Friday, May 17, 2024
HomeIndiaയാത്രക്കാരെ കയറ്റില്ല, 443 കിലോമീറ്റര്‍ വേഗത; മഞ്ഞ ബുള്ളറ്റ് ട്രെയിന്‍ ഉപയോഗിക്കുന്നതിന് കാരണമുണ്ട്

യാത്രക്കാരെ കയറ്റില്ല, 443 കിലോമീറ്റര്‍ വേഗത; മഞ്ഞ ബുള്ളറ്റ് ട്രെയിന്‍ ഉപയോഗിക്കുന്നതിന് കാരണമുണ്ട്

2026ല്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയിലും ഓടിത്തുടങ്ങുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പറയുന്നത്. അതിവേഗത്തില്‍ പായുന്ന ട്രെയിന്‍ എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിലെ തന്നെ വലിയ ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയായി ഇന്ത്യ മാറുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ജപ്പാന്‍കാരെ സംബന്ധിച്ച്‌ 1960 കാലഘട്ടം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടുന്നുണ്ട്. 300ല്‍പ്പരം ബുള്ളറ്റ് ട്രെയിനുകളാണ് ജപ്പാനില്‍ ഒരു ദിവസം സര്‍വീസ് നടത്തുന്നത്.

യാത്രാ സൗകര്യം എന്നതിലുപരി രാജ്യത്തിന്റെ മുഖമുദ്രകൂടിയാണ് ജപ്പാന്‍കാര്‍ക്ക് ബുള്ളറ്റ് ട്രെയിനുകള്‍. സാധാരണ ട്രെയിനുകളില്‍ നിന്ന് വേഗതയില്‍ മാത്രമല്ല ബുള്ളറ്റ് ട്രെയിനുകള്‍ വ്യത്യസ്തമാകുന്നത്. രൂപത്തിലും യാത്രക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളിലും സുരക്ഷയിലും എല്ലാംതന്നെ ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍ മാതൃകയാണ്. ജപ്പാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ബുള്ളറ്റ് ട്രെയിനുകളോട് പ്രത്യേക ഇഷ്ടമുണ്ട്.

നീളമുള്ള മുന്‍വശവും വെള്ളനിറമുള്ള ബോഡിയുമാണ് ബുള്ളറ്റ് ട്രെയിനുകളുടെ പൊതുരൂപം. എന്നാല്‍ യാത്രക്കാരെ ആരെയും കയറ്റാത്ത മുഴുവനും മഞ്ഞ നിറമുള്ള ബുള്ളറ്റ് ട്രെയിനും ജപ്പാനിലുണ്ട്. ഡോക്ടര്‍ യെല്ലോ എന്ന് വിളിക്കുന്ന ഈ ബുള്ളറ്റ് ട്രെയിനിന്റെ പ്രത്യേകത എന്താണ്. യാത്രക്കാരെ കയറ്റില്ലെങ്കില്‍ മണിക്കൂറില്‍ 443 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന ഈ ട്രെയിനുകള്‍ കൊണ്ട് എന്താണ് പ്രയോജനം എന്ന് ആലോചിച്ചിട്ടുണ്ടോ?

യാത്രക്കാരെ കയറ്റില്ലെങ്കിലും ജപ്പാനിലെ മൊത്തം ബുള്ളറ്റ് ട്രെയിന്‍ നെറ്റ്‌വര്‍ക്കിനും ഡോക്ടര്‍ യെല്ലോയുടെ സഹായം ആവശ്യമാണ് എന്നതാണ് അതിന്റെ സവിശേഷത. ബുള്ളറ്റ് ട്രെയിനിന്റെയും ഓടുന്ന ട്രാക്കുകളുടേയും പരീക്ഷണ ട്രെയിനാണിത്. ട്രാക്കുകളെ നിരീക്ഷിക്കാനും, അതിലെ തകരാറുകള്‍ മനസിലാക്കാനും, വയറുകള്‍, സിഗ്‌നലുകള്‍, ഉപകരണങ്ങള്‍ എന്നിവയിലെ പ്രശ്നങ്ങള്‍ കണ്ടെത്തലുമാണ് മഞ്ഞ ബുള്ളറ്റ് ട്രെയിനിന്റെ ജോലി. എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ അത് എഞ്ചിനിയര്‍മാരെ അറിയിക്കാനും പ്രശ്‌നം പരിഹരിക്കാനും ഈ ട്രെയിന്‍ സഹായിക്കും.

പെട്ടെന്ന് തിരിച്ചറിയാനാണ് ഈ ട്രെയിനിന് മുഴുവനായും മഞ്ഞ നിറം നല്‍കിയിരിക്കുന്നത്. സാധാരണ ബുള്ളറ്റ് ട്രെയിനുകളേക്കാള്‍ നീളം കുറഞ്ഞ ഡോക്ടര്‍ യെല്ലോ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് ആകെ ഏഴ് കോച്ചുകളാണുള്ളത്. ട്രാക്കുകളും വയറുകളുമെല്ലാം നിരീക്ഷിക്കുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും ട്രെയിനുള്ളിലുണ്ട്. രണ്ട് പൈലറ്റുമാരും മൂന്ന് ട്രാക്ക് ടെക്നീഷ്യന്മാരും നാല് ജോലിക്കാരുമാണ് ട്രെയിനുള്ളത്. ഇത്തരത്തിലുള്ള നിരവധി ട്രെയിനുകളാണ് ട്രാക്കിലൂടെ സുരക്ഷാ പരിശോധന നടത്താനായി ഓടിക്കൊണ്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular