Friday, May 3, 2024
HomeKeralaതാനൂര്‍‌ ബോട്ടപകടം: ബോട്ട് ഉടമയ്‌ക്കെതിരെ നരഹത്യാകുറ്റം ചുമത്തി കേസ്

താനൂര്‍‌ ബോട്ടപകടം: ബോട്ട് ഉടമയ്‌ക്കെതിരെ നരഹത്യാകുറ്റം ചുമത്തി കേസ്

മലപ്പുറം : താനൂര്‍ 22 പേര്‍ മരിച്ച അപക‌ടത്തില്‍ ബോട്ട് ഉടമയ്ക്കെതിരെ കേസെടുത്തു. ബോട്ടുടമ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ‌മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇതേ സമയം ,ബോട്ടിന്‍റെ ഉടമ ഒളിവില്‍ കഴിയുന്ന നാസറിന്‍റെ വാഹനം വാഹനപരിശോധനക്കിടെ കൊച്ചിയില്‍ പിടികൂടി. കാറിലുണ്ടായിരുന്ന നാസറിന്‍റെ ബന്ധുക്കളെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

കസ്റ്റഡിയിലെടുത്തവരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നാസര്‍ ഇപ്പോഴും ഒളിവിലാണ്. താനൂര്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്തായാണ് നാസറിന്‍റെ വീട്.

തൂവല്‍തീരത്ത് അപകടമുണ്ടാക്കിയ ബോട്ട് യാത്ര ആരംഭിക്കുന്ന ജെട്ടിയില്‍ കെട്ടിയുണ്ടാക്കിയ മരം കൊണ്ടുള്ള നടപ്പാതക്ക് ഇന്ന് രാവിലെ അജ്ഞാതര്‍ തീയിട്ടിരുന്നു. മത്സ്യബന്ധന ബോട്ട് യാത്രാ ബോട്ടായി രൂപമാറ്റം വരുത്തിയാണ് വിനോദസഞ്ചാരികളെ കയറ്റി സവാരി നടത്തിയിരുന്നത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചാരികളുമായി അറ്റ്ലാന്റിക് എന്ന ഇരുനിലയുള്ള ബോട്ട് അപകടത്തില്‍പ്പെട്ടത്. തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോള്‍ ചരിഞ്ഞ് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പൂര്‍ണ്ണമായും മുങ്ങിയ ബോട്ട് തല്ലിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുക്കാനായത്.

അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യമടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ട് രൂപം മാറ്റി ഉണ്ടാക്കിയതാണ് വിനോദസഞ്ചാര ബോട്ടെന്നാണ് സംശയം. യാര്‍ഡില്‍ പോയി ബോട്ടിന് മാറ്റം വരുത്തിയതാണെന്നാണ് സൂചന. അറ്റ്‍ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാന്‍ ലൈസന്‍സ് കിട്ടിയതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular