Sunday, May 19, 2024
HomeGulf'നിയോമി'ല്‍ എയര്‍ ടാക്സി പരീക്ഷണം വിജയകരം

‘നിയോമി’ല്‍ എയര്‍ ടാക്സി പരീക്ഷണം വിജയകരം

റിയാദ്: നിയോം കമ്ബനിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും (ഗാക) അര്‍ബൻ എയര്‍ മൊബിലിറ്റിയുമായി (യു.എ.എം) സഹകരിച്ച്‌ രൂപകല്‍പന ചെയ്ത ‘വോളോകോപ്റ്റര്‍’ എയര്‍ ടാക്സിയുടെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഗാക അര്‍ബൻ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ച്‌ ഒന്നര വര്‍ഷമായി നടത്തിവന്ന പരിശ്രമമാണ് നിയോം മേഖലയില്‍ ഒരാഴ്ച നീണ്ടുനിന്ന പരീക്ഷണ പറക്കലിലൂടെ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഇലക്‌ട്രിക്കല്‍ വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്റ് ലാൻഡിങ് (ഇവിടോള്‍) സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആകാശനൗകക്ക് സൗദിയില്‍ അംഗീകാരം ലഭിക്കുന്നതും പരീക്ഷണ പറക്കല്‍ നടത്തുന്നതും ഇതാദ്യമാണ്. ആധുനിക സാങ്കേതിക സംവിധാനത്തില്‍ രൂപപ്പെടുത്തിയ വോളോകോപ്റ്റര്‍ പൂര്‍ണമായും നിയന്ത്രണ വിധേയവും സുരക്ഷിതാവുമാണെന്ന് തെളിഞ്ഞതായും വ്യോമയാന മേഖലയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് പുതിയ എയര്‍ ടാക്സിയെന്നും പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം സംഘടിപ്പിച്ച ചടങ്ങില്‍ ‘ഗാക’ പ്രസിഡൻറ് അബ്ദുല്‍ അസീസ് അല്‍ ദുവൈലിജ് പറഞ്ഞു.

തിരക്കേറിയ നഗര പ്രദേശങ്ങളിലെ അത്യാവശ്യ യാത്രകള്‍ക്ക് ഉപകരിക്കുന്ന ഈ ആകാശനൗക ജീവിതനിലവാരം ഉയര്‍ത്തുന്നതും നൂതന വ്യോമഗതാഗത മാതൃകകളുടെ സുരക്ഷിതമായ സംയോജനം സാധ്യമാക്കുന്നതുമാണ്. സാങ്കേതിക തികവിലൂടെ മികച്ച ഭാവി സൃഷ്ടിക്കാനും വൈവിധ്യമാര്‍ന്ന ഗതാഗത സംവിധാനത്തിലൂടെ മനുഷ്യന്‍റെ ചലനാത്മകതയില്‍ വിപ്ലവം സൃഷ്ടിക്കാനും ഇതിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയോം സി.ഇ.ഒ നദ്‌മി അല്‍ നാസര്‍ വോളോകോപ്റ്ററില്‍ ചീഫ് കോമേഴ്‌സ്യല്‍ ഓഫിസര്‍ ക്രിസ്റ്റ്യൻ ബോവറിനൊപ്പം

നൂതനവും സുസ്ഥിരവുമായ മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിനും ജീവിതത്തെ പരിവര്‍ത്തിപ്പിക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ പരിശ്രമത്തിന്‍റെ സാക്ഷാത്കാരമാണ് വിജയകരമായ പരീക്ഷണ പറക്കലെന്ന് നിയോം സി.ഇ.ഒ നദ്‌മി അല്‍ നാസര്‍ പറഞ്ഞു. ശുദ്ധമായ പുന:രുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വോളോകോപ്റ്റര്‍ ശുദ്ധമായ അന്തരീക്ഷത്തിന് സംഭാവന നല്‍കുന്ന വ്യോമ സംരഭമായിരിക്കും. 18 മാസത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിയത് ആവേശം പകരുന്നതാണെന്ന് വോളോകോപ്റ്ററിന്‍റെ ചീഫ് കോമേഴ്‌സ്യല്‍ ഓഫിസര്‍ ക്രിസ്റ്റ്യൻ ബോവര്‍ പറഞ്ഞു. നിയോമുമായുള്ള തങ്ങളുടെ ഭാവി സഹകരണത്തിന് ഇത് അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുദ്ധ പുന:രുപയോഗ ഊര്‍ജം, സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വോളോകോപ്റ്ററുകള്‍ ഹെലികോപ്റ്ററുകളെക്കാള്‍ നിശ്ശബ്ദവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ്. ജര്‍മനിയിലെ ബ്രൂച്ചലിലുള്ള വോളോസിറ്റി കമ്ബനിയാണ് നിയോമിന് വേണ്ടി എയര്‍ ടാക്‌സികള്‍ നിര്‍മിക്കുക. പ്രതിവര്‍ഷം 50ലധികം കോപ്റ്ററുകള്‍ നിര്‍മിച്ചുനല്‍കാനുള്ള ശേഷി നിലവില്‍ വോളോസിറ്റിക്കുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular