Saturday, May 18, 2024
HomeIndia23കാരിയെ മേയറാക്കി കോണ്‍ഗ്രസ്: ത്രിവേണി ബെല്ലാരി മേയര്‍

23കാരിയെ മേയറാക്കി കോണ്‍ഗ്രസ്: ത്രിവേണി ബെല്ലാരി മേയര്‍

ബംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബെല്ലാരിയില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്.

യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബെല്ലാരി സിറ്റിയുടെ പുതിയ മേയറായി 23കാരി ത്രിവേണിയെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ത്രിവേണി.

മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നാഗരത്നമ്മയെ തോല്‍പ്പിച്ചാണ് പാരാ മെഡിക്കല്‍ എഞ്ചിനീയറായ ത്രിവേണി കോര്‍പറേഷന്റെ സാരഥ്യമേറ്റെടുത്തത്. ത്രിവേണിക്ക് 28 ഉം നാഗരത്നമ്മയ്ക്ക് 16 ഉം വോട്ടുകിട്ടി. എക്സ് ഒഫീഷ്യോ അംഗങ്ങളായ എംഎല്‍എ, എംഎല്‍സി, എംപിമാര്‍ ഉള്‍പ്പെടെ 44 പേരാണ് കോര്‍പറേഷനിലുള്ളത്. വോട്ടെടുപ്പില്‍ അഞ്ച് സ്വതന്ത്രരുടെ പിന്തണയും കോണ്‍ഗ്രസിന് ലഭിച്ചു.

മേയര്‍ തസ്തികയ്ക്കായി കോണ്‍ഗ്രസില്‍ മൂന്നു കൗണ്‍സിലര്‍മാര്‍ രംഗത്തുണ്ടായിരുന്നു. ത്രിവേണിക്ക് പുറമേ, ഉമാദേവി, കുബേരപ്പ എന്നിവരാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വ്യക്തമായതോടെ 13 അംഗങ്ങളുള്ള ബിജെപി ചരടുവലി ആരംഭിച്ചു. നേതൃത്വത്തോട് എതിര്‍പ്പുള്ള അംഗങ്ങളെയും സ്വതന്ത്രരെയും കൂടെ നിര്‍ത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. എന്നാല്‍ കെപിസിസി നിരീക്ഷകന്‍ ചന്ദ്രപ്പയുടെ അനുനയ ശ്രമങ്ങളില്‍ പാര്‍ട്ടിക്കകത്ത് സമവായം ഉരുത്തിരിയുകയായിരുന്നു.

21-ാം വയസ്സില്‍ കൗണ്‍സിലറായി വിജയിച്ച ത്രിവേണിയുടെ അമ്മ സുശീലഭായ് മുന്‍ ബെല്ലാരി മേയറായിരുന്നു. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാനമേറ്റെടുത്ത ശേഷം മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

33-ാം വാര്‍ഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി. ജാനകിയാണ് ഡെപ്യൂട്ടി മേയര്‍. ഈ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular