Sunday, May 19, 2024
Homeകുത്തുപാളയെടുത്തു നാളികേരമേഖല

കുത്തുപാളയെടുത്തു നാളികേരമേഖല

ക്ഷ്യയെണ്ണ വിലക്കയറ്റം തടയാൻ കേന്ദ്രം കടുംവെട്ടിനിറങ്ങിയതു നാളികേരമേഖലയെ കുത്തുപാളയെടുപ്പിച്ചു, കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തില്‍ കൃഷിവകുപ്പ് തകര്‍ച്ച കണ്ടാസ്വദിക്കുകയാണ്.
സീസണ്‍ അടുത്തതോടെ ഏലം സ്റ്റോക്കിറക്കാൻ ഇടനിലക്കാര്‍ ഉത്സാഹിച്ചു. കാപ്പി പുതിയ ഉയരങ്ങളിലാണ്. കുരുമുളകിന് പുതിയ ദിശ കണ്ടെത്താനായില്ല.

പാചകയെണ്ണയുടെ വിലക്കയറ്റം തടയാൻ എല്ലാ അടവുകളും പയറ്റുന്ന തിരക്കിലാണു ഭക്ഷ്യമന്ത്രാലയം. കളംമറന്നുള്ള പയറ്റിനിടയില്‍ ദക്ഷിണേന്ത്യൻ നാളികേര കര്‍ഷകര്‍ ഞെട്ടറ്റുവീഴുന്നതു വടക്കിരിക്കുന്നവര്‍ അറിയുന്നില്ല. കണ്‍മുന്നില്‍ നാളികേര കര്‍ഷക കുടുംബങ്ങളുടെ അടിത്തറയിളകുന്നത് കൃഷിവകുപ്പും അറിഞ്ഞ ഭാവമില്ല. വൈകിയിട്ടില്ല, അരലക്ഷം വേണ്ട… അതിന്‍റെ പകുതിയെങ്കിലും കൊപ്ര സംഭരിക്കാൻ കേരളം മനസ് കാണിക്കുമോ? അതിനും കഴിയില്ലെങ്കില്‍ സംസ്ഥാനത്തെ 35 ലക്ഷം വരുന്ന നാളികേര കര്‍ഷകര്‍ക്ക് എന്തിനാണൊരു കൃഷിവകുപ്പ്.

താങ്ങുവിലയായ 10,860 രൂപ തലയ്ക്കുമുകളില്‍ നില്‍ക്കുന്പോള്‍ കേവലം 7600 രൂപയ്ക്കു കൊപ്ര വിറ്റഴിക്കാൻപോലും കഷ്ടപ്പെടുകയാണ് ഉത്പാദകര്‍. മറുവശത്തു വിദേശകര്‍ഷകര്‍ക്കു വിപണി കണ്ടെത്താൻ കേന്ദ്രം ഇറക്കുമതിത്തീരുവ പരമാവധി ഇടിച്ച്‌ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നുനല്‍കി. സൂര്യകാന്തി, സോയ എണ്ണകളുടെ ഇറക്കുമതി ഡ്യൂട്ടി വാരമധ്യം അഞ്ചുശതമാനം കുറച്ച്‌ 17ല്‍നിന്നും 12 ശതമാനമാക്കി. ഇതിന്‍റെ പ്രത്യാഘാതം വെളിച്ചെണ്ണ വിപണിയില്‍ പ്രതിഫലിക്കുമെന്നുറപ്പ്.

ഒരു മാസം മുന്പ് 13,000 രൂപയില്‍ നിലകൊണ്ട വെളിച്ചെണ്ണയിപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയായ 12,200ലാണ്, കാങ്കയത്ത് 10,550 രൂപയും. വിപണിയിലെ കടുത്ത മത്സരം മുൻനിര്‍ത്തി ചെറുകിട മില്ലുകാര്‍ കൊപ്ര ശേഖരിക്കുന്നതു കുറച്ചു. ജൂണ്‍ ആദ്യം 8000 രൂപയില്‍ വ്യാപാരം നടന്ന കൊപ്രയ്ക്ക് 400 രൂപയുടെ ഇടിവുണ്ടായി. നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ താളുകള്‍ കുറഞ്ഞതോടെ മില്ലുകാരും നക്ഷത്രമെണ്ണുകയാണ്.

ബക്രീദ് ആഘോഷങ്ങള്‍ക്ക് ഇനി അധിക ദിവസമില്ലെങ്കിലും അതിനുമുന്നേ പരമാവധി ഏലക്ക വാങ്ങിക്കൂട്ടുകയാണ് ഇടപാടുകാര്‍. ആഭ്യന്തര വിപണിയില്‍ ഉത്പന്നത്തിന്‍റെ ഡിമാൻഡ്, പിന്നിട്ട രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഉയരുമെന്ന വിശ്വാസം ഏലം വിപണിയുടെ അടിത്തറ ശക്തമാക്കുന്നുണ്ട്. എന്നിരുന്നാലും, ഉത്പന്ന വിലയില്‍ ഉണര്‍വില്ലെന്നാണു കര്‍ഷകരുടെ പക്ഷം. ഓഫ് സീസണിലെ ഉയര്‍ന്ന വില പ്രതീക്ഷിച്ച്‌ സംഭരിച്ചിരുന്ന ഏലക്ക പലരും വില്‍പ്പനയ്ക്കിറക്കുന്നു. വാരാന്ത്യം മികച്ചയിനങ്ങള്‍ കിലോ 1695 രൂപ, ശരാശരി ഇനങ്ങള്‍ 1160 രൂപ.

ആഗോള വിപണിയില്‍ നറുമണം പരത്തി ഇന്ത്യൻ കാപ്പി പതഞ്ഞുപൊങ്ങുകയാണ്. ഉത്പാദനം രാജ്യാന്തരതലത്തില്‍ കുറഞ്ഞതാണ് കാപ്പിയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നത്. ഒരു വ്യാഴവട്ടത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണു റോബസ്റ്റയുടെ വ്യാപാരം നടന്നത്. ബ്രസീല്‍, കൊളംബിയ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതി ചുരുങ്ങിയതു വാങ്ങല്‍ താത്പര്യം ആഗോളതലത്തില്‍ ഉയര്‍ത്തി. വയനാടൻ വിപണിയില്‍ കാപ്പി വില ക്വിന്‍റലിനു സര്‍വകാല റിക്കാര്‍ഡായ 24,500 രൂപയിലെത്തി. ഉണ്ടക്കാപ്പി ചാക്കിന് 7500 രൂപ.

കുരുമുളക് വിപണി പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ്. എതാനും ആഴ്ചകളായി ഉത്പന്നവില സ്റ്റെഡിയാണ്. കൊച്ചിയില്‍ വരവ് 116 ടണ്ണിലൊതുങ്ങി. ഇതാവട്ടെ, പൂര്‍ണമായി നാടൻ ചരക്കുമല്ലായിരുന്നു. ഇറക്കുമതി മുളക് കലര്‍ത്തി വില്‍പ്പനയ്ക്കിറക്കുന്നവര്‍ രംഗത്തുണ്ട്. നേരത്തേ, മൂല്യവര്‍ധിതമാക്കാൻ ഇറക്കുമതി നടത്തിയ പലരും ചരക്ക് തിരിച്ചുകയറ്റേണ്ട ആവശ്യത്തിനുള്ള വാങ്ങലിലാണ്. അണ്‍ ഗാര്‍ബിള്‍ഡ് മുളക് 48,800 രൂപയില്‍ തുടരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യൻ നിരക്ക് ടണ്ണിന് 6350 ഡോളര്‍. ബ്രസീല്‍ 3600 ഡോളറിനും വിയറ്റ്നാം 3725 ഡോളറിനും ഇന്തോഷ്യേ 3900 ഡോളറിനും ക്വട്ടേഷനിറക്കി. ശ്രീലങ്കൻ മുളകുവില 5200 ഡോളറാണ്. അവരുടെ വിനിമയനിരക്ക് മെച്ചപ്പെടുന്ന സാഹചര്യത്തില്‍ നിരക്കു താഴ്ത്തി ക്വട്ടേഷനിറക്കാൻ ശ്രമം നടത്താം.

സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. ആഭരണകേന്ദ്രങ്ങളില്‍ പവൻ 44,400 രൂപയില്‍നിന്നും 560 രൂപ കുറഞ്ഞ് രണ്ടു മാസത്തെ താഴ്ന്ന നിലവാരമായ 43,760ലേക്കു വാരമധ്യം ഇടിഞ്ഞു. മേയ് ആദ്യം രേഖപ്പെടുത്തിയ സര്‍വകാല റിക്കാര്‍ഡ് വിലയില്‍നിന്നും പവന് 2000 രൂപയാണ് ഈയവസരത്തില്‍ കുറഞ്ഞത്. എന്നാല്‍ വാരാന്ത്യം വില അല്പമുയര്‍ന്ന് 44,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണ വില 5510 രൂപ.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular