Saturday, May 18, 2024
HomeUSAസ്റേറ് ഓഫ് ദ യൂണിയൻ പ്രസംഗത്തിന്റെ ശിൽപി ഇന്ത്യൻ അമേരിക്കൻ റെഡ്‌ഡി

സ്റേറ് ഓഫ് ദ യൂണിയൻ പ്രസംഗത്തിന്റെ ശിൽപി ഇന്ത്യൻ അമേരിക്കൻ റെഡ്‌ഡി

യുഎസ് പ്രസിഡന്റ് ജെ ബൈഡന്റെ സ്റേറ് ഓഫ് ദ യൂണിയൻ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ തയാറാക്കിയത് ഇന്ത്യൻ അമേരിക്കൻ വിനയ് റെഡ്‌ഡി. വൈറ്റ് ഹൗസിലെ മുഖ്യ പ്രസംഗം എഴുത്തുകാരനായ റെഡ്‌ഡി തയാറാക്കിയ കരട് പ്രസംഗത്തിൽ പ്രസിഡന്റിന്റെ ഉറ്റ സഹായികളുടെ സംഭാവനകളും ഉണ്ടാവുന്നതു പതിവാണെന്നു ‘ന്യൂ യോർക്ക് ടൈംസ്’ പറയുന്നു.

ആഴ്ചകൾക്കു മുൻപ് ആരംഭിക്കുന്ന ജോലിയാണിത്. ക്യാമ്പ് ഡേവിഡിൽ ബൈഡനുമായി കൂടിയാലോചനകൾ കൂടി നടത്തി മുതിർന്ന  ഉപദേഷ്ടാക്കളായ മൈക്ക് ഡോണിലോൺ, അനിതാ ഡൂൺ, രാഷ്ട്രീയ ഉപദേഷ്ടാവ് ബ്രൂസ് റീഡ്, കൗൺസലർ സ്റ്റീവൻ ജെ. റിക്കറ്റി എന്നിവർ നിർദേശിച്ച കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് റെഡ്‌ഡി പ്രസംഗത്തിന് അന്തിമ രൂപം നൽകിയത്. ചരിത്രകാരൻ ജോൺ മീച്ചവും ഉണ്ടായിരുന്നു — ചരിത്രപരമായ സംഭാവനകൾ കൊണ്ടു പ്രസംഗം കൊഴുപ്പിക്കാൻ.

പല ഉദ്യോഗസ്ഥരും ‘ടൈംസ്’ പത്രത്തോട് പറഞ്ഞത് ഇങ്ങിനെ: ആദ്യ കരട് തയാറാക്കുന്ന ജോലി റെഡ്‌ഡിക്കാണ്. പിന്നെ ബന്ധപ്പെട്ട എല്ലാവരുടെയും ചിന്തകൾ കടലാസിൽ പകർത്തി അവസാന കരട് തയാറാക്കുന്നു. അത് ബൈഡന്റെ സഹായികൾക്കെല്ലാം ഇഷ്ടപ്പെടണം.

ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് റെഡ്‌ഡിയെ (44) കൂടെ കൂട്ടുന്നത്. 2020 ൽ റെഡ്‌ഡി ബൈഡന്റെ പ്രചാരണ ടീമിൽ ചേർന്നു. വൈറ്റ് ഹൗസിൽ ഡയറക്ടർ ഓഫ് സ്പീച് റൈറ്റിംഗ് എന്ന തസ്തികയിൽ എത്തുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കനായി.

പ്രസിഡന്റ് സ്ഥാനം ഏൽക്കുമ്പോൾ ബൈഡൻ നടത്തിയ പ്രസംഗത്തിൽ ജനാധിപത്യം, സമാധാനം, ഐക്യം എന്നിവയ്ക്കു നൽകിയ ഊന്നലിനു റെഡ്‌ഡി പ്രശംസ പിടിച്ചു പറ്റി.

ചെയ്യുന്ന ജോലിയുടെ വെല്ലുവിളികൾ ചെറുതല്ലെങ്കിലും ബൈഡന്റെ പ്രസംഗം എഴുത്തുകാരിൽ മറ്റാരെയും അപേക്ഷിച്ചു കൂടുതൽ കാലം റെഡ്‌ഡി നിലനിന്നുവെന്ന് ‘പൊളിറ്റിക്കോ’ ചൂണ്ടിക്കാട്ടുന്നു. ബൈഡന്റെ മനോഭാവവും തോന്നലുകളുമൊക്കെ കൃത്യമായി മനസിലാക്കി എഴുതാൻ റെഡ്‌ഡിക്കു കഴിയുന്നുവെന്ന് പഴകി തെളിഞ്ഞ എഴുത്തുകാർ പറയുന്നു.

മറ്റൊന്ന് റെഡ്‌ഡിയുടെ എഴുത്തിന്റെ ഗുണനിലവാരമാണ്. പൊളിറ്റിക്കോ ചൂണ്ടിക്കാട്ടുന്നത്: “ദൃഢമായ, തെളിച്ചു പറയുന്ന, വൈകാരികത ഉണർത്തുന്ന ശൈലി.”

ബൈഡൻ വൈസ് പ്രസിഡന്റ് ആയിരിക്കെ അദ്ദേഹത്തിന് പ്രസംഗങ്ങൾ എഴുതിയിട്ടുള്ള ഡൈലൻ ലോ പറയുന്നത്: “ഞങ്ങൾ ആരെക്കാളും കൂടുതൽ കാലം വിനയ് ആ ജോലി ചെയ്തു. അപൂർവമായ കഴിവുകൾ.”

ബൈഡൻ വി പി ആയിരുന്നപ്പോൾ വൈറ്റ് ഹൗസിൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആയിരുന്ന കേറ്റ് ബെഡിങ്‌ഫീൽഡ് പറയുന്നു: “സങ്കീർണമായ നയസങ്കൽപ്പങ്ങൾ എളുപ്പത്തിൽ മനസിലാവുന്ന ഭാഷയിൽ പ്രകടിപ്പിക്കാനുള്ള അസാമാന്യ കഴിവ് വിനയ്‌ക്കുണ്ട്.”

അറിയുന്നവരെല്ലാം മാനിക്കുന്ന ഗുണം വിനയ് പ്രശസ്തി ആഗ്രഹിക്കുന്നില്ല എന്നതാണ്. ബരാക്ക് ഒബാമയുടെ പ്രസംഗങ്ങൾ എഴുതിയിട്ടുള്ള ഇന്ത്യൻ അമേരിക്കൻ ശാരദ പെറി പറയുന്നു: “പ്രസംഗം എഴുതുമ്പോൾ പാലിക്കേണ്ട ആദ്യ നിയമം അതിന്റെ ഉടമയാവാൻ ശ്രമിക്കാതിരിക്കുക എന്നതാണ്. അതൊരു ജോലിയാണ്. പ്രസിഡന്റിനെ പ്രസംഗം എഴുതുന്നയാൾ സാമൂഹ്യ മാധ്യമങ്ങളിൽ പോലും വരുന്നില്ല.”

Indian American wrote State of the Union speech 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular