Tuesday, May 7, 2024
HomeIndiaകാവി ഇല്ലാതാക്കല്‍: കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ 18 മാറ്റങ്ങള്‍

കാവി ഇല്ലാതാക്കല്‍: കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ 18 മാറ്റങ്ങള്‍

ബംഗളൂരു: കാവിവത്കരണത്തിന്റെ ഭാഗമായി ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ഭാഗങ്ങള്‍ പിൻവലിക്കാൻ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി തുടങ്ങി.

കഴിഞ്ഞ ദിവസം മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണിത്.

ആറ്, ഏഴ്, എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ സാമൂഹിക ശാസ്ത്രം, കന്നട പുസ്തകങ്ങളില്‍ 18 മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനമായത്. ഇതുസംബന്ധിച്ച പട്ടിക കര്‍ണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി പുറത്തിറക്കി. ആര്‍.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിനെ കുറിച്ചുള്ള ‘ആരാണ് മാതൃകാപുരുഷൻ’ എന്ന പാഠം പൂര്‍ണമായും ഒഴിവാക്കി. ഇതിന് പകരമായി കന്നട പാഠപുസ്തകത്തില്‍ ശിവകോട്ടാചാര്യ സ്വാമി എഴുതിയ ‘സുകുമാരസ്വാമിയുടെ കഥ’ എന്ന പാഠം ഉള്‍പ്പെടുത്തി.

ഹിന്ദുത്വ ആചാര്യൻ വി.ഡി. സവര്‍ക്കറെ കുറിച്ചുള്ള കവിതയും നീക്കിയിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരക്ക് അയച്ച കത്തിനെ സംബന്ധിച്ചുള്ള പാഠഭാഗം എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തകത്തില്‍ പുതുതായി ഉള്‍പ്പെടുത്തി.

വേദസംസ്കാരം, പുതിയ മതങ്ങളുടെ ആവിര്‍ഭാവം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ പാഠങ്ങള്‍ ആറാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തില്‍ പുതുതായി ഉള്‍പ്പെടുത്തി. മാറ്റംവരുത്തിയ മറ്റ് ഭാഗങ്ങള്‍ 15 പേജുകളുള്ള ഉപപാഠപുസ്തകമാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുക. കുട്ടികളുടെ കൈകളിലുള്ള പുസ്തകങ്ങളിലെ മറ്റ് വിവാദ ഭാഗങ്ങള്‍ പഠിപ്പിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും.

തിരുത്തല്‍ വരുത്താൻ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിച്ച അഞ്ചംഗ വിദഗ്ധ സമിതി 45 മാറ്റങ്ങളാണ് നിര്‍ദേശിച്ചത്. സാമൂഹിക പരിഷ്കര്‍ത്താവ് സാവിത്രിബായ് ഫൂലെയെ സംബന്ധിച്ച പാഠം, ഡോ. ബി.ആര്‍. അംബേദ്കറെ പറ്റിയുള്ള കവിത എന്നിവയും പുതുതായി ഉള്‍പ്പെടുത്തുന്നുണ്ട്.

മുൻ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം പിൻവലിക്കാൻ തീരുമാനിച്ച മന്ത്രിസഭായോഗത്തിലാണ് പുസ്തകങ്ങളില്‍ മാറ്റം വരുത്താനും തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular