Tuesday, May 7, 2024
HomeIndiaകപ്പുയര്‍ത്തി ഇന്ത്യ

കപ്പുയര്‍ത്തി ഇന്ത്യ

ഭുവനേശ്വര്‍: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെബനോനെ കീഴടക്കിയ ഇന്ത്യൻ ഫുട്ബാള്‍ ടീം കിരീടമുയര്‍ത്തി. 46-ാം മിനിട്ടില്‍ നായകൻ സുനില്‍ ഛെത്രിയും 65-ാം മിനിട്ടില്‍ ലാലിയൻസുവാല ചാംഗ്തെയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 2018ലെ പ്രഥമ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഉയര്‍ത്തിയ ഇന്ത്യയുടെ രണ്ടാം കിരീടമായിരുന്നു ഇത്.

മലയാളി താരങ്ങളായ ആഷിഖ് കുരുണിയനെയും സഹല്‍ അബ്ദുല്‍ സമദിനെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യൻ കോച്ച്‌ ഇഗോര്‍ സ്റ്റിമാച്ച്‌ ഫസ്റ്റ് ഇലവനെ ഒരുക്കിയത്. മത്സരത്തിന്റെ തുടക്കത്തില്‍ സഹല്‍ നിരവധി മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നത് ആതിഥേയര്‍ തന്നെയായിരുന്നു. എന്നാല്‍ ലെബനോന്റെ പ്രതിരോധത്തെ മറികടക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് സുനില്‍ ഛെത്രി ഗാലറിയില്‍ നിറഞ്ഞിരുന്ന ഇന്ത്യൻ ആരാധകരുടെ മനസുനിറച്ച്‌ ലെബനോന്റെ വല കുലുക്കിയത്. രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടില്‍ ലെബനോൻ പ്രതിരോധത്തെ മനോഹരമായി ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ലാലിയൻ സുവാല ചാംഗ്തെ നല്‍കിയ ക്രോസിനെ ബോക്സിന് മുന്നില്‍ വച്ച്‌ തട്ടി വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു ഛെത്രി. ഇന്ത്യൻ കുപ്പായത്തില്‍ ഛെത്രിയുടെ 87-ാം ഗോളായിരുന്നു ഇത്.

65-ാം മിനിട്ടിലായിരുന്നു രണ്ടാം ഗോള്‍. ബോക്സിനുമുന്നില്‍ വച്ച്‌ ഛെത്രിയുടെ പാസ് സ്വീകരിച്ച്‌ മഹേഷ് തൊടുത്ത ഷോട്ട് ലെബനോൻ ഗോളി തട്ടിയകറ്റിയത് പ്രതിരോധക്കാരെ വെട്ടിച്ച്‌ മുന്നിലേക്ക് ഓടിക്കയറിയ ലാലിയൻ സുവാല വലയിലാക്കുകയായിരുന്നു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മംഗോളിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ വനുവാട്ടുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഇതോടെ ഫൈനലിനുള്ള യോഗ്യത ഇന്ത്യ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ ലെബനോനെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു.

ഇനി പാകിസ്ഥാൻ,നേപ്പാള്‍,കുവൈറ്റ് എന്നിവര്‍ കൂടി പങ്കെടുക്കുന്ന സാഫ് ഫുട്ബാള്‍ ചാമ്ബ്യൻഷിപ്പിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. ബംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഈ മാസം 21ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular