Friday, May 17, 2024
HomeIndiaഉഡുപ്പി കോളജില്‍ സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം: സാമുദായിക നിറം നല്‍കരുത് -ഖുശ്ബു

ഉഡുപ്പി കോളജില്‍ സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം: സാമുദായിക നിറം നല്‍കരുത് -ഖുശ്ബു

മംഗളൂരു: ഉഡുപ്പിയിലെ പാരാമെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന സംഭവത്തിന് സാമുദായിക നിറം നല്‍കി പ്രചരിപ്പിക്കരുതെന്ന് ദേശീയ വനിത കമീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദര്‍ പറഞ്ഞു.

വ്യാഴാഴ്ച ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണര്‍ കെ. വിദ്യാകുമാരി, ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്ര എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ദേശീയ വനിത കമീഷനെ പ്രതിനിധാനം ചെയ്ത് ഇവിടെ വന്നത് ഒരു വനിതയുടെയോ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെയോ സംരക്ഷണ ദൗത്യവുമായല്ല. ഈ സംഭവത്തിന് ദയവായി സാമുദായിക നിറം കലര്‍ത്തി പ്രചരിപ്പിക്കരുത്. ഇത് എങ്ങനെ വൈറലായി എന്ന് കണ്ടെത്തേണ്ടതുണ്ട്.

അതിന് പല ഘടകങ്ങളും പരിശോധിക്കണം. കോളജ് അധികൃതരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കോളജില്‍ നടന്ന കാര്യവുമായി ബന്ധമില്ലാത്ത വ്യാജ വിഡിയോകളാണ് പ്രചരിക്കുന്നത്. ആ രംഗങ്ങള്‍ മൂന്ന് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണുകളില്‍ ഇല്ല. പൊലീസിന് തെളിവും ലഭിച്ചിട്ടില്ല. നീക്കം ചെയ്തതാണെങ്കില്‍ അതോടെ തീരുന്നില്ല. മൂന്ന് ഫോണുകളും പൊലീസ് ഫൊറൻസിക് സയൻസ് ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരട്ടെ.നിലവില്‍ കുറ്റാരോപിതര്‍ എന്നേ വിശേഷിപ്പിക്കാനാവൂയെന്നും ഖുശ്ബു പറഞ്ഞു.

മൂന്ന് വിദ്യാര്‍ഥിനികളെയും കോളജ് അധികൃതര്‍ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തീവ്രവാദബന്ധം ആരോപിച്ചുള്ള വാട്സ്‌ആപ്പ് സന്ദേശം പ്രചരിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാല്‍, അത്ര വലിയ കഥക്കുള്ള എന്തെങ്കിലും കോളജ് സംഭവത്തിന് പിറകില്‍ ഒളിഞ്ഞിരിക്കുന്നതായി ഇപ്പോള്‍ ചിന്തിക്കാനാവില്ല. അന്വേഷണം പൂര്‍ത്തിയാവും മുമ്ബേ നിഗമനത്തിലെത്തി അവസാനിപ്പിക്കാൻ വനിത കമീഷൻ കൂട്ടുനില്‍ക്കില്ല. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സാമുദായികമോ ആയ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാവില്ല കമീഷൻ ഈ കേസ് കൈകാര്യം ചെയ്യുകയെന്നും ഖുശ്ബു പറഞ്ഞു.

സംഭവം നടന്ന കോളജില്‍ ഖുശ്ബു സന്ദര്‍ശനം നടത്തി. കോളജ് ഡയറക്ടര്‍ രശ്മി, അക്കാദമിക് കോഓഡിനേറ്റര്‍ ബാലകൃഷ്ണ, പ്രിൻസിപ്പല്‍ രജീപ് മൊണ്ടല്‍, ജില്ല നിയമ സേവന അതോറിറ്റി അഭിഭാഷക മേരി ശ്രേസ്ത എന്നിവര്‍ പ്രാഥമിക ചര്‍ച്ചയില്‍ പങ്കെടുത്തു. കോളജില്‍ മൂന്നുവിദ്യാര്‍ഥിനികള്‍ സഹപാഠിയുടെ തമാശ വിഡിയോ (പ്രാങ്ക്) ചിത്രീകരിച്ച സംഭവം വര്‍ഗീയ പ്രശ്നമാക്കി മാറ്റാൻ സംഘ്പരിവാര്‍ ശ്രമിക്കുന്നുണ്ട്. ഉടൻ അധികൃതര്‍ക്ക് മുന്നില്‍ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനികള്‍ ഡിലീറ്റ് ചെയ്യുകയും മാപ്പുപറയുകയും ചെയ്തു.

ജൂലൈ 18നായിരുന്നു സംഭവം. കാമ്ബസില്‍ ഒതുങ്ങിയ സംഭവം ഉഡുപ്പി എം.എല്‍.എ യശ്പാല്‍ സുവര്‍ണയും ബി.ജെ.പിയുമാണ് വിവാദമാക്കിയത്. സംഘ്പരിവാര്‍ സംഘടനകള്‍ സമരം നടത്തുകയും ചെയ്തു. ഉഡുപ്പിയിലെ സംഭവത്തിലെ വിഡിയോ എന്ന പേരില്‍ മറ്റൊരു വിഡിയോയില്‍ കന്നട സംസാരം എഡിറ്റ് ചെയ്ത് ചെന്നൈ ആസ്ഥാനമായ യൂ ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കലു സിങ് ചൗഹാൻ എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഉഡുപ്പി കോളജിലെ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്നും പൊലീസ് പറയുന്നു. ഇത് ചെറിയ സംഭവമാണെന്നും മുൻകാലങ്ങളിലും ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആരും അതിന് രാഷ്ട്രീയ നിറം നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular