Friday, May 17, 2024
HomeIndiaഹിജാബ് അഴിച്ചുമാറ്റാന്‍ യുവതിയെ നിര്‍ബന്ധിച്ചു; ദൃശ്യം പ്രചരിപ്പിച്ചു; 7 പേര്‍ അറസ്റ്റില്‍

ഹിജാബ് അഴിച്ചുമാറ്റാന്‍ യുവതിയെ നിര്‍ബന്ധിച്ചു; ദൃശ്യം പ്രചരിപ്പിച്ചു; 7 പേര്‍ അറസ്റ്റില്‍

വെല്ലൂര്‍ : തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍.

തിങ്കളാഴ്ച വെല്ലൂര്‍ കോട്ടയില്‍ സന്ദര്‍ശനത്തിന് എത്തിയ യുവതിയെയാണ് ഹിജാബ് അഴിച്ചുമാറ്റണമെന്ന ആവശ്യപ്പെട്ട് ഏഴു പേര്‍ ചേര്‍ന്ന് തടഞ്ഞുവച്ചത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് കുറ്റക്കാരെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഉള്‍പ്പെടെ ഏഴു പേരെയാണ് കസ്റ്റഡിയിലെടുത്തത്. 18 വയസ് തികയാത്ത യുവാവിനെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. എസ്.ഇമ്രാന്‍ പാഷ, കെ.സന്തോഷ്, ഇബ്രാഹിം ബാഷ, സി.പ്രശാന്ത്, അഷ്‌റഫ് ബാഷ, മുഹമ്മദ് ഫൈസല്‍ എന്നിവരും ഒരു പതിനേഴുകാരനുമാണ് അറസ്റ്റിലായത്.

ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയുമാണ് തടഞ്ഞുനിര്‍ത്തിയത്. കോട്ടയ്ക്കുള്ളില്‍ പ്രവേശിക്കുന്നവര്‍ ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രോശം. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും പിന്നാലെ നടക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ദൃശ്യങ്ങള്‍ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് അക്രമികള്‍ക്കെതിരെ ഉയര്‍ന്നുവന്നത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്വമേധയാ കേസെടുത്തു.

പിടിയിലായവരില്‍ കൂടുതല്‍ പേരും ഓട്ടോ ഡ്രൈവര്‍മാരാണ്. റിമാന്‍ഡിലായ ഇവരുടെ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കോട്ടയില്‍ പൊലീസ് പരിശോധന ശക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular