Friday, May 10, 2024
HomeKeralaകാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് മുക്തനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം കഴിഞ്ഞ ആഴ്ച കോവിഡ് മുക്തനായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം.

കേരളത്തിൽ കാർട്ടൂണുകളെ ജനപ്രിയമാക്കിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ് യേശുദാസൻ. മലയാള മാധ്യമരംഗത്തെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റായ അദ്ദേഹം കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണിസ്റ്റ് കൂടിയാണ്.

മലയാള മനോരമയിൽ 23 വർഷം കാർട്ടൂണിസ്റ്റായിരുന്നു. വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് യേശുദാസനാണ്.

1993ൽ ആലപ്പുഴ മാവേലിക്കരയിലെ ഭരണിക്കാവ് ആണ് ജനനം. ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാലയുഗം, കട്ട്-കട്ട്, അസാധു, മെട്രോ വാർത്ത, ദേശാഭിമാനി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ അധ്യക്ഷനും ഉപാധ്യക്ഷനുമായി പ്രവർത്തിച്ച അദ്ദേഹം കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അധ്യക്ഷനായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ഹാസ്യ സിനിമയായ കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലത്തിന്റെ തിരക്കഥ രചിച്ചത് യേശുദാസനാണ്. എന്റെ പൊന്നുതമ്പുരാൻ എന്ന ചിത്രത്തിനും തിരക്കഥ രചിച്ചിട്ടുണ്ട്. പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന മഴ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

മികച്ച കാർട്ടൂണിസ്‌റ്റിനുള്ള സംസ്‌ഥാന അവാർഡ് പലവട്ടം നേടിയിട്ടുണ്ട്. 2001ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്‌റ്റ്‌സ് യേശുദാസന് ലൈഫ് ടൈം അവാർഡ് നൽകി ആദരിച്ചിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി. സാംബശിവൻ സ്‌മാരക പുരസ്‌കാരം, പി.കെ. മന്ത്രി സ്‌മാരക പുരസ്കാരം,എൻ.വി. പൈലി പുരസ്‌കാരം, ബി. എം. ഗഫൂർ കാർട്ടൂൺ അവാർഡ് എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. മേഴ്‌സിയാണ് ഭാര്യ. സാനു വൈ.ദാസ്, സേതു വൈ.ദാസ്, സുകുദാസ് എന്നിവരാണ് മക്കൾ.

കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. കാർട്ടൂൺ മേഖലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ വരകളിൽ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല നിർഭയം അഭിപ്രായങ്ങൾ രേഖപ്പെടുത്തുക കൂടിയാണ് യേശുദാസൻ ചെയ്തത്. സമഗ്ര സംഭാവനക്കുള്ള കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് സാമൂഹ്യ പ്രതിബദ്ധതയുള്ള സമ്പൂർണ്ണ മാധ്യമപ്രവർത്തകനാണ് അദ്ദേഹം എന്നതിനുള്ള അംഗീകാരമായാണ്. തെളിവ് കൂടിയാണ്.

യേശുദാസൻ്റെ വരകളിലൂടെ കണ്ണോടിക്കുന്നവർക്ക് കേരള രാഷ്ടീയ ചരിത്രം വായിച്ചെടുക്കാനാകും. നർമ്മബോധത്തിലും അത് വരകളിലേക്ക് പകർത്തുന്നതിലും അസാധാരണമായ പ്രതിഭാ സാന്നിധ്യമായിരുന്നു യേശുദാസൻ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular