Monday, May 13, 2024
HomeIndiaഅന്ന് രണ്ടാമന്‍ ഇന്ന് ഒന്നാമന്‍

അന്ന് രണ്ടാമന്‍ ഇന്ന് ഒന്നാമന്‍

കേരള സംഗീതനാടക അക്കാദമിയുടെ ഏറ്റവും നല്ല നടനുള്ള പുരസ്കാരം വൈപ്പിൻ പള്ളിപ്പുറം സ്വദേശി ബിജു ജയാനന്ദൻ നേടിയത് ആത്മസമര്‍പ്പണത്തിന്റെ കനല്‍വഴികള്‍ താണ്ടി.

കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരത്തില്‍നിന്നാണ് ഇത്തവണ ഒന്നാമത് എത്തിയത്. ഈ അപൂര്‍വനേട്ടം ബിജുവിനുമാത്രം സ്വന്തം. ഹേമന്ദ് കുമാര്‍ രചിച്ച്‌ രാജേഷ് ഇരുളം സംവിധാനംചെയ്ത രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകത്തിലെ സത്യപ്രതാപൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബിജു ജയാനന്ദൻ മികച്ച നടനായത്. ഏറ്റവും മികച്ച നാടകവും രണ്ടു നക്ഷത്രങ്ങള്‍ തന്നെ. കൂടാതെ ഏറ്റവും മികച്ച സംവിധായകനുള്ള അവാര്‍ഡ് രാജേഷ് ഇരുളത്തിനും ഏറ്റവും മികച്ച രണ്ടാമത്തെ നാടകരചനയ്ക്കുള്ള അവാര്‍ഡ് ഹേമന്ദ് കുമാറും നേടി.

നാടകക്കാരുരെയും രചയിതാക്കളെയും സംഭാവന ചെയ്ത മണ്ണ്. 1939ല്‍ പി ജെ ചെറിയാന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പറുദീസ നഷ്ടം എന്ന നാടകത്തില്‍ ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് എന്നിവര്‍ അഭിനയിച്ചിരുന്നു. പിൻതലമുറയില്‍പ്പെട്ട ശങ്കരാടി, ഞാറയ്ക്കല്‍ ശ്രീനി, ബാലൻ അയ്യംപിള്ളി, ജേക്കബ് ഞാറയ്ക്കല്‍, ബെന്നി പി നായരമ്ബലം, ചെറായി സുരേഷ് എന്നിവരൊക്കെ വൈപ്പിൻകരയിലെ നാടക ചരിത്രത്തെ ദീപ്തമാക്കിയവരാണ്.

ചെറായി, പള്ളിപ്പുറം ഗ്രാമത്തില്‍ യുവശക്തി ക്ലബ് സംഘടിപ്പിച്ച സി എല്‍ ജോസിന്റെ നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് ബിജു തന്റെ അഭിനയ യാത്രയ്ക്ക് നാന്ദികുറിച്ചത്. പിന്നീട് ആലുവ ശാരികയുടെ സരയു സാക്ഷിയില്‍.

ബിജു ജയാനന്ദൻ മറ്റൊരാള്‍ക്ക് പകരക്കാരനായി എത്തി. ശാരികയില്‍ അഭിനയിക്കാൻ ഒരാളെ തേടുന്നുണ്ടന്ന വിവരം പറഞ്ഞത് ബിജുവിന്റെ മാതൃസഹോദരനും പ്രശസ്ത നടനുമായ സലിംകുമാര്‍ ആയിരുന്നു. മുരുകനായിരുന്നു സംവിധായകൻ. ബിജുവിന് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തതും മുരുകൻതന്നെ. ബാലൻ അയ്യൻ പള്ളിയുടെ രചനയില്‍ നിരവധി നാടകം. തുടര്‍ന്ന് കൊച്ചിൻ ഭരതില്‍ എത്തുന്നു.

കൊച്ചിൻ സിദ്ധാര്‍ഥയില്‍ ഞാറയ്ക്കല്‍ ശ്രീനിയുടെ സംവിധാനത്തിലും ബെന്നി പി നായരമ്ബലത്തിന്റെ രചനയിലും ദൈവം കോപിക്കാറില്ല, ഇവള്‍ എന്റെ മണവാട്ടി, മഹാനായ മത്തായി,അപ്പുപ്പന് 100 വയസ്സ്, സ്വര്‍ഗത്തേക്കാള്‍ സുന്ദരം, മഴവില്‍ കിനാവ് തുടങ്ങിയ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ ബിജു തിളങ്ങി. മൈക്കിനു മുന്നില്‍ വന്ന് മസില്‍ പിടിച്ച്‌ ഘടാഘടിയൻ ഡയലോഗ് പറയുന്നതല്ല അഭിനയമെന്നും ജീവിതത്തിന്റെ റിയാലിറ്റി, സ്വാഭാവികതയൊക്കെയാണ് നടന്റെ അടിസ്ഥാന ഗുണങ്ങള്‍ എന്നും കഥാപാത്രത്തെ തന്നിലേക്ക് ലയിപ്പിക്കുന്നവനാണ് നടനെന്നും ഞാറയ്ക്കല്‍ ശ്രീനിയില്‍നിന്നും പഠിച്ചു. അതിനുശേഷം മാതൃസഹോദരൻ നടൻ സലിംകുമാറിന്റെ കൊച്ചിൻ ആരതിയുടെ ദുബായ് കത്ത്, അമ്മ തറവാട്, അവൻ അടുക്കളയിലേക്ക് തുടങ്ങിയ നാടകങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാൻ അവസരംകിട്ടി. ഹേമന്ദ് കുമാര്‍ / രാജേഷ് ഇരുളം ടീം ഒരുക്കിയ സാമൂഹ്യപാഠം നാടകത്തില്‍ ബിജു അവതരിപ്പിച്ച ഷോബി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മറക്കാൻ കഴിയില്ല. പാലാ കമ്യൂണിക്കേഷൻസിന്റെ ഫെയ്സ്ബുക്കില്‍ കണ്ട മുഖം എന്ന നാടകത്തിലും ബിജു ഉണ്ടായിരുന്നു. ചില നേരങ്ങളില്‍ ചിലര്‍, വെയില്‍ എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ ബിജുവിന്റെ അഭിനയ ജീവിതത്തില്‍ അവിസ്മരണീയമായിരുന്നു. അഞ്ചുവര്‍ഷംമുമ്ബ് വെയില്‍ നാടകത്തില്‍ തലനാരിഴയ്ക്കാണ് മികച്ച നടനുള്ള പുരസ്കാരം നഷ്ടപ്പെട്ടത്.

ഓട്ടോറിക്ഷാ തൊഴിലാളി, പൊതുപ്രവര്‍ത്തകൻ, വായനക്കാരൻ… അഭിനയ തികവുകൊണ്ട് അരങ്ങിനെ വിസ്മയിപ്പിക്കുന്ന ബിജു പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ മെമ്ബറാണ്. ഇപ്പോള്‍ സിപിഐ എം പള്ളിപ്പുറം ലോക്കല്‍ കമ്മിറ്റി അംഗമാണ്. നാടകമില്ലാത്തപ്പോള്‍ സ്വന്തമായി വാങ്ങിയ ഓട്ടോ റിക്ഷയോടിച്ച്‌ ജീവിതത്തിന്റെ വഴി കണ്ടെത്തുന്നു. ഒഴിവ് സമയങ്ങളില്‍ പുസ്തകവായനയാണ് ഹോബി. വായന തന്റെ അഭിനയ ജീവിതത്തിന് കരുത്തുനല്‍കുന്നതായി ബിജു പറഞ്ഞു.

തന്റെ ഈ നേട്ടങ്ങളൊന്നും കാണാൻ അമ്മയില്ലാതെ പോയത് ബിജുവിന്റെ സ്വകാര്യ സങ്കടമാണ്. അമ്മ സരോജ ബിജുവിന് 11 വയസ്സുള്ളപ്പോള്‍ മരിച്ചു. അച്ഛൻ: ജയാനന്ദൻ. സഹോദരി: ബിന്ദു. ഭാര്യ: ഷാലിമ. മക്കള്‍: ഭരത് കൃഷ്ണ ,ശ്വേത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular