Sunday, May 5, 2024
HomeUSAജെയ്സന്റെ മടങ്ങിവരവിനായി പ്രാർത്ഥനാപൂർവ്വം വൻ ജനാവലി കാൻഡിൽ ലൈറ്റ് വിജിലിൽ പങ്കെടുത്തു

ജെയ്സന്റെ മടങ്ങിവരവിനായി പ്രാർത്ഥനാപൂർവ്വം വൻ ജനാവലി കാൻഡിൽ ലൈറ്റ് വിജിലിൽ പങ്കെടുത്തു

ഓസ്റ്റിൻ, ടെക്‌സാസ് : ഒരാഴ്ചയായി കാണാതായ  ജെയ്‌സൺ ജോണിനെ കണ്ടെത്താൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ടും ബന്ധുമിത്രാദികളോട് ഐക്യദാർഢ്യം  പ്രകടിപ്പിച്ചും ഓസ്റ്റിനിലെ ചിക്കാനോ പാർക്കിൽ നടന്ന കാൻഡിൽ ലൈറ്റ് വിജിലിൽ  200-ൽ പരം   പേർ  പങ്കെടുത്തു.

വിവിധ ചർച്ചുകളിൽ നിന്നും ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷനിൽ നിന്നും ഒട്ടേറെ പേർ  എത്തി. ബന്ധുമിത്രാദികളും ഏറെപ്പേർ ഉണ്ടായിരുന്നു . അതിലുപരി ജെയ്സന്റെ  സുഹൃത്തുക്കളും   സഹപ്രവർത്തകരുമായി നിരവധി  അമേരിക്കക്കാർ എത്തിയത് ജെയ്സനോടുള്ള നല്ല ബന്ധത്തിന്റെ തെളിവുമായി.

ഓർത്തഡോക്സ് ചർച്ചിലെ ഫാ. സാം മാത്യു, ഫോമാ മുൻ പ്രസിഡന്റ്റും കുടുംബ സുഹൃത്തുമായ ഫിലിപ്പ് ചാമത്തിൽ, ഗാമ  വൈസ് പ്രസിഡന്റ് വിവേക് തുടങ്ങിയവർ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. ജെയ്സന്റെ സഹോദരരായ റിൻജു ജോൺ , ജസ്റ്റിൻ  ജോൺ  എന്നിവരും സംസാരിച്ചു. തെരച്ചിൽ ശക്തിപ്പെടുത്തണമെന്നാണ് സംസാരിച്ചവർ എല്ലാവരും ആവശ്യപ്പെട്ടത്. പ്രാർത്ഥനയും നടത്തി.

ഇന്നലെ (ശനി) പോലീസ് വീണ്ടും ഊർജിതമായ തെരച്ചിൽ ലേഡി ബേർഡ് തടാകത്തിൽ നടത്തുകയുണ്ടായി. പ്രാദേശിക മാധ്യമങ്ങൾ  തിരോധാന വാർത്ത പ്രാധാന്യത്തോടെ കൊടുത്തതിന്റെ പ്രതിഫലനമാകാം അത്.

അതേസമയം  ഗാമയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ ഒരു പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്.

‘ഫെബ്രുവരി 5 ന് ഒരു റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങി റെയ്‌നി സ്ട്രീറ്റിലൂടെ ഓസ്റ്റിനിലെ ലേഡി ബേർഡ് ലേക്ക് ട്രെയിലിലേക്ക് നടക്കുമ്പോൾ ജെയ്‌സൺ ജോണിനെ കാണാതാവുകയായിരുന്നു. അദ്ദേഹം എവിടെയാണെന്നുള്ള അന്വേഷണം ഊർജിതമാക്കുന്നതിനാണ് ഞങ്ങൾ ഈ ഹർജി എഴുതുന്നത്-പെറ്റിഷൻ പറയുന്നു .

ലോക്കൽ വോളണ്ടിയർമാരും  നിയമ നിർവ്വഹണ ഏജൻസികളും തെരച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നത്  പ്രധാനമായും ഒരു സുരക്ഷാ ക്യാമറയിൽ ജെയ്‌സനെ അവസാനമായി കണ്ട സ്ഥലം   കേന്ദ്രീകരിച്ചാണ്.  അത് മാത്രം പോരാ എന്നാണു ഞങ്ങൾ ആവശ്യപ്പെടുന്നത്.  ജെയ്‌സനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിപുലമാക്കണമെന്ന്  അധികൃതരോട്  ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ജെയ്‌സ്‌നറെ  അവസാന ലൊക്കേഷനെ കുറിച്ച് കുടുംബത്തിന് ഇപ്പോഴും അറിയില്ല. അക്കാര്യങ്ങൾ ഫോൺ കാരിയറിൽ നിന്നോ ഉപകരണ നിർമ്മാതാക്കളിൽ നിന്നോ ലഭ്യമാക്കാവുന്നതാണ്.  ജെയ്‌സൺ എവിടെയാണെന്നതിൽ  വ്യക്തത വരുത്താൻ  അധികൃതരോട്  ഞങ്ങൾ ആവശ്യപ്പെടുന്നു.

ഈ സാഹചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധികാരികളെ അറിയിക്കാനും ദുഖിതരായ കുടുംബത്തിലേക്കു ജെയ്‌സനെ   സുരക്ഷിതമായി തിരികെ കൊണ്ടുവരാനും വേണ്ടി  ഈ നിവേദനത്തിൽ ഒപ്പ് വയ്ക്കണമെന്നും പെറ്റീഷൻ എല്ലാവരോടും അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular