Sunday, May 19, 2024
HomeKeralaസംസ്‌ഥാനപാതയോരത്ത്‌ തടി ഇറക്കിയതിനെതിരേ പരാതി; നടപടിയുമായി തൊടുപുഴ നഗരസഭ

സംസ്‌ഥാനപാതയോരത്ത്‌ തടി ഇറക്കിയതിനെതിരേ പരാതി; നടപടിയുമായി തൊടുപുഴ നഗരസഭ

തൊടുപുഴ: സംസ്‌ഥാന പാതയോരത്ത്‌ അപകടകരമായി ലോഡ്‌ കണക്കിന്‌ തടി ഇറക്കിയതിനെതിരെ പ്രതിഷേധം. തൊടുപുഴ വെങ്ങല്ലൂര്‍ – കോലാനി ബൈപ്പാസിലാണ്‌ ടാറിങിനോട്‌ ചേര്‍ത്ത്‌ ലോറിയിലെത്തിച്ച തടിയിറക്കിയത്‌.

പ്രദേശത്ത്‌ തടി കൂട്ടിയിട്ടാല്‍ ഉണ്ടാകുന്ന അപകടം ചൂണ്ടിക്കാട്ടിയവരെ തടിയെത്തിച്ചവര്‍ ഭീഷണിപ്പെടുത്തിയതായും വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്‌. പ്രതിഷേധത്തെ തുടര്‍ന്ന്‌ നഗരസഭാ അധികൃതരെത്തി തടി നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
ഇന്നലെ രാവിലെയാണ്‌ പിക്ക്‌ ജീപ്പിലെത്തിച്ച തടി റോഡരികില്‍ ഇറക്കിയത്‌. ആദ്യ ലോഡ്‌ തടി ഇറക്കിയപ്പോള്‍ തന്നെ റോഡരികില്‍ തടി അട്ടിയിടുന്നതിന്റെ അപകട സാധ്യത പ്രദേശവാസികളും സമീപത്തെ വ്യാപാരികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തടിയുമായെത്തിയവര്‍ ഇക്കാര്യം ചെവിക്കൊള്ളാതെ തുടര്‍ച്ചയായി ലോഡ്‌ ഇറക്കുകയാണ്‌ ചെയ്‌തത്‌. ഇതിനെ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും വാഹനം ഇടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതായും പ്രദേശവാസികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന്‌ നഗരസഭാ കൗണ്‍സിലറടക്കം തടിയിറക്കിയവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ നഗരസഭാ ചെയര്‍മാനും നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ജൂണിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരും സ്‌ഥലത്തെത്തി. തുടര്‍ന്ന്‌ തടിയിറക്കിയ വ്യാപാരികളെ വിളിച്ച്‌ വരുത്തി തടി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടെ പ്രദേശവാസികളോട്‌ തടിയിറക്കിയവര്‍ തട്ടിക്കയറിയതോടെ രൂക്ഷമായ വാക്കേറ്റവും തര്‍ക്കവും നടന്നു. പിന്നീട്‌ നടന്ന ചര്‍ച്ചയില്‍ എത്രയുംവേഗം തടി സ്‌ഥലത്തുനിന്നും നീക്കം ചെയ്യണമെന്നും തുടര്‍ന്ന്‌ ഇവിടെ തടിയിറക്കരുതെന്നും നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തടി വ്യാപാരികള്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌. ദിവസേന ആയിരക്കണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികില്‍ ടാറിങിനോട്‌ ചേര്‍ന്ന്‌ തടിയിറക്കുന്നത്‌ വലിയ അപകടഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ഇതിനുപുറമേ ദിവസങ്ങളോളം ഇവിടെ തടി കൂട്ടിയിട്ട്‌ അഴുകുന്നതിനാല്‍ പ്രദേശത്ത്‌ മാലിന്യവും ദുര്‍ഗന്ധവും രൂക്ഷമായതായും പരാതി ഉയര്‍ന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular