Monday, May 20, 2024
HomeGulfയുഎഇയില്‍ വിസാ, എന്‍ട്രി പെര്‍മിറ്റ് നിയമങ്ങളില്‍ മാറ്റം: 180 ദിവസം വരെ കാലാവധിയുള്ള ഫാമിലി ഗ്രൂപ്പ്...

യുഎഇയില്‍ വിസാ, എന്‍ട്രി പെര്‍മിറ്റ് നിയമങ്ങളില്‍ മാറ്റം: 180 ദിവസം വരെ കാലാവധിയുള്ള ഫാമിലി ഗ്രൂപ്പ് വിസകള്‍ നല്‍കും

യുഎഇയില്‍ വിസ പുതുക്കുന്നതുമായും താമസവിസയുമായും (റസിഡന്‍സി വിസ) ബന്ധപ്പെട്ട് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റിയും കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയും പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.

പതിനഞ്ച് പുതിയ അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചതായാണ് എമിറേറ്റ്സ് ന്യൂസ് ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‍മാര്‍ട്ട് സേവനങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍.

പുതിയ മാറ്റങ്ങള്‍ 2023 ഫെബ്രുവരി ഒന്നു മുതല്‍ നടപ്പിലാക്കാന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്.

പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും പുതിയ മാറ്റങ്ങള്‍ സഹായകരമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിസ റദ്ദാക്കുക, വിവരങ്ങളില്‍ ഭേദഗതി വരുത്തുക തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ വ്യക്തിഗത സ്മാര്‍ട്ട് അക്കൗണ്ട് മുഖേന ചെയ്യാനാകും.

നേരത്തെ, ഒരു വര്‍ഷം വരെ കാലാവധിയുള്ള താമസ വിസകള്‍ പുതുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇനി മുതല്‍ ആറ് മാസത്തില്‍ താഴെ കാലാവധിയുള്ള വിസകള്‍ മാത്രമേ പുതുക്കാന്‍ സാധിക്കുകയുള്ളൂ. മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

  1. വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായിവീട്ടുകാരോടൊപ്പം എ‌ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടുംബ ഗ്രൂപ്പ് വിസ നല്‍കും. ഫാമിലിഗ്രൂപ്പ് വിസകള്‍ക്ക് അപേക്ഷ നല്‍കുമ്ബോള്‍ 60, 180 ദിവസ കാലാവധിയുള്ള സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാണ് ലഭിക്കുക.
  2. 90 ദിവസത്തെ വിസ കൈവശമുള്ളവര്‍ക്ക് അത് 30 ദിവസത്തേക്കു പുതുക്കുന്നതിനായി വിസ എക്സ്റ്റന്‍ഷന്‍ സേവനം വിപുലീകരിക്കും.
  3. ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ വിസകള്‍ (residency visas) പുതുക്കാനാകില്ല.
  4. പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യാനോ വിസ പുതുക്കാനോ വിസ മാറ്റാനോ അപേക്ഷിക്കുമ്ബോള്‍ വിരലടയാളം നല്‍കേണ്ടതിനായി ഭിന്നശേഷിക്കാര്‍ നേരിട്ടു ഹാജരാകേണ്ടതില്ല.
  5. എമിറേറ്റ്‌സ് ഐഡി ഇല്ലാത്ത ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) പൗരന്മാരുടെ അക്കൗണ്ടുകളില്‍ വിസ ഡാറ്റ റദ്ദാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള സേവനങ്ങള്‍ ലഭ്യമാകും.
  6. ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ അക്കൗണ്ടുകളില്‍ നിന്ന് 30 ദിവസത്തേക്കോ, 60 ദിവസത്തേക്കോ, 90 ദിവസത്തേക്കോ വിസിറ്റിംഗ് വിസ നീട്ടാം

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്‌റ്റംസ്‌ ആന്‍ഡ് പോര്‍ട് സെക്യൂരിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് പുതിയ സ്‍മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാവുക.

ടൂറിസ്റ്റുകള്‍ക്കുള്ള ദീര്‍ഘ കാല വിസകള്‍, പ്രൊഫഷണലുകള്‍ക്കായി നവീകരിച്ച ഗ്രീന്‍ വിസ, വിപുലീകരിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍‌പ്പെടുത്തി കഴിഞ്ഞ ഒക്ടോബര്‍ മാസം യുഎഇയിലെ വിസ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

ഇതിനുശേഷവും നിരവധി മാറ്റങ്ങള്‍ പിന്നെയും ഉണ്ടായിട്ടുണ്ട്. വിസ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും വിസ തീയതി കഴിഞ്ഞാല്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനുള്ള ഗ്രേസ് പിരിഡും ഉള്‍പെടെ മറ്റ് പല മാറ്റങ്ങളും അടുത്തിടെ നടപ്പിലാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular