Sunday, May 19, 2024
Homeമഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച്‌ 12 പേരും ഡെങ്കിപ്പനി...

മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച്‌ 12 പേരും ഡെങ്കിപ്പനി ബാധിച്ച്‌ 13 പേരും മരിച്ചു.

ഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകള്‍ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച്‌ 12 പേരും ഡെങ്കിപ്പനി ബാധിച്ച്‌ 13 പേരും മരിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ 30-ല്‍ കൂടുതല്‍ ആളുകള്‍ എലിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ട്. 20-ല്‍ കൂടുതല്‍ ആളുകള്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഔട്ട്ബ്രേക്ക് ഉണ്ടായാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണം.

ജില്ലാതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനതലത്തില്‍ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു.ആശുപത്രികളിലെ സാഹചര്യം യോഗം വിലയിരുത്തി. പനി ക്ലിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യകത മുന്നില്‍ കണ്ട് പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കണം. ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഉണ്ടായിരിക്കണം.

മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണം. ഡോക്സിസൈക്ലിന്‍, ഒ.ആര്‍.എസ്. എന്നിവ അധികമായി കരുതണം. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച്‌ മരുന്ന് ലഭ്യത ഉറപ്പാക്കണം.വീടിന് പുറത്തെന്ന പോലെ അകത്ത് നിന്നും ഡെങ്കിപ്പനി പരത്തുന്നതായി യോഗം വിലയിരുത്തി. വീട്ടിനകത്തെ ചെടിച്ചട്ടികള്‍, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകള്‍ വളരുവാന്‍ കാരണമാകുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഓരോ വീട്ടുകാരും ശ്രദ്ധിക്കണം.

കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിര്‍ത്താന്‍ അനുവദിക്കരുത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ ഉറവിട നശീകരണമുള്‍പ്പെടെയുള്ള ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ചെയ്ത് നടപ്പിലാക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular