമം.

താന്‍ ഒരിക്കലും ബ്രാഹ്മണ സമുദായത്തെ വിമര്‍ശിച്ചിട്ടില്ലെന്നും ജോഷിയെ മാത്രമാണ് വിമര്‍ശിച്ചതെന്നും കുമാരസ്വാമി പ്രതികരിച്ചു. ‘ജെ.ഡി-എസ് പഞ്ചരത്ന യാത്രയല്ല; നവരത്ന യാത്രയാണ് നടത്തേണ്ടതെന്നും ദേവഗൗഡയുടെ അടുത്ത കുടുംബാംഗങ്ങളായ എട്ടോ ഒമ്ബതോ പേര്‍ ജെ.ഡി-എസിലുണ്ടെന്നുമായിരുന്നു പ്രള്‍ഹാദ് ജോഷിയുടെ വിമര്‍ശനം.

പഞ്ചരത്ന യാത്രക്ക് പൊതുജനങ്ങളില്‍നിന്ന് ലഭിച്ച പ്രതികരണം ബി.ജെ.പിയെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ടെന്നും അതാണ് കുടുംബ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതെന്നും പ്രതികരിച്ച കുമാരസ്വാമി, പ്രള്‍ഹാദ് ജോഷിയെ ഉന്നംവെച്ച്‌ , ‘സമൂഹത്തെ ഭിന്നിപ്പിക്കുന്ന ജോഷിയുടെ സംസ്കാരം ദക്ഷിണ കര്‍ണാടകയുടെ സംസ്കാരമല്ല’ എന്നും വിമര്‍ശിച്ചു.

ആര്‍.എസ്.എസ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനാലാണ് അദ്ദേഹം ജെ.ഡി-എസിനെതിരെ തിരിയുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ‘രാജ്യത്ത് ദേശീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും ഗൂഢലോചനാ രാഷ്ട്രീയം കൊണ്ടുനടക്കുകയും കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്യുന്നവരുടെ ആളാണ് പ്രള്‍ഹാദ് ജോഷി.

കര്‍ണാടകയെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അജണ്ടയില്‍ വീഴരുതെന്ന് കുമാരസ്വാമി വീരശൈവര്‍, വൊക്കലിഗര്‍, പിന്നാക്ക-ദലിത് സമുദായങ്ങള്‍ എന്നിവരോട് അഭ്യര്‍ഥിച്ചു. ജോഷിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കംനടക്കുന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ട്.

ഉപ മുഖ്യമന്ത്രിമാരും പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ ചര്‍ച്ചകള്‍ ഡല്‍ഹിയിലും ആര്‍.എസ്.എസ് ആസ്ഥാനത്തും നടന്നിട്ടുണ്ട്. പ്രള്‍ഹാദ് ജോഷി നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നയാളല്ലെന്ന് കര്‍ണാടകയിലെ കന്നഡിഗരോട് പറയാന്‍ ആഗ്രഹിക്കുന്നു -കുമാരസ്വാമി പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രസ്‍താവനയില്‍ ‘പെഷവായുടെ ജനിതകമുള്ള ഒരാളെയാണ് ബി.ജെ.പി മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നത്’ എന്ന് പ്രയോഗിച്ചിരുന്നു. മറാത്ത സാമ്രാജ്യത്തിലെ സവര്‍ണ ബ്രാഹ്മണ ഭരണ നേതൃത്വമായ പെഷവാകളെ സൂചിപ്പിച്ചായിരുന്നു കുമാരസ്വാമിയുടെ ആ പ്രയോഗം.

പെഷവാ ഭരണത്തിനെതിരെ ദലിതര്‍ നടത്തിയ ഐതിഹാസിക പോരാട്ടമാണ് ഭീമ-കൊറെഗാവ് സംഭവം. പ്രള്‍ഹാദ് ജോഷി ബ്രാഹ്മണ സമുദായാംഗമാണ്. ചരിത്രരേഖകള്‍ പ്രകാരം, ശൃംഗേരിയിലെ ചന്ദ്രമൗലേശ്വര ക്ഷേത്രം നശിപ്പിക്കുന്നതിലും ഛത്രപതി ശിവജിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും പെഷവാകള്‍ക്ക് പങ്കുണ്ടെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.

ബി.ജെ.പിയില്‍ ‘പാര്‍തീനിയം ചെടി’യെപ്പോലെയാണ് പ്രള്‍ഹാദ് ജോഷി വളര്‍ന്നതെന്നും കുമാരസ്വാമി പരിഹസിച്ചു. കാടുകളിലും മറ്റും പടര്‍ന്നുപിടിക്കുന്ന അധിനിവേശ സസ്യമാണ് പാര്‍തീനിയം. സ്വാഭാവികമായ കുറ്റിക്കാടുകളെ ഇല്ലാതാക്കി പരിസ്ഥിതിയുടെ ജൈവികഘടനയെ മാറ്റുന്നതാണ് ചെടികളുടെ പ്രത്യേകത.

കുമാരസ്വാമിയുടെ വിമര്‍ശനങ്ങള്‍ ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍, മന്ത്രിമാരായ ആര്‍. അശോക, കെ. ഗോപാലയ്യ തുടങ്ങിയവര്‍ കുമാരസ്വാമിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular