Saturday, May 18, 2024
HomeKeralaമരുന്നുശാലകളിലെ തീപിടിത്തത്തിന് ഒരുമാസം:കത്തിപ്പടര്‍ച്ചക്ക് ഉത്തരമില്ല, അന്വേഷണവും വഴിപാട്

മരുന്നുശാലകളിലെ തീപിടിത്തത്തിന് ഒരുമാസം:കത്തിപ്പടര്‍ച്ചക്ക് ഉത്തരമില്ല, അന്വേഷണവും വഴിപാട്

തിരുവനന്തപുരം: കെ.എം.എസ്.സി.എല്‍ മരുന്ന് സംഭരണശാലകളിലെ ആവര്‍ത്തിച്ചിട്ടുണ്ടായ തീപിടിത്തം കഴിഞ്ഞ് ഒരു മാസമാകുമ്ബോഴും കാരണമറിയാതെയും ഉത്തരമില്ലാതെയും ആരോഗ്യവകുപ്പ്.

ദിവസങ്ങള്‍ നീണ്ട മൗനത്തിനൊടുവില്‍ സംയുക്ത അന്വേഷണം നടക്കുന്നുണ്ടെന്നും വകുപ്പു സെക്രട്ടറി ഇവ ഏകോപിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചെങ്കിലും ഇങ്ങനെയൊന്നിനെക്കുറിച്ച്‌ വകുപ്പില്‍ ആര്‍ക്കും ധാരണയില്ല.

ഉന്നത ഉദ്യോഗസ്ഥരാകട്ടെ കൈമലര്‍ത്തി. തിരുവനന്തപുരത്തെ തീപിടിത്തത്തില്‍ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥന്‍റെ ജീവൻ പൊലിഞ്ഞിട്ടും അതിന്‍റെ ഗൗരവം പോലും നടപടികളിലില്ലെന്നതാണ് ദുരൂഹത കൂട്ടുന്നത്. മേയ് 17നാണ് കൊല്ലം ഉളിയക്കോവിലിലെ മരുന്ന് സംഭരണ ശാലക്ക് തീപിടിച്ചത്. മേയ് 23ന് തിരുവനന്തപുരത്തും മേയ് 27ന് ആലപ്പുഴയിലും സമാന നിലയില്‍ തീ പടര്‍ന്നു.

കൊല്ലത്ത് 10 കോടി രൂപയുടെയും തിരുവനന്തപുരത്ത് 1.22 കോടിയുടെയും ആലപ്പുഴയില്‍ 15 ലക്ഷത്തിന്‍റെയും നഷ്ടമുണ്ടായിട്ടും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കാതായതോടെ കാരണം തേടിയുളള അന്വേഷണവും പരിശോധനയും വഴിപാടായി.

ഡ്രഗ് കണ്‍ട്രോളറുടെ പരിശോധനയും രാസപരിശോധനയുമാണ് ആകെ പ്രഖ്യാപിച്ചത്. ഇതില്‍ മന്ത്രിയുടെ സംയുക്താന്വേഷണ പ്രഖ്യാപനത്തിന് മുമ്ബുതന്നെ ഡ്രഗ് കണ്‍ട്രോളറുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത ബ്ലീച്ചിങ് പൗഡറാണ് തീപിടിത്തത്തിന് കാരണമെന്ന് ആരോഗ്യവകുപ്പിന്‍റെ ആവര്‍ത്തിച്ചുള്ള വിശദീകരണം പൂര്‍ണമായും തള്ളുന്നതാണ് ഡ്രഗ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്.

ശേഖരിച്ച സാമ്ബിളുകള്‍ക്ക് ഗുണനിലവാരമുണ്ട് എന്നായിരുന്നു ആ റിപ്പോര്‍ട്ട്. ക്ലോറിൻ സാന്നിധ്യം മാനദണ്ഡപ്രകാരമുള്ള 30 ശതമാനം അധികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് അടിവരയിട്ടു. പൊലീസ് ഫോറൻസിക് ലാബില്‍ നടക്കുന്ന രാസപരിശോധന ഫലം എന്ന് കിട്ടുമെന്ന് ഒരുറപ്പുമില്ല.

നടപടിക്രമങ്ങളനുസരിച്ച്‌ ഫോറൻസിക് ലാബില്‍ നിന്നുള്ള ഫലം സീല്‍ വെച്ച കവറില്‍ കോടതിയിലാകും നല്‍കുക.

കെ.എം.എസ്.സി.എല്‍ ഗോഡൗണുകളില്‍ മാത്രം തുടര്‍ച്ചയായി തീപിടിക്കുന്നത് മാത്രമല്ല, ഇതിലെ സമാനതകളാണ് സംശയം വര്‍ധിപ്പിക്കുന്നത്. മൂന്നിടത്തും രാത്രിയിലാണ് തീപിടിച്ചത്. കൊല്ലത്തെ തീപിടിത്തം മിന്നല്‍ മൂലമാണെന്നായിരുന്നു ആദ്യ വാദം. ഗോഡൗണിന്‍റെ ചുമരുകളിലൊന്നും വിള്ളലോ മിന്നലേറ്റ അടയാളങ്ങളോ ഉണ്ടായിരുന്നില്ലെന്നതോടെ കാരണങ്ങള്‍ മാറ്റിപ്പിടിച്ചു. കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തമുണ്ടായ മരുന്നു ഗോഡൗണുകളില്‍ അഗ്നിരക്ഷാസേന നേരത്തേ ഫയര്‍ ഓഡിറ്റ് നടത്തി നോട്ടീസ് നല്‍കിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular