Friday, May 17, 2024
HomeIndiaന്യൂനപക്ഷങ്ങളെ ലക്‌ഷ്യം വച്ചു ഇന്ത്യയിൽ നടത്തുന്ന അക്രമങ്ങളെ യുഎസ് അപലപിച്ചു

ന്യൂനപക്ഷങ്ങളെ ലക്‌ഷ്യം വച്ചു ഇന്ത്യയിൽ നടത്തുന്ന അക്രമങ്ങളെ യുഎസ് അപലപിച്ചു

ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ലക്‌ഷ്യം വച്ചു നടത്തുന്ന അക്രമങ്ങളെ യുഎസ് വിദേശകാര്യ വകുപ്പ് അപലപിച്ചു. വീടുകൾ പൊളിക്കുന്നതും മുസ്ലിങ്ങൾക്ക് എതിരെ വിദ്വേഷ പ്രസംഗം നടത്തുന്നതും ചൂണ്ടിക്കാട്ടി.

ലോകമൊട്ടാകെ മതസ്വാതന്ത്ര്യത്തിനു എതിരെ നടക്കുന്ന അക്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ സ്ഥിതിവിശേഷം യുഎസ് ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയിൽ നിയമപാലകർ മത ന്യൂനപക്ഷങ്ങൾക്കെതിരെ പല സംസ്ഥാനങ്ങളിൽ നടത്തുന്ന അക്രമങ്ങളുടെ വിശദാംശങ്ങൾ യുഎസ് വിദേശകാര്യ വകുപ്പ് 2022ലെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പുറത്തു വിട്ടു കൊണ്ട്, പുരോഗതി ഉണ്ടെങ്കിലും അക്രമങ്ങൾ തുടർന്നുണ്ടെന്നു സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. “പലപ്പോഴും വളരെ അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രവണതകൾ വർധിച്ചു വരികയാണ്.”

നേരത്തെ വിദേശകാര്യ വകുപ്പിന്റെ വക്‌താവ്‌ മാധ്യമങ്ങളോട് പറഞ്ഞു: “ഇന്ത്യയിൽ ക്രിസ്ത്യാനികൾ, മുസ്ലിംകൾ, സിക്കുകാർ, ഹിന്ദു ദളിതർ, ആദിവാസികൾ തുടങ്ങിയവർക്കെതിരെ തുടർച്ചയായി ലക്‌ഷ്യം വച്ചുള്ള അക്രമം നടക്കുന്നു. മനുഷ്യത്വത്തിനു നിരക്കാത്ത രൂക്ഷ ഭാഷ ഉപയോഗിക്കുന്നു. മുസ്ലിംകളെ വംശഹത്യ നടത്താൻ പരസ്യമായി ആഹ്വാനം ചെയ്യുന്നു. ആൾക്കൂട്ട കൊല, മറ്റു വിദ്വേഷ അതിക്രമങ്ങൾ, ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണം, ഇവയൊക്കെ പതിവാണ്. അക്രമികൾക്കു പലപ്പോഴും സംരക്ഷണം ലഭിക്കുന്നുമുണ്ട്.

“സർക്കാർ തലത്തിൽ ചില മതങ്ങളുടെ വസ്ത്രധാരണ രീതിക്കെതിരെ നിയന്ത്രണം കൊണ്ടുവന്നതും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.”

വിദേശകാര്യ വകുപ്പിൽ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അംബാസഡർ അറ്റ് ലാർജ് റഷാദ് ഹുസ്സൈൻ 2021ലെ ഹരിദ്വാർ പ്രസംഗങ്ങൾ പ്രത്യേകിച്ചു പ്രശ്‌നമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. “ഹരിദ്വാർ നഗരത്തിൽ മുസ്ലിങ്ങൾക്കെതിരെ നടത്തിയ അതിരൂക്ഷമായ വിദ്വേഷ പ്രസംഗം ഇന്ത്യയിൽ വിവിധ മതവിഭാഗങ്ങളുടെ നേതാക്കൾ ശക്തമായി അപലപിച്ചിരുന്നു.”

2021 ഡിസംബറിൽ ധർമ സൻസദ് എന്ന പേരിൽ ഹരിദ്വാറിൽ നടന്ന ത്രിദിന സമ്മേളനത്തിൽ മുസ്ലിങ്ങൾക്കെതിരെ ആയുധമെടുക്കാനുള്ള ആഹ്വാനം ഉണ്ടായി. ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തിരുന്നു.

റഷ്യ, ചൈന, അഫ്ഘാനിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെയും റിപ്പോർട്ടിൽ വിമർശിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മതസ്വാതന്ത്ര്യ ധ്വംസനം യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടുകളിൽ മുൻപും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യ അതു എപ്പോഴും തള്ളിക്കളഞ്ഞിരുന്നു. മറ്റു രാജ്യങ്ങളെ ന്യായം വിധിക്കാൻ യുഎസിന് എന്തധികാരം എന്ന് ഇന്ത്യ ചോദിച്ചിട്ടുമുണ്ട്.

അന്താരാഷ്ട്ര മത സ്വാതന്ത്ര്യങ്ങൾക്കുള്ള യുഎസ് കമ്മിഷൻ ആവട്ടെ, ഇന്ത്യയെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രത്യേക ആശങ്കയോടെ കാണേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഉൾപെടുത്താൻ കമ്മീഷൻ നാലു തവണ നിർദേശിക്കുകയും ചെയ്‌തു. എന്നാൽ വിദേശകാര്യ വകുപ്പ് ആ ശുപാർശ കണക്കിലെടുത്തിട്ടില്ല.

US deplores targeted attacks on minorities in India

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular