Sunday, May 19, 2024
HomeGulf37.4 കോടി ദിര്‍ഹമിന്‍റെ റോഡ് വികസന പദ്ധതിക്ക് ആര്‍.ടി.എ അംഗീകാരം

37.4 കോടി ദിര്‍ഹമിന്‍റെ റോഡ് വികസന പദ്ധതിക്ക് ആര്‍.ടി.എ അംഗീകാരം

ദുബൈ: ശൈഖ് സായിദ് റോഡിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയില്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കാൻ ലക്ഷ്യമിടുന്ന വൻ റോഡ് വികസനപദ്ധതിക്ക് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അംഗീകാരം നല്‍കി.

ഗര്‍ന് അല്‍ സബ്ക സ്ട്രീറ്റ്-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷൻ വികസനത്തിനാണ് ആര്‍.ടി.എ കരാര്‍ നല്‍കിയത്.

37.4 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ രണ്ടു വരിയുള്ള നാലു പാലങ്ങള്‍ നിര്‍മിക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഷാര്‍ജയിലേക്കുള്ള യാത്ര സമയം 40 ശതമാനം കുറയും. അതോടൊപ്പം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ നിന്ന് ജബല്‍ അലി തുറമുഖദിശയിലേക്ക് പോകുന്ന അല്‍ യലായിസ് റോഡിലേക്കുള്ള യാത്ര സമയം 70 ശതമാനം വരെയും കുറയും. ഗര്‍ന് അല്‍ സബ്ക സ്ട്രീറ്റ് ഇടനാഴി വികസന സംരംഭത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു. നാല് പാലങ്ങളിലായി മണിക്കൂറില്‍ 17,600 വാഹനങ്ങള്‍ക്ക് കടന്ന്പോകാൻ കഴിയും.

അല്‍ സായല്‍ സ്ട്രീറ്റ്, ഗര്‍ന് അല്‍ സബ്ക സ്ട്രീറ്റ് ജങ്ഷനിലാണ് 960 മീറ്റര്‍ നീളമുള്ള ആദ്യത്തെ പാലം. രണ്ട് വരിയുള്ള ഈ പാലത്തിലൂടെ രണ്ട് ദിശയിലേക്കും മണിക്കൂറില്‍ 8,000 വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയും. തിരക്കേറിയ ശൈഖ് സായിദ് റോഡിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും സുഗമമായ ട്രാഫിക്കിന് ഇതു വഴിയൊരുക്കും. ഗര്‍ന് അല്‍ സബ്ക സ്ട്രീറ്റില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് അല്‍ കുസൈസിലേക്കും ഷാര്‍ജയിലേക്കും വടക്കോട്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും പോകുന്ന വാഹനങ്ങളുടെ യാത്ര സുഖകരമാക്കുന്നതിനായി 660 മീറ്റര്‍ നീളമുള്ള പാലമാണ് രണ്ടാമത്തേത്. ഇതു വഴി മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ നിന്ന് വടക്ക് ജബല്‍ അലി തുറമുഖത്തിന്‍റെ ദിശയിലേക്കുള്ള അല്‍ യലായിസ് റോഡിലേക്കെത്തുന്ന വാഹനത്തിരക്ക് ഒഴിവാക്കുന്നതിനാണ് 700 മീറ്റര്‍ നീളമുള്ള മൂന്നാമത്തെ പാലം നിര്‍മിക്കുന്നത്.

680 മീറ്റര്‍ നീളമുള്ള നാലാമത്തെ പാലം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ നിന്ന് ദുബൈ പ്രൊഡക്ഷൻ സിറ്റിയിലേക്കുള്ള സര്‍വിസ് റോഡിലെ ഗതാഗതത്തിരക്ക് ഇല്ലാതാക്കാൻ സഹായിക്കും. ഈ പാലത്തിലൂടെയും മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ക്ക് കടന്നുപോകാം. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായുള്ള സര്‍വിസ് റോഡിലെ കവലകള്‍, തെരുവ് വിളക്കുകള്‍, ട്രാഫിക് സിഗ്നലുകള്‍, മഴവെള്ളം ഒഴുകിപ്പോകുന്നതിനായുള്ള ഓവുചാലുകള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവയുടെ വികസനത്തിനായുള്ള ഏഴു കിലോമീറ്റര്‍ റോഡ് വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular