Sunday, May 19, 2024
HomeIndiaകര്‍ണാടകയിലെ 'പശുഗുണ്ടാ' കൊലപാതകം: പ്രതി സംഘപരിവാര്‍ നേതാക്കളുടെ അടുപ്പക്കാരന്‍, സ്ഥിരം കുറ്റവാളി

കര്‍ണാടകയിലെ ‘പശുഗുണ്ടാ’ കൊലപാതകം: പ്രതി സംഘപരിവാര്‍ നേതാക്കളുടെ അടുപ്പക്കാരന്‍, സ്ഥിരം കുറ്റവാളി

ബെംഗളൂരു : കര്‍ണാടകയിലെ രാംനഗര ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച്‌ കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതി പുനീത് കേരെഹള്ളി സംഘ്പരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധയുള്ളയാളും സ്ഥിരം കുറ്റവാളിയും.

തീവ്ര ഹിന്ദുത്വ സംഘടനയായ രാഷ്ട്ര രക്ഷണ പാഡെ (ദേശീയ സുരക്ഷാ സംഘടന)യുടെ പ്രസിഡന്റ് ആണ് പുനീത് കേരെഹള്ളി. ഹലാല്‍ ഭക്ഷണത്തിനെതിരെയും ഹിന്ദു ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ മുസ്ലിം വ്യാപാരികളെ ബഹിഷ്‌കരിക്കാനും നിരന്തരം പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

കൊലപാതകം പുനീതിന്റെ നേതൃത്വത്തിലാണ് നടന്നത് എന്ന് വ്യക്തമായതിന് ശേഷം, സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കര്‍ണാടകയിലെ ബി ജെ പി നേതാക്കളായ തേജസ്വി സൂര്യ, കപില്‍ മിശ്ര, കെ അണ്ണാമലൈ, സി ടി രവി അടക്കം നിരവധി പേര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടായാണുള്ളത്. ചിലത് പുനീതിനെ ഷാള്‍ അണിയിച്ച്‌ ആദരിക്കുന്നതാണ്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക, അക്രമം തുടങ്ങിയ കേസുകളില്‍ നേരത്തേയും പുനീത് പ്രതിയാണ്. ടിപ്പു സുല്‍ത്താന്റെ ചിത്രം നശിപ്പിച്ചതിന് 2021 സെപ്തംബറില്‍ ഇയാളടക്കം മൂന്ന് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ മാധ്യമശ്രദ്ധ ലഭിച്ച സംഭവമായിരുന്നു ഇത്. പ്രധാന ക്ഷേത്രങ്ങളുടെ പരിസരത്ത് മുസ്ലിം വ്യാപാരികളെ അനുവദിക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. പശുക്കടത്തുകാരെന്ന് ആരോപിച്ച്‌ ആളുകളെ പുനീത് ഉപദ്രവിക്കുന്നതും ആക്രമിക്കുന്നതും ഉള്‍പ്പെടുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി തോക്ക് വില്‍ക്കുന്ന ഒരാളെ ഉപദ്രവിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്.

ബെംഗളൂരുവിലെ ബേഗൂര്‍ തടാകത്തില്‍ നിയമവിരുദ്ധമായി കൃത്രിമമായി നിര്‍മിച്ച ദ്വീപില്‍ ശിവവിഗ്രഹം അനാച്ഛാദനം ചെയ്തതിനു ഉത്തരവാദിയാണ് പുനീത് കേരെഹള്ളി. ഗൗരവമേറിയ സംഭവമാണ് ഇതെന്ന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക തന്റെ ഉത്തരവില്‍ പറഞ്ഞിരുന്നു. തടാകത്തില്‍ ദ്വീപ് നിര്‍മിക്കുന്നത് തന്നെ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണ്. അങ്ങനെ നിര്‍മിച്ച ദ്വീപില്‍ ശിവ പ്രതിമ സ്ഥാപിക്കുന്നതും പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

ഏപ്രില്‍ ഒന്നിനാണ് രാമനഗരയിലെ സാത്തന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇദ്രീസ് പാഷ എന്ന കന്നുകാലി വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും നിയമവിധേയമായി കന്നുകാലികളെ കൊണ്ടുപോകുന്നയാളാണ് പാഷ. കൊലപാതകത്തിന് പിന്നില്‍ പശുഗുണ്ടകളാണെന്ന് പാഷയുടെ ബന്ധുക്കള്‍ ആരോപിക്കുകയും കനത്ത പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തതോടെ സാത്തന്നൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച്‌ 31ന് രാത്രിയാണ് സംഭവം നടന്നത്. കന്നുകാലികളെ കൊണ്ടുപോകുന്ന ലോറിയില്‍ പാഷയടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സാത്തന്നൂരിന് സമീപം വെച്ച്‌ സ്വയം പ്രഖ്യാപിത പശു ഗുണ്ടകള്‍ ലോറി പിന്തുടരുകയും തടയുകയും ചെയ്തു. നിയമവിരുദ്ധമായാണ് കന്നുകാലി കടത്തെന്നും വെറുതെ വിടണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്നും പുനീത് കേരെഹള്ളി പാഷയോട് ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് പാഷ പറഞ്ഞതോടെ, പുനീത് ഇയാളെ ക്രൂരമായി മര്‍ദിച്ചു. പാഷ സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു. നിയമവിധേയമായാണ് കന്നുകാലികളെ കൊണ്ടുപോയതെന്ന് കാണിക്കുന്ന തെളിവുകള്‍ പാഷയുടെ കൈവശമുണ്ടായിരുന്നു. ഇത് ബന്ധുക്കള്‍ ഹാജരാക്കിയിട്ടുണ്ട്.

വാഹനത്തില്‍ 16 പശുക്കളാണ് ഉണ്ടായിരുന്നതെന്ന് ലോറി ഡ്രൈവര്‍ സയീദ് സഹീര്‍ പറഞ്ഞു. മാണ്ഡ്യയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കായിരുന്നു കാലികളെ കൊണ്ടുപോയത്. നേരത്തേയും സമാന സംഭവമുണ്ടായതായി സഹീര്‍ പറയുന്നു. അന്ന് സാത്തന്നൂരിലെ ശാന്തെമല സര്‍ക്കിളില്‍ വെച്ചാണ് കാറിലെത്തിയ സംഘം ലോറി തടഞ്ഞത്. അഞ്ച് പേരാണ് ലോറിയിലുണ്ടായിരുന്നത്. ലോറി പിന്നീട് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കാലികളെ മാത്രമല്ല, അരിയും ഗോതമ്ബുമടക്കമുള്ള ചരക്കുകള്‍ കൊണ്ടുപോകുന്ന ലോറി ഡ്രൈവറാണ് പാഷയെന്ന് സഹോദരന്‍ യൂനുസ് പറഞ്ഞു. മുസ്ലിം ആയതിനാലാണ് പശുഗുണ്ടകള്‍ മര്‍ദിച്ച്‌ കൊന്നത്. പണം നല്‍കാന്‍ ഭീഷണിപ്പെടുത്തി. പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചു. ഞങ്ങളെന്തിന് പാക്കിസ്ഥാനിലേക്ക് പോകണം? നിങ്ങള്‍ അത്രമാത്രം പാക്കിസ്ഥാനെ ഇഷ്ടപ്പെടുന്നെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ അവിടേക്ക് പോകുന്നില്ല? മറ്റൊരു കുടുംബത്തിനും ഈ ഗതിയുണ്ടാകരുത്. ഇത് അവസാനിപ്പിക്കണം. തന്റെ സഹോദരന്റെ മക്കളെ ആര് നോക്കുമെന്നും യൂനുസ് ചോദിക്കുന്നു. പുനീതിന്റെ പരാതിയില്‍ ഡ്രൈവര്‍ സഹീറിനെതിരെ പശുക്കശാപ്പ് നിരോധ നിയമം അടക്കമുള്ളവ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകം രാജ്യത്തെങ്ങും നടക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ഹരിയാനയില്‍ പശുഗുണ്ടകള്‍ രാജസ്ഥാനികളായ രണ്ട് മുസ്ലിം യുവാക്കളെ വാഹനത്തിലിട്ട് ചുട്ടുകൊന്നിരുന്നു. ഇതുവരെയായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ 2018ല്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 2021 മുതല്‍ വിദ്വേഷ പ്രസംഗത്തിനെതിരെ ഇടക്കിടെ സുപ്രീം കോടതി ഇടപെടലുകള്‍ നടത്തുന്നുമുണ്ട്. ഇത് തടയുന്നതില്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെടുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular