Friday, May 3, 2024
HomeIndiaഇനിയുള്ള യാത്ര സങ്കീര്‍ണം

ഇനിയുള്ള യാത്ര സങ്കീര്‍ണം

ചാന്ദ്രയാൻ 3ന്റെ ദീര്‍ഘയാത്ര പത്തു ദിവസം പിന്നിടുകയാണ്. ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്ന പേടകത്തിന്റെ പഥം നാലു ഘട്ടത്തിലായി ഉയര്‍ത്തിക്കഴിഞ്ഞു.

ഇനി 25ന് ഒരു പഥം ഉയര്‍ത്തല്‍ കൂടിയുണ്ട്. 31ന് രാത്രി ഇരുപതു മിനിറ്റ് ലിക്വിഡ് അപ്പോജി മോട്ടോര്‍ ജ്വലിപ്പിക്കുന്നതോടെ പേടകം ചന്ദ്രനിലേക്ക് നേരിട്ട് യാത്രയാകും. തുടര്‍ന്നുള്ള യാത്ര ഏറെ നിര്‍ണായകമാണ്. പാത തിരുത്തലും പഥം താഴ്ത്തലും നിരീക്ഷണവും സ്വയം നിയന്ത്രണ സംവിധാനവും ബ്രേക്കിങ്ങും… തുടങ്ങി ഏറെ സങ്കീര്‍ണമായ സാങ്കേതികവിദ്യയുടെ പിൻബലത്തിലാകും ചാന്ദ്രയാന്റെ ഇനിയുള്ള യാത്ര. ഐഎസ്‌ആര്‍ഒ കേന്ദ്രമായ തിരുവനന്തപുരം വലിയമല എല്‍പിഎസ്സി വികസിപ്പിച്ച ജ്വലന സംവിധാനങ്ങളും (propulsion system) അനുബന്ധ ഘടകങ്ങളും ഈ യാത്രയില്‍ അതിലേറെ നിര്‍ണായകം.

ആദ്യകാല ചാന്ദ്ര പര്യവേക്ഷണ പേടകങ്ങളുടെയും വിക്ഷേപണ വാഹനങ്ങളുടെയും പ്രധാന വെല്ലുവിളി നിയന്ത്രണ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയായിരുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ ഭേദിച്ചു ലക്ഷ്യത്തിലേക്ക് നീങ്ങുക, ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ കൃത്യമായി എത്തുക, കൃത്യതയോടെ ഭ്രമണപഥം പിടിക്കുക, വേഗം കുറച്ച്‌ പടിപടിയായി ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക തുടങ്ങിയവയെല്ലാം ഏറെ പ്രയാസകരമായിരുന്നു. ആദ്യകാല ലൂണാ, സ്പുട്നിക്, പയനിയര്‍ ലാൻഡര്‍ ദൗത്യങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. ഇവയില്‍ പലതും ഇടിച്ചിറങ്ങുകയോ പഥം വിട്ട് പുറത്തുപോകുകയോ പാതി വഴിയില്‍ പരാജയപ്പെടുകയോ ചെയ്യുകയായിരുന്നു. പിന്നീടാണ് അവര്‍ക്ക് വിജയം നേടാനായത്. എന്നാലും ഇപ്പോഴും ഈ സാങ്കേതികവിദ്യ സങ്കീര്‍ണമായി തുടരുന്നു. ഐഎസ്‌ആര്‍ഒയുടെ ചാന്ദ്രയാൻ 1 വിജയകരമായ ഓര്‍ബിറ്റര്‍ ദൗത്യമായിരുന്നു. ചാന്ദ്രയാൻ 2 ദൗത്യം ലാൻഡര്‍ ദൗത്യമായിരുന്നെങ്കിലും ഭാഗികമായാണ് വിജയിച്ചത്. അവസാന നിമിഷം ലാൻഡര്‍ ഇടിച്ചിറങ്ങുകയായിരുന്നു. എന്നാല്‍, ഓര്‍ബിറ്റര്‍ ഇപ്പോഴും ദൗത്യം തുടരുന്നു എന്നത് നേട്ടമാണ്. ചാന്ദ്രയാൻ ഒന്നും രണ്ടും ദൗത്യങ്ങളില്‍നിന്ന് പാഠങ്ങള്‍ പഠിച്ച്‌ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ് ചാന്ദ്രയാൻ 3യുടെ രൂപകല്‍പ്പന. അതുകൊണ്ടുതന്നെ ഈ ദൗത്യം വിജയിക്കുമെന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട്.

വേഗത നിയന്ത്രണ സംവിധാനത്തിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്. മൂന്നു ലക്ഷത്തിലേറെ കിലോമീറ്ററാണ് പേടകത്തിന് സഞ്ചരിക്കാനുള്ളത്. ലാൻഡറും റോവറുമായി പ്രൊപ്പല്‍ഷൻ മോഡ്യൂള്‍ ആഗസ്ത് ഒന്നിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം മറികടക്കും. പേടകത്തിലെ ലിക്വിഡ് മോട്ടോര്‍ 11 ഘട്ടത്തിലായി 10,500 സെക്കൻഡ് ജ്വലിപ്പിച്ച്‌ അതില്‍നിന്നുള്ള തള്ളല്‍ശേഷിയിലൂടെയാണ് പേടകത്തിന്റെ സഞ്ചാരം. 1750 കിലോഗ്രാം ഇന്ധനമാണ് പേടകത്തിലുള്ളത് (മുൻ ദൗത്യങ്ങളേക്കാള്‍ കൂടുതല്‍). ഇതുകൂടാതെ 22 ന്യൂട്ടൻ ശേഷിയുള്ള എട്ട് ത്രസ്റ്ററും. ചന്ദ്രനിലേക്കുള്ള പാതയില്‍ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച്‌ നേരിയ പാത തിരുത്തല്‍ ഉണ്ടാകും. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് അതിവേഗത്തില്‍ കടക്കുമ്ബോള്‍ നിയന്ത്രണം വിട്ട് പോകാതിരിക്കാൻ പേടകത്തെ വിപരീത ദിശയില്‍ തിരിച്ച്‌ ലിക്വിഡ് മോട്ടോര്‍ ജ്വലിപ്പിക്കുകയാണ് ചെയ്യുക. 170– -18000 കിലോമീറ്റര്‍ ദീര്‍ഘ വൃത്താകൃതിയിലാകും ചന്ദ്രനെ ആദ്യഘട്ടത്തില്‍ പേടകം ചുറ്റുക. ചന്ദ്രന്റെ നൂറു കിലോമീറ്റര്‍ അരികില്‍ ലാൻഡറിനെ എത്തിച്ചശേഷം പ്രൊപ്പല്‍ഷൻ മോഡ്യൂള്‍ വേര്‍പെടും. മണിക്കൂറില്‍ 6500 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തെയാണ് ഇത്തരത്തില്‍ വേഗം കുറച്ച്‌ ഇവിടേക്ക് എത്തിക്കുന്നത്. തുടര്‍ന്ന്, ലാൻഡറിനെ വേഗം കുറച്ച്‌ വീണ്ടും ചന്ദ്രനിലേക്ക് അടുപ്പിക്കും.
അവസാനഘട്ടം

30 കിലോമീറ്റര്‍ എത്തിയശേഷമാണ് സോഫ്റ്റ് ലാൻഡിങ്ങിനുള്ള അന്തിമഘട്ടം ആരംഭിക്കുക. ലാൻഡറില്‍ വേഗത നിയന്ത്രണത്തിന് 800 ന്യൂട്ടൻ ശേഷിയുള്ള നാല് ത്രോട്ടിലബിള്‍ ലിക്വിഡ് എൻജിനുണ്ട്. ഇവ ‘ബ്രേക്കിങ്’ സംവിധാനമായി പ്രവര്‍ത്തിക്കും. ഇതുകൂടാതെ ആധുനികമായ നിരവധി സെൻസറുകളും. ഇവയൊക്കെ വികസിപ്പിച്ചത് എല്‍പിഎസ്സിയാണ്. സോഫ്റ്റ് ലാൻഡിങ് സുഗമമാക്കാൻ ലേസര്‍ ഡോപ്ലര്‍ വെലോസിമീറ്റര്‍, ലേസര്‍ ആള്‍ട്ടിമീറ്റര്‍, ലാൻഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷൻ കാമറ തുടങ്ങിയവയുമുണ്ട്. ലാൻഡറിന്റെ നാലു കാലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെക്കൻഡില്‍ രണ്ടു മീറ്റര്‍ എന്ന രീതിയില്‍ വേഗത നിയന്ത്രിച്ചാകും ലാൻഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുക. ഇത് സെക്കൻഡില്‍ മൂന്നു മീറ്ററായാലും പ്രശ്നമുണ്ടാകില്ല. സോഫ്റ്റ്വെയറും ശക്തിപ്പെടുത്തി. ആഗസ്ത് 23ന് വൈകിട്ടാകും സോഫ്റ്റ് ലാൻഡിങ്. സ്വയംനിയന്ത്രിത സംവിധാനം വഴിയാണിത്. സോഫ്റ്റ് ലാൻഡിങ്ങിനുശേഷം ലാൻഡറില്‍നിന്ന് റോവര്‍ പുറത്തു വരും. 14 ദിവസം (ഒരു ചാന്ദ്രദിനം) ലാൻഡറും റോവറും ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും.

 ദിലീപ് മലയാലപ്പുഴ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular