Friday, May 17, 2024
HomeIndiaഎ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഇനി ബിജെപി ദേശീയ സെക്രട്ടറി

എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഇനി ബിജെപി ദേശീയ സെക്രട്ടറി

ന്യൂഡ‍ല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു.

പാര്‍ട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നഡ്ഡ പുറത്തുവിട്ട പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടികയിലാണ് അനിലും ഇടംപിടിച്ചത്. അതേസമയം, ബിജെപി ദേശീയ ഉപാധ്യക്ഷനായി എ പി അബ്ദുള്ളകുട്ടി തുടരും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനില്‍ ആന്റണി ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ ദിവസം അനില്‍ ആന്റണി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ എത്തിയാണ് അനില്‍ മോദിയെ കണ്ടത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് അനില്‍ പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തിലും അനില്‍ മുൻനിരയില്‍ ഇടംനേടിയിരുന്നു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അനിലിനെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുന്നോടിയായി കേരളത്തില്‍ സജീവമാകാൻ നിര്‍ദേശിച്ചതായും വിവരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular