Friday, May 17, 2024
HomeIndia'നീതിന്യായ വ്യവസ്ഥയോട് ബഹുമാനം': രാഹുലിനെ അയോഗ്യനാക്കിയ നടപടി നിരീക്ഷിച്ച്‌ വരികയാണെന്നും യുഎസ്

‘നീതിന്യായ വ്യവസ്ഥയോട് ബഹുമാനം’: രാഹുലിനെ അയോഗ്യനാക്കിയ നടപടി നിരീക്ഷിച്ച്‌ വരികയാണെന്നും യുഎസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിരീക്ഷിച്ച്‌ വരികയാണെന്ന് യുഎസ്. അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കിടുന്നുണ്ടെന്നും യു എസ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പ്രതികരിച്ചു.

രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിപക്ഷ പ്രതിഷേധം പുകയുന്നതിനിടെയാണ് യുഎസ് പ്രതികരണം.

‘നിയമവാഴ്ചയോടും നീതിന്യായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനശിലയാണ്. ഇന്ത്യയിലെ കോടതിയില്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട നടപടികള്‍ ഞങ്ങള്‍ നിരീക്ഷിക്കുകയാണ്’, യഎസ് വ്യക്തമാക്കി.

‘ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. നമ്മുടെ രണ്ട് ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു താക്കോലായി ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംരക്ഷണങ്ങളും ഞങ്ങള്‍ മുറുകെ പിടിക്കും’, വേദാന്ത പട്ടേല്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ യുഎസിന് പ്രത്യേക താത്പര്യം ഇല്ലെന്നും പട്ടേല്‍ പ്രതികരിച്ചു.

‘ഉഭയകക്ഷി ബന്ധമുള്ള ഏത് രാജ്യത്തും പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളുമായി ഇടപഴകുകയെന്നത് സാധാരണ വിഷയം മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ച്‌ എന്തെങ്കിലും താത്പര്യം ഞങ്ങള്‍ക്കില്ല’, വേദാന്ത പട്ടേല്‍ വ്യക്തമാക്കി.

അതിനിടെ അയോഗ്യത നടപടി നേരിട്ടതിന് പിന്നാലെ ഔദ്യോഗിക വസതിയൊഴിയാന്‍ ഒരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. നിലവില്‍ രാഹുല്‍ താമസിക്കുന്ന തുഗ്ലക്ക് ലെയിനിലെ വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസതി ഒഴിയുമെന്ന് രാഹുല്‍ വ്യക്തമാക്കിയത്.

താന്‍ ലോക്സഭ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം പാലിക്കുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് കത്ത് നല്‍കി. നാലു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്ത വ്യക്തിയെന്ന നിലയില്‍, ഇവിടെ ചെലവഴിച്ച സന്തോഷകരമായ നാളുകള്‍ക്ക് താന്‍ ജനങ്ങളോട് കടപ്പെട്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

അതേസമയം അയോഗ്യനാക്കപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കുറച്ചേക്കില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച്‌ സി ആര്‍ പി എഫ് അവലോകനം ചെയ്യും. സി ആര്‍ പി എഫിന്റെ എ എസ് എല്‍ കാറ്റഗറി സെക്യൂരിറ്റി കവറോടുകൂടിയ ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കി വരുന്നത്.എസ് പി ജി സുരക്ഷ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയാണിത്. രാഹുല്‍ ഗാന്ധിയുടെ ബംഗ്ലാവിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷയിലുള്ള സമിതിയാണ് ഏത് കാറ്റഗറി സുരക്ഷ നല്‍കണം എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നത്. നിലവില്‍ സുരക്ഷ കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോയിട്ടില്ലെന്നും അതേസമയം ഇനി രാഹുല്‍ ഗാന്ധി താമസിക്കുന്ന സ്ഥലത്തെ സുരക്ഷ സംബന്ധിച്ച്‌ അവലോകനം നടത്തേണ്ടതുണ്ടെന്നും അധികതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular