Saturday, May 18, 2024
HomeKeralaമുതലപ്പൊഴിയില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍

മുതലപ്പൊഴിയില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടം ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍, അനുനയ നീക്കങ്ങളിലൂടെ ലത്തീൻ സഭയുമായി സമവായത്തിലെത്താൻ സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ നാലു മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടത്തോടെ ലത്തീൻ സഭയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തില്‍പ്പെട്ട സംഭവമറിഞ്ഞ് മുതലപ്പൊഴിയിലെത്തിയ ലത്തീൻ അതിരൂപതാ വികാരി ജനറാള്‍ മോണ്‍‌. യൂജിൻ എച്ച്‌. പെരേരയ്ക്കെതിരേ പോലീസ് കേസെടുത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. ഇതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലുമായി.

വികാരി ജനറാളിനെതിരേ കേസെടുത്തതിനെ ശക്തമായി വിമര്‍ശിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെ ഇന്ന് മുതലപ്പൊഴിയില്‍ അടൂര്‍ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സത്യഗ്രഹവും പ്രഖ്യാപിച്ചു. വിഴിഞ്ഞം സമരം അവസാനിപ്പിച്ചപ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുന്നതിനു പിന്നാലെ, മുതലപ്പൊഴിയിലെ നിലപാടിലും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധമാണുള്ളത്.

ഈ സാഹചര്യത്തിലാണ് തീരദേശവാസികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. അടൂര്‍ പ്രകാശ് എംപിയുടെ സത്യഗ്രഹപ്രഖ്യാനത്തിനു പിന്നാലെ ഇന്നലെ ബിജെപി നേതാക്കളും കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ നേതൃത്വത്തില്‍ മുതലപ്പൊഴി ഹാര്‍ബറിലെത്തി. മുതലപ്പൊഴി സന്ദര്‍ശിക്കാൻ ഫിഷറീസ് ഡെവലപ്മെന്‍റ് കമ്മീഷണര്‍, ഫിഷറീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍, സിഐസിഇഎഫ് ഡയറക്ടര്‍ എന്നിവരുമായാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എത്തിയത്.

സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം മത്സ്യബന്ധനമേഖലയിലുള്ളവരുമായും മത്സ്യത്തൊഴിലാളികളുമായും സംസാരിച്ച്‌ അവരുടെ അഭിപ്രായം കേട്ടു. സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ മത്സ്യത്തൊഴിലാളികളുമായും മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച്‌ ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി. മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം അടിയന്തരമായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ മുതലപ്പൊഴിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന മന്ത്രിയുടെ പെട്ടെന്നുള്ള സന്ദര്‍ശനമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular