Saturday, May 18, 2024
HomeUSAഓശാന ആഘോഷത്തിൽ അമേരിക്കയിൽ പള്ളികൾ എല്ലാം നിറഞ്ഞു കവിഞ്ഞു

ഓശാന ആഘോഷത്തിൽ അമേരിക്കയിൽ പള്ളികൾ എല്ലാം നിറഞ്ഞു കവിഞ്ഞു

ന്യു യോർക്ക് : ഓശാന ആഘോഷത്തിൽ അമേരിക്കയിൽ പള്ളികൾ എല്ലാം നിറഞ്ഞു കവിഞ്ഞു. കഴുതപ്പുറത്തേറി യേശു ജറുസലേമിലേക്കു പ്രവേശിക്കുമ്പോൾ ഓശാന പാടി അവനെ ജനം  വരവേറ്റതിന്റെ  ഓർമ്മ ആചരിച്ചപ്പോൾ   ദേവാലയങ്ങളിലൊന്നും നിന്ന് തിരിയാൻ ഇടമില്ലായിരുന്നു.

എല്ലാ വിഭാഗം  ക്രൈസ്തവ  ദേവാലയങ്ങളുടെയും സ്ഥിതി ഇതായിരുന്നു. പെസഹായും യേശുവിന്റെ കുരിശുമരണവും ആചരിക്കുന്ന ഈ കഷ്ടാനുഭവ  ആഴ്ച മുഴുവൻ ഇത് തന്നെയാണ് പള്ളികളിലെ സ്ഥിതി.   ഈസ്റ്റർ ഞായർ വരെ അത് തുടരും.

സെന്റ് പാട്രിക്ക് കത്തീഡ്രലിൽ ചടങ്ങുകൾ

പള്ളികളിൽ ആരും പോകുന്നില്ലെന്നും പള്ളികൾ  അടച്ചുപൂട്ടുകയാണെന്നുമുള്ള പ്രചാരണങ്ങൾക്കിടയിലാണ് വിശ്വാസത്തിന്റെ ഈ വ്യക്തമായ പ്രകടനം. അമേരിക്കയിൽ ക്രൈസ്തവ വിശ്വാസം സുദൃഢമാണെന്നും ദൈവത്തെ കൈവിടാൻ ജനത ഒരുങ്ങുന്നില്ലെന്നുമുള്ള സന്ദേശം  കൂടിയായി ഇത്. മതവിശ്വാസത്തിനെതിരെ തീവ്ര ഇടതുപക്ഷം വാളെടുക്കുകയും തീവ്ര വലതുപക്ഷം മാനവികതക്കു   വിരുദ്ധമായ നിലപാടുകൾ   എടുക്കുകയും ചെയ്യുമ്പോഴും ക്രിസ്തു നൽകിയ സ്നേഹത്തിന്റെ സന്ദേശം ജനഹൃദയങ്ങളിൽ നിന്ന് അന്യം നിന്ന് പോകുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്.

നാട്ടിലെ പള്ളികളിലെന്ന പോലെ കുരുത്തോല ഏന്തി പല പള്ളികളിലും പ്രദക്ഷണവും നടന്നു. പ്രത്യേകിച്ച് മലയാളി പള്ളികളിൽ.

സെന്റ് പാട്രിക്ക് കത്തീഡ്രൽ

ന്യു യോർക്ക് സിറ്റിയിൽ സെന്റ് പാട്രിക്ക് കത്തീഡ്രലിൽ ചടങ്ങുകൾക്ക് കർദിനാൾ തിമത്തി  ഡോളൻ  നേതൃത്വം നൽകി.

അനുഗ്രഹീതമായ  ഓശാന  ഞായർ അദ്ദേഹം ആശംസിച്ചു. കുരുത്തോലകൾ വീശിയത്   വിജയത്തിന്റെ തെളിവായി അലയടിച്ചു. ആലോചിച്ചു നോക്കിയാൽ ഈസ്റ്റർ ദിനത്തിൽ അടുത്ത ഞായറാഴ്ച  കുരുത്തോലകൾ  വീശി വിജയപ്രഖ്യാപനം നടത്തുന്നതാണ്  കൂടുതൽ അനുയോജ്യം. അപ്പോഴാണ് നമ്മൾ എക്കാലത്തെയും വലിയ വിജയം ആഘോഷിക്കുന്നത്-കര്ദിനാള് സന്ദേശത്തിൽ പറഞ്ഞു.

പള്ളികളിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സുവിശേഷ ഭാഗങ്ങൾ വായിച്ചു. ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓർമ്മ ആചരിക്കുമ്പോൾ ജീവിതത്തെ വിശുദ്ധമാക്കാനും വിശ്വാസത്തെ ദീപ്തമാക്കാനും ഇടയന്മാർ ആഹ്വാനം ചെയ്തു.

വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചുള്ള ഓശാന പല സ്റ്റേറ്റുകളിലും നല്ല കാലാവസ്ഥയിലാണ് നടന്നത്. എന്നാൽ ചിലയിടങ്ങളിൽ മഞ്ഞും ചുഴലിക്കൊടുങ്കാറ്റ് വിതച്ച ദുരന്തവും  മരണവും ആഘോഷങ്ങളിൽ കരിനിഴൽ വീഴ്ത്തി.

എട്ടു യുഎസ് സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ചുഴലി കൊടുംകാറ്റിൽ മരണ സംഖ്യ 21.   ഇല്ലിനോയിലെ നാല് മരണങ്ങളോടെയാണ് എണ്ണം 21ൽ എത്തിയത്. ടെനസിയിലെ ഒരു കൗണ്ടിയിൽ ഏഴു പേർ മരിച്ചു. അർകാൻസോയിലെ വൈൻ പട്ടണത്തിൽ നാലു പേർ. ഇന്ത്യാനയിലെ സള്ളിവനിൽ മൂന്ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular