Tuesday, May 7, 2024
HomeKeralaകോന്നിയില്‍ ഉദ്യോഗസ്ഥ - എംഎല്‍എ തര്‍ക്കം തുടരുന്നു

കോന്നിയില്‍ ഉദ്യോഗസ്ഥ – എംഎല്‍എ തര്‍ക്കം തുടരുന്നു

ഉദ്യോഗസ്ഥര്‍ ജനങ്ങളെ വലച്ച് കൂട്ട അവധിയെടുത്ത് മൂന്നാറിന് ടൂറ് പോയ സംഭവത്തില്‍ സ്ഥലം എംഎല്‍എ ജെനീഷ് കുമാറും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. എംഎല്‍എ കെ യു ജനീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം സി രാജേഷ്. ‘കോന്നി താലൂക്ക് ഒഫീഷ്യല്‍സ്’ എന്ന ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് വിമര്‍ശനം.

താലൂക്ക് ഓഫീസിനെ പൊതു മധ്യത്തില്‍ അവഹേളിക്കാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത നാടകം ആണ് നടന്നെതന്നാണ് ഡെപ്യൂട്ടി തഹസീല്‍ദാറുടെ വിമര്‍ശനം. എംഎല്‍എക്ക് രജിസ്റ്റര്‍ പരിശോധിക്കാനും ലീവ് ആപ്ലിക്കേഷന്‍ നോക്കാനും എക്‌സിക്യൂട്ടീവ് മജിസ്റ്റ്‌ട്രേറ്റിന്റെ കസേരയില്‍ ഇരിക്കാനും അവകാശമുണ്ടോ എന്നും സന്ദേശത്തില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ചോദിക്കുന്നു.

എല്ലാ ജീവനക്കാരും ലീവ് അപേക്ഷകള്‍ നല്‍കിയിരുന്നുവെന്നും ജീവനക്കാര്‍ മുങ്ങിയതല്ലെന്നും ഡെപ്യൂട്ടി തഹസീല്‍ദാര്‍ അവകാശപ്പെടുന്നുണ്ട്. ജീവനക്കാരില്ലാതിരുന്ന ദിവസം ഓഫീസില്‍ പത്ത് പേര്‍ പോലും അപേക്ഷയുമായി എത്തിയിരുന്നില്ല. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനെ താറടിച്ച് കാണിക്കാനുള്ള നാടകമായിരുന്നു നടന്നതെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ ആരോപിക്കുന്നു.

തഹസീല്‍ദാറിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് എംഎല്‍എ കെ യു ജനീഷ് കുമാര്‍. എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും കുറ്റക്കാരെ പുറത്ത് കൊണ്ടുവരിക തന്നെ ചെയ്യും. അധിക്ഷേപങ്ങളെ താന്‍ ഭയക്കുന്നില്ല. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എംഎല്‍എ യെ അധിക്ഷേപിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും കെ യു ജനീഷ് കുമാര്‍ ചോദിച്ചു.പോസ്റ്റിട്ട ജീവനക്കാരനെതിരെ നടപടി വേണമെന്നും എംഎല്‍എ പറഞ്ഞു. ജീവനക്കാര്‍ കൂടുതല്‍ കുരുക്കിലേക്കാണ് പോകുന്നത്. തനിക്ക് റവന്യൂ മന്ത്രിയില്‍ വിശ്വാസമുണ്ട്. സത്യം ജയിക്കുക തന്നെ ചെയ്യും. തെറ്റ് ചെയ്തവര്‍ക്ക് രക്ഷപ്പെടാനുളള വെപ്രാളമാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

അതേസമയം വിനോദ യാത്ര പോയ താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ തിരികെയെത്തി. താലൂക്ക് ഓഫീസ് പരിസരത്ത് വരാതെ ജീവനക്കാര്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. താലൂക്ക് ഓഫീസില്‍ വച്ചിരുന്ന വാഹനങ്ങള്‍ എടുക്കാതെയാണ് ജീവനക്കാര്‍ വീടുകളിലേക്ക് മടങ്ങിയത്.

konni government staff tour issue 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular