Friday, May 3, 2024
HomeIndiaRRRലെ ഗാനരംഗത്തില്‍ നേതാജിയുണ്ട്, ഗാന്ധിജിയില്ല; കാരണം വെളിപ്പെടുത്തി എസ്‌എസ് രാജമൗലി

RRRലെ ഗാനരംഗത്തില്‍ നേതാജിയുണ്ട്, ഗാന്ധിജിയില്ല; കാരണം വെളിപ്പെടുത്തി എസ്‌എസ് രാജമൗലി

സ്വാതന്ത്ര്യസമര സേനാനികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള RRRലെ ഗാനരംഗത്തില്‍ മഹാത്മാഗാന്ധിയെ ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിച്ച്‌ സംവിധായകന്‍ എസ്‌എസ് രാജമൗലി.

ദ ന്യൂയോര്‍ക്കറിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. മഹാത്മാഗാന്ധിയെയും ബി.ആര്‍. അംബേദ്കറെയും പോലുള്ള വിപ്ലവകാരികളെ ഈ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ഇത് അഹിംസ എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിച്ച വിപ്ലവകാരികളെ ബോധപൂര്‍വം ഒഴിവാക്കാനുള്ള ശ്രമമായിരുന്നോ എന്നായിരുന്നു ചോദ്യം. തന്നെ സ്പര്‍ശിച്ചതും കരയിച്ചതും തന്റെ ഹൃദയത്തെ അഭിമാനം കൊണ്ട് നിറച്ചതുമായ ചരിത്രപുരുഷന്മാരെയാണ് താന്‍ അതിനായി തിരഞ്ഞെടുത്തതെന്നായിരുന്നു രാജമൗലിയുടെ പ്രതികരണം.

ആ ഗാനരംഗത്തില്‍ എട്ട് പേരെ മാത്രമേ ഹൈലൈറ്റ് ചെയ്ത് കാണിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. “ഞാന്‍ ബഹുമാനിക്കുന്ന എല്ലാവരേയും ആ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ചുരുങ്ങിയത് എണ്‍പതു പേരെയെങ്കിലും കാണിക്കേണ്ടി വരും. അതിനായി ഞാന്‍ തിരഞ്ഞെടുത്ത എല്ലാ വിപ്ലവകാരികളെയും ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഗാന്ധിജിയുടെ ചിത്രം അക്കൂട്ടത്തില്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തോട് അനാദരവാണ് എന്നല്ല അത് അര്‍ത്ഥമാക്കുന്നത്. എനിക്ക് ഗാന്ധിജിയോട് വലിയ ബഹുമാനമുണ്ട്, അതില്‍ യാതൊരു സംശയവുമില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേതാജിയുടെ ഛായാചിത്രത്തിന് പകരം ഗാന്ധിജിയുടെ ചിത്രമായിരുന്നെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുമായിരുന്നോ എന്നും രാജമൗലി ചോദിച്ചു.

2023ലെ ഓസ്‌കാറില്‍ മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ ഗാനം ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

തന്റെ പിതാവും സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആര്‍എസ്‌എസിനെക്കുറിച്ചൊരുക്കിയ തിരക്കഥയെക്കുറിച്ചും രൗജമൗലി അഭിമുഖത്തില്‍ മനസു തുറന്നു. “എനിക്ക് ആര്‍‌എസ്‌എസ് എന്ന സംഘടനയെക്കുറിച്ച്‌ അത്ര അറിവില്ല. ഈ സംഘടനയെക്കുറിച്ച്‌ ഞാന്‍ ധാരാളം കാര്യങ്ങള്‍ തീര്‍ച്ചയായും കേട്ടിട്ടുണ്ട്. പക്ഷേ അത് എങ്ങനെ രൂപപ്പെട്ടു, അവരുടെ ആശയങ്ങള്‍ എന്തൊക്കെയാണ്, ആ സംഘടന എങ്ങനെ വികസിച്ചു, തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ എന്റെ അച്ഛന്റെ സ്ക്രിപ്റ്റ് വായിച്ച്‌ അങ്ങേയറ്റം വികാരഭരിതനായി. ആ തിരക്കഥ വായിക്കുന്നതിനിടെ ഞാന്‍ പലതവണ കരഞ്ഞു, പക്ഷേ തിരക്കഥയിലെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്”, രാജമൗലി പറഞ്ഞു. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് ആര്‍ആര്‍ആറിന്റെ തിരക്കഥയും ഒരുക്കിയത്.

“ആര്‍എസ്‌എസിനെക്കുറിച്ച്‌ അച്ഛന്‍ എഴുതിയ തിരക്കഥ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. ഒന്നാമതായി, അത് സാധ്യമാകുമോ എന്ന് എനിക്കറിയില്ല. കാരണം എന്റെ അച്ഛന്‍ മറ്റേതെങ്കിലും സംഘടനയ്‌ക്കോ ആളുകള്‍ക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിര്‍മാതാവിനു വേണ്ടിയാണോ ഈ തിരക്കഥ എഴുതിയതെന്ന് എനിക്ക് അറിയില്ല. ഈ ചോദ്യത്തിന് എന്റെ പക്കല്‍ ഇപ്പോള്‍ കൃത്യമായ ഉത്തരമില്ല. ഈ കഥ സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ അതൊരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. പക്ഷേ ഈ കഥക്ക് എത്രത്തോളം ചലനം സൃഷ്ടിക്കാന്‍ ആകും എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. അത് ഏതെങ്കിലും വിധത്തിലുള്ള നെഗറ്റീവ് അല്ലെങ്കില്‍ പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുമെന്ന് ഞാന്‍ പറയുന്നില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular