Saturday, May 4, 2024
HomeUSAകമല ഹാരിസിന്റെ പ്രവർത്തനത്തിൽ ബൈഡനു അസംതൃപ്തിയെന്നു റിപ്പോർട്ട്

കമല ഹാരിസിന്റെ പ്രവർത്തനത്തിൽ ബൈഡനു അസംതൃപ്തിയെന്നു റിപ്പോർട്ട്

പ്രസിഡന്റ് ജോ ബൈഡൻ തന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രവർത്തനത്തിൽ അസംതൃപ്തനാണെന്നു രണ്ടു മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ‘ന്യൂ യോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കയാണെങ്കിൽ ഹാരിസിനെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ബൈഡൻ തിരഞ്ഞെടുക്കും എന്നാണ് സൂചന. എന്നാൽ വെല്ലുവിളിയാവുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഹാരിസ് തയാറാവുന്നില്ല എന്ന വിമർശനം അദ്ദേഹം ഉയർത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

അത്തരം ചുമതലകൾ ഏറ്റെടുത്താൽ പരാജയം ഉണ്ടാവും എന്നാണ് ഹാരിസിന്റെ ഭയം എന്ന് ഒരു മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. “ഇത് അവരുടെ ബന്ധത്തിൽ സംഘർഷത്തിനു കാരണമായിട്ടുണ്ട്.”

2024ൽ ഹാരിസിനു റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ ഇടയുള്ള ഡൊണാൾഡ് ട്രംപിനെ തോൽപിക്കാൻ കഴിയില്ല എന്ന തോന്നൽ ഉള്ളതു കൊണ്ടാണ് 80 വയസായ ബൈഡൻ വീണ്ടും മത്സരിക്കാൻ ആലോചിക്കുന്നത് എന്നാണ് മറ്റൊരു മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറയുന്നത്. “ഹാരിസിനു കഴിവില്ല എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിൽ ബൈഡൻ അവരെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കില്ലായിരുന്നു. പ്രശ്നം പക്ഷെ ഹാരിസ് ഇപ്പോഴും അവസരത്തിനൊത്തു ഉയരുന്നില്ല എന്നതാണ്.

“അദ്ദേഹം വീണ്ടും മത്സരിക്കാൻ ഇറങ്ങിയാൽ ഹാരിസ് ഒരു പ്രധാന ഘടകമാവും.”

ബൈഡന്റെ പ്രശംസ 

എന്നാൽ മൂന്നാമതൊരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ഹാരിസിനെ ന്യായീകരിക്കുന്നു. ഗർഭഛിദ്ര അവകാശം സുപ്രീം കോടതി റദ്ദാക്കിയപ്പോൾ ആ അവകാശം തിരിച്ചു നൽകാൻ നിയമനിർമാണം കൊണ്ടുവരണം എന്നു ബൈഡനെ ഉപദേശിച്ചത് അവരാണ്. അടുത്തിടെ ഹാരിസിനെ പരസ്യമായി പ്രശംസിക്കുന്നത് ബൈഡൻ പതിവാക്കിയിട്ടുമുണ്ട്.

അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമങ്ങൾ ബൈഡൻ ഹാരിസിനെ ഏൽപ്പിച്ചിരുന്നു. അതിൽ വലിയ ശ്രമങ്ങളൊന്നും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല എന്ന വിമർശനമുണ്ട്.

എന്നാൽ ബുധനാഴ്ച വൈറ്റ് ഹൗസിൽ വനിതാ ചരിത്ര മാസ ചടങ്ങിൽ ബൈഡൻ പറഞ്ഞു: “നമ്മുടെ മികവേറിയ വൈസ് പ്രസിഡന്റ് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്തിട്ടുണ്ട്. മിക്കവാറും സ്വന്തമായ നിലയിൽ.

“നിങ്ങൾക്കറിയാം, അവർ സാൻ ഫ്രാൻസിസ്‌ക്കോയിൽ ആദ്യ ഡിസ്‌ട്രിക്‌ട് അറ്റോണി ആയിരുന്നു. കലിഫോർണിയയുടെ ആദ്യത്തെ വനിതാ അറ്റോണി ജനറൽ ആയിരുന്നു.”

ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് എൻഹോഫിനോടായി ബൈഡൻ പറഞ്ഞു: “ചരിത്രപരമായ ഈ പുരോഗതിയിൽ ഇത്രയും അവിശ്വസനീയ മികവുള്ള ഒരു പങ്കാളി അങ്ങേയ്ക്കു ഉണ്ടായി.”

വ്യാഴാഴ്ച ഒബാമയുടെ ആരോഗ്യ രക്ഷാ പരിഷ്കരണ നിയമത്തിന്റെ 13ആം വാർഷികം ആഘോഷിക്കുമ്പോൾ ബൈഡൻ പറഞ്ഞു: “കമല, ഈ നിയമം സംരക്ഷിക്കാൻ താങ്കൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദി പറയുന്നു.”

എന്നാൽ നേരത്തെ മുതൽ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ 2024ലെ ഡെമോക്രാറ്റിക് ടിക്കറ്റ് നിർണയത്തിൽ ഒരു ഘടകം ആയിരിക്കുമെന്നു റോയിട്ടേഴ്സിനോടു സംസാരിച്ച വൃത്തങ്ങൾ പറയുന്നു.

വൈറ്റ് ഹൗസ് വെസ്റ്റ് വിങ് ജീവനക്കാരുടെ നിയമനത്തെ കുറിച്ച് ആധികാരിക പരിജ്ഞാനമുള്ള ക്രിസ് വിപ്പിൾ തന്റെ ‘The Fight of His Life’ എന്ന പുസ്തകത്തിൽ പറഞ്ഞത് ബൈഡൻ ഹാരിസിനെ ‘പൂർത്തിയായി വരുന്ന ജോലി’ എന്നാണ് കണക്കാക്കുന്നത് എന്നാണ്. എന്നാൽ 2021ൽ ബൈഡൻ ഒരു സുഹൃത്തിനോട് ഡഗ്ലസിനെ കുറിച്ച് രോഷം പൂണ്ടുവെന്നു വിപ്പിൾ എഴുതുന്നു. ഹാരിസിനു ഏല്പിച്ചു കൊടുക്കുന്ന ജോലികളെ കുറിച്ച് ഡഗ്ലസ് പരാതി പറഞ്ഞു എന്നറിഞ്ഞപ്പോഴായിരുന്നു അത്. കുടിയേറ്റ നിയമവും വോട്ടിംഗ് അവകാശ ബില്ലും ആയിരുന്നു അതിൽ രണ്ടു വിഷയങ്ങൾ.

“ബൈഡനു ദേഷ്യം വന്നു. അദ്ദേഹം വൈസ് പ്രസിഡന്റ് ആയിരിക്കെ ചെയ്ത കാര്യങ്ങൾ അല്ലാതെ മറ്റൊന്നും ചെയ്യാൻ ഹാരിസിനോട് ആവശ്യപ്പെട്ടിരുന്നില്ല. വോട്ടിംഗ് അവകാശ ബിൽ തന്നെ ഏൽപിക്കണമെന്നു ഹാരിസ് യാചിച്ചതാണ്,” വിപ്പിൾ പറഞ്ഞു.

പ്രഥമ വനിത ജിൽ ബൈഡനു ഹാരിസിനെ കുറിച്ച് മതിപ്പുണ്ടായിരുന്നില്ല എന്നും വിപ്പിൾ പറയുന്നുണ്ട്. ഡെമോക്രാറ്റിക് പ്രൈമറികളിൽ ഹാരിസ് ബൈഡനെതിരെ ആഞ്ഞടിച്ചതാണ് കാരണം.

Biden irked by Veep, says a report

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular