Friday, May 3, 2024
Homeകേന്ദ്രത്തിന്റെ പുതിയ വൈദ്യുതി താരിഫ്: കേരളത്തില്‍ രാത്രി നിരക്ക് കുത്തനെ കൂടും

കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി താരിഫ്: കേരളത്തില്‍ രാത്രി നിരക്ക് കുത്തനെ കൂടും

വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് ഉപയോക്താക്കളില്‍ നിന്നു കൂടുതല്‍ തുക ഈടാക്കി ഉപയോഗം കുറവുള്ള സമയത്തു നിരക്കിളവു നല്‍കുന്ന ടൈം ഓഫ് ദി ഡേ (ToD) താരിഫ് എല്ലാവര്‍ക്കും ബാധകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.

പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമ്ബോള്‍ കേരളത്തില്‍ പകല്‍ സമയത്തെ നിരക്ക് കുറയ്‌ക്കേണ്ടി വരും. എന്നാല്‍ രാത്രി സമയത്തെ നിരക്ക് കുത്തനെ കൂടുകയും ചെയ്യും.

ടി.ഒ.ഡി അനുസരിച്ച്‌ രാവിലെ എട്ട് മണിക്കൂര്‍ വൈദ്യുതി നിരക്ക് സാധാരണനിരക്കിനേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ കുറയും. അതേ സമയം പീക്ക് അവറില്‍ ഗാര്‍ഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുത ബില്‍ 10 മുതല്‍ 20 ശതമാനം വരെ ഉയരാനുമിടയാക്കും. സംസ്ഥാന റെഗുലേറ്ററി കമ്മീഷനാണ് സമയക്രമം നിശ്ചയിക്കുക.

കേരളം ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ഇതിനകം തന്നെ വന്‍കിട വാണിജ്യ വ്യവസായ വിഭാഗങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് ടി.ഒ.ഡി താരിഫ് അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് സാധാരണ നിരക്ക്. വൈകുന്നേരം ആറു മുതല്‍ പത്തുവരെ 50 ശതമാനം അധികം. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ സാധാരണ നിരക്കില്‍ 25 ശതമാനം കുറവ് എന്നിങ്ങനെയാണ് ടി.ഒ.ഡി നിരക്ക്. കേന്ദ്ര ചട്ടം നടപ്പാക്കിയാല്‍ കേരളത്തിലെ പകല്‍ നിരക്ക് കുറയ്‌ക്കേണ്ടി വരും. എന്നാല്‍ വീടുകളില്‍ വൈദ്യുത ഉപയോഗം കൂടുതലും രാത്രിയിലാണെന്നതിനാല്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നിരക്ക് കൂടുകയും ചെയ്യും.

10 കിലോവാട്ട് വരെ വൈദ്യുതി ആവശ്യമായി വരുന്ന വാണിജ്യ-വ്യവസായ ഉപയോക്താക്കള്‍ക്ക് 2024 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കാര്‍ഷിക ആവശ്യങ്ങള്‍ക്കൊഴികെയുള്ള മറ്റ് വിഭാഗത്തിന് 2025 ഏപ്രില്‍ ഒന്നു മുതലാകും പുതിയ താരിഫ് പ്രാബല്യത്തില്‍ വരിക.

എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച ശേഷമേ പുതിയ ബില്ലിംഗ് രീതി നടപ്പാക്കാന്‍ കഴിയൂ. നിലവില്‍ സ്മാര്‍ട്ട് മീറ്റര്‍ ഉള്ളവര്‍ക്ക് ഉടന്‍ പുതിയ രീതി നടപ്പില്‍ വരും. ദിവസം മുഴുവന്‍ ഒരേ നിരക്ക് തുടരുന്നതിനു പകരം ഏത് സമയത്ത് ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി വൈദ്യുതി നിരക്ക് ഈടാക്കുന്നത് ഉപയോക്താക്കള്‍ക്കും വൈദ്യുത കമ്ബനികള്‍ക്കും ഒരേ പോലെ ഗുണകരമാകുമെന്ന് ഊര്‍ജ മന്ത്രാലയം അവകാശപ്പെടുന്നത്.

തുണി അലക്കല്‍, പാചകം തുടങ്ങിയ കാര്യങ്ങള്‍ വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ ചെയ്യുന്നത് ഒഴിവാക്കി നിരക്കില്‍ ഇളവ് നേടാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular