Sunday, May 19, 2024
HomeKeralaവിനോദ സഞ്ചാരത്തിന് റംബൂട്ടാന്റെ ഇരട്ടിമധുരം

വിനോദ സഞ്ചാരത്തിന് റംബൂട്ടാന്റെ ഇരട്ടിമധുരം

ചാലക്കുടി: അതിരപ്പിള്ളിയുടെ പാതയോരം ഇനി റംബൂട്ടാൻ വില്‍പ്പനയുടെ നിറപ്പകിട്ടില്‍. പരിയാരം മുതല്‍ വെറ്റിലപ്പാറ വരെ ഇനി രണ്ട് മാസക്കാലം ചാലക്കുടിയുടെ രുചിയേറും ബ്രാൻഡ് കച്ചവടം പൊടിപൊടിക്കും.

വെള്ളച്ചാട്ട സന്ദര്‍ശനത്തിനെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട വിഭവമാണ് റംബൂട്ടാൻ. ഏപ്രില്‍ അവസാനത്തില്‍ 350 രൂപയായിരുന്നെങ്കില്‍ ഇപ്പോളത് കിലോയ്ക്ക് 200 രൂപയാണ്. റംബൂട്ടാൻ കൃഷിയുടെ ക്രമാതീത വര്‍ദ്ധന വില്‍പ്പനക്കാരുടെ എണ്ണത്തിലും പ്രകടമാണ്. അതിനാല്‍ ഇനിയും വിലയിടിവുണ്ടായാലും അത്ഭുതമില്ല. ശനിയും ഞായറും നൂറോളം പേരുണ്ട് വില്‍പ്പനയ്ക്ക്. ഭൂരിഭാഗം പേരും സ്വന്തം പറമ്ബില്‍ നിന്നും പറിച്ചാണ് വില്‍പ്പനയെങ്കിലും ചിലര്‍ ഇടനിലക്കാരാണ്. തുലാസും മേശയും വച്ച്‌ റംബൂട്ടാൻ കുലയും ഉയര്‍ത്തിക്കാട്ടിയുള്ള കച്ചവടം കുളിരുള്ള കാഴ്ചയാണ്.

പടര്‍ന്ന് പന്തലിക്കുന്ന റംബൂട്ടാൻ കൃഷി ഭാവിയില്‍ വലിയ കിടമത്സരത്തിന് വഴിവയ്ക്കും. മലയോര പ്രദേശങ്ങളില്‍ മാത്രമല്ല, ഇപ്പോള്‍ നാടും നഗരവവുമില്ലാതെ തൈ നട്ടുവളര്‍ത്തുന്നു. മൂന്ന് വര്‍ഷത്തിനകം കായ്ക്കും. പ്രത്യേക സങ്കരയിനങ്ങള്‍ ഒന്നര വര്‍ഷത്തിനകം പുഷ്പിക്കും. വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ കലര്‍ത്തിയ മിശ്രിതം തയ്യാറാക്കി വെള്ളത്തില്‍ കലക്കി രണ്ടാഴ്ച കൂടുമ്ബോള്‍ വളമായി നല്‍കണം. വേനലില്‍ പത്ത് ദിവസത്തിലൊരിക്കല്‍ ചെറുനനയും, പൂത്ത് കഴിഞ്ഞാല്‍ ആഴ്ചതോറും കാര്യമായ വെള്ളമൊഴിക്കലും വേണം. ഒരു മാസം വൈകിയാണ് ഇക്കുറി ഇവ പാകമായത്. വിലക്കുറവിന് ഇതും കാരണമാകുന്നുണ്ടെന്ന് കര്‍ഷകര്‍ കരുതുന്നു. കൃഷി വകുപ്പിന്റെ പ്രത്യേക സംരക്ഷണം ഇതിന് വേണമെന്ന് കര്‍ഷകര്‍ ഇതിനകം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular