Sunday, May 19, 2024
Homeജര്‍മ്മനിയില്‍ 3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെത്തി

ജര്‍മ്മനിയില്‍ 3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെത്തി

ബെര്‍ലിന്‍: ജര്‍മനിയില്‍ 3000 വര്‍ഷത്തെ പഴക്കമുളള വെങ്കല നിര്‍മ്മിതമായ വാള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ഒരു പുരുഷന്‍റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹം അടക്കം ചെയ്ത കുഴിയില്‍ നിന്നാണ് വാള്‍ കണ്ടെത്തിയത്. ജര്‍മ്മനിയിലെ ബവേറിയ പ്രദേശത്തെ നോര്‍ഡ്‌ലിങ് പട്ടണത്തില്‍ നടത്തിയ ഖനനത്തിനിടെയാണ് വാള്‍ കണ്ടെടുത്തത്. വാള്‍ ഇപ്പോഴും ഉപയോഗപ്രദമാണെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

പൂര്‍ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച അഷ്ടഭുജാകൃതിയിലുള്ള വാളാണിത്. ഇത്തരത്തിലുള്ള വാളുകള്‍ വളരെ അപൂര്‍വ്വമാണ്. വാളിന്റെ പിടിയില്‍ കൊത്തുപണികളും ചെയ്തിട്ടുണ്ട്. പുരുഷന്റെ മൃതദേഹത്തോട് ചേര്‍ന്ന നിലയിലാണ് വാള്‍ കണ്ടെത്തിയത്. ഈ കുടുംബം സൈനിക കുടുംബമാണോ അതോ അന്നത്തെ അധികാരികളില്‍ ആരെങ്കിലുമാണോ എന്നു വ്യക്തമല്ല. വാള്‍ ബവേറിയയില്‍ തന്നെ നിര്‍മ്മിച്ചതാണോ അല്ലെങ്കില്‍ ഇറക്കുമതി ചെയ്തതാണോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള വാളുകള്‍ ജര്‍മനിയിലെ മൂന്ന് പ്രധാന വിതരണ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു. ഒന്ന് തെക്കന്‍ ജര്‍മ്മനിയിലും മറ്റുള്ളവ ഡെന്‍മാര്‍ക്കിലും വടക്കന്‍ ജര്‍മ്മനിയിലുമായിരുന്നു. ഇപ്പോള്‍ കിട്ടിയ വാള്‍ എവിടെ നിന്നു നിര്‍മ്മിച്ചതാണെന്നത് കൂടുതല്‍ പരിശോധനയിലൂടെ വ്യക്തമാകൂ എന്ന് ഗവേഷകര്‍ അറിയിച്ചു.

ബിസി 14-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാകാം ഈ വാള്‍ നിര്‍മ്മിച്ചതെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാളിന്റെ നിര്‍മ്മാണ രീതികളും അലങ്കാരങ്ങളും വടക്കന്‍ പ്രദേശത്തെ നിര്‍മ്മാണ രീതികളോടാണ് കൂടുതല്‍ സാമ്യം പുലര്‍ത്തുന്നത്. ”വാളും ശ്മശാനവും കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്, എങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. എന്നാല്‍ ഇത്തരത്തിലുള്ള വാളുകള്‍ കണ്ടെത്തിയത് അപൂര്‍വമാണ്’ പുരാവസ്തു സംരക്ഷണവുമായി ബന്ധപ്പെട്ട ബവേറിയന്‍ സ്റ്റേറ്റ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular