Sunday, May 19, 2024
HomeGulfറിയല്‍ എസ്റ്റേറ്റ് വായ്പയില്‍ ഭേദഗതിയുമായി സെന്‍ട്രല്‍ബാങ്ക്

റിയല്‍ എസ്റ്റേറ്റ് വായ്പയില്‍ ഭേദഗതിയുമായി സെന്‍ട്രല്‍ബാങ്ക്

ദോഹ: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വായ്പ സംബന്ധിച്ച വ്യവസ്ഥകളില്‍ ഭേദഗതിയുമായി ഖത്തര്‍ സെൻട്രല്‍ ബാങ്ക്. വസ്തുവിൻമേലുള്ള പരമാവധി വായ്പ തുക (എല്‍.ടി.വി), തിരിച്ചടവ് കാലാവധി എന്നിവ ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ടാണ് പുതിയ നടപടി.

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിനും വിപുലീകരണത്തിനും സഹായകമാകുന്നത് മുന്നില്‍ കണ്ടുമാണ് വായ്പാനയത്തില്‍ ഭേദഗതികള്‍ നടപ്പാക്കുന്നത്. പുതിയ ഭേദഗതികള്‍ പ്രകാരം ആസ്തികളും വസ്തുക്കളും ഈട് നല്‍കിയുള്ള വായ്പകളെ മൂന്നു വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ വിഭാഗം നിര്‍മാണത്തിലിരിക്കുന്നതോ, പൂര്‍ത്തിയായതോ ആയ താമസ കെട്ടിടങ്ങളില്‍ നല്‍കുന്ന വ്യക്തിഗത വായ്പയാണ്.

വായ്പയെടുക്കുന്നയാളുടെ ശമ്ബളവും വരുമാന സ്രോതസ്സുകളും തിരിച്ചടവ് തുകയുമായി ബന്ധിപ്പിച്ചാണ് ഈ വായ്പ നല്‍കുക. പ്രവാസികള്‍ക്ക് ഈടുനല്‍കുന്ന ആസ്തിയുടെ മൂല്യം 60 ലക്ഷം റിയാല്‍ വരെയാണെങ്കില്‍ പരമാവധി 75 ശതമാനം വായ്പ ലഭിക്കും. തിരിച്ചടവ് കാലാവധി 25 വര്‍ഷമായിരിക്കും.

നിക്ഷേപ വാണിജ്യ ആവശ്യങ്ങള്‍ക്കായി കമ്ബനികള്‍ക്കും വ്യക്തികള്‍ക്കും പണി തീര്‍ന്ന ആസ്തികളില്‍ നല്‍കുന്ന വായ്പയാണ് രണ്ടാമത്തെ വിഭാഗം. തിരിച്ചടവ് പ്രധാനമായും റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്. പ്രവാസികള്‍ക്ക് 100 കോടി റിയാല്‍ വരെ മൂല്യമുള്ള ആസ്തികളാണെങ്കില്‍ എല്‍.ടി.വി പരമാവധി 25 വര്‍ഷത്തേക്ക് 70 ശതമാനം വായ്പ ലഭിക്കും.

നിക്ഷേപ, വാണിജ്യ ലക്ഷ്യങ്ങള്‍ക്കായി നിര്‍മാണത്തിലിരിക്കുന്ന വസ്തുക്കള്‍ ഈടുനല്‍കുന്നതാണ് മൂന്നാമത്തെ വിഭാഗം. വസ്തുവകകളില്‍നിന്നുള്ള പൂര്‍ണമായോ ഭാഗികമായോ ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് തിരിച്ചടവ്. ഈ വിഭാഗത്തില്‍ രാജ്യത്തെ പ്രവാസി താമസക്കാരും താമസക്കാര്‍ അല്ലാത്തവരുമായവര്‍ക്ക് പരമാവധി വായ്പ 50 ശതമാനവും തിരിച്ചടവ് കാലാവധി 15 വര്‍ഷവുമായിരിക്കും.

ശമ്ബളമുള്ള ഉപഭോക്താക്കള്‍ക്ക് വസ്തു ഈടിന്മേല്‍ ധനസഹായം നല്‍കുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് കടബാധ്യതയുടെ അനുപാതം മൊത്തം ശമ്ബളത്തിന്റെ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നതാണ് പുതിയ വ്യവസ്ഥ. സ്വദേശികള്‍ക്ക് ഇത് 75 ശതമാനമാണ് നിര്‍ദേശിച്ചത്.

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശി ബാങ്കുകള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ബാധകമാവുന്നതാണ് പുതിയ ഭേദഗതി. വിദേശ രാജ്യങ്ങളിലെ ബ്രാഞ്ചുകള്‍ ആതിഥേയ രാജ്യത്തിന്റെ വ്യവസ്ഥകളാണ് പാലിക്കേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular