Friday, May 17, 2024
HomeIndiaകൂട്ടസംസ്‌കാരം നീട്ടിവച്ചു ; അഭ്യര്‍ഥനകള്‍ മാനിച്ച്‌ കുക്കി സംഘടന

കൂട്ടസംസ്‌കാരം നീട്ടിവച്ചു ; അഭ്യര്‍ഥനകള്‍ മാനിച്ച്‌ കുക്കി സംഘടന

ന്യൂഡല്‍ഹി മണിപ്പുരില്‍ കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുന്നത് കുക്കി സംഘടനയായ തദ്ദേശീയ ഗോത്രനേതാക്കളുടെ സമിതി (ഐടിഎല്‍എഫ്) അഞ്ചുദിവസത്തേക്ക് മാറ്റി.

മണിപ്പുര്‍ ഹൈക്കോടതി വ്യാഴം പുലര്‍ച്ചെ അഞ്ചിന് കേസ് അടിയന്തരമായി പരിഗണിച്ച്‌ തല്‍സ്ഥിതി തുടരാൻ ഉത്തരവിട്ടിരുന്നു. കേന്ദ്ര–-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കാനുള്ള നീക്കം മാറ്റിവെയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐടിഎല്‍എഫിനോട് അഭ്യര്‍ഥിച്ചു. മിസോറം മുഖ്യമന്ത്രി സോറംതാങ്കയും ഇടപെട്ടു.

ഐടിഎല്‍എഫ് ദീര്‍ഘനേരത്തെ കൂടിയാലോചനകള്‍ക്കുശേഷമാണ് കൂട്ട സംസ്ക്കാരം നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള തോര്‍ബുങ് ബംഗ്ലയിലെ സെറികള്‍ച്ചര്‍ ഫാം നിയമപരമായി കുക്കി വിഭാഗത്തിന് കൈമാറുന്നതടക്കം അഞ്ച് ആവശ്യങ്ങള്‍ ഐടിഎല്‍എഫ് കേന്ദ്രത്തിന് മുമ്ബാകെ വച്ചിട്ടുണ്ട്.

മണിപ്പുര്‍ പൊലീസിലെ മെയ്ത്തീ വിഭാഗക്കാരെ പൂര്‍ണമായും കുന്നുകളിലെ ഗോത്രമേഖലകളില്‍നിന്ന് മാറ്റുക, ഇംഫാലില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പുരിലേക്ക് എത്തിക്കുക, കുക്കി മേഖലകളെ പൂര്‍ണമായും മണിപ്പുരില്‍നിന്ന് മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കുക, താഴ്വരയിലെ ജയിലുകളില്‍ കഴിയുന്ന കുക്കി വിഭാഗക്കാരെ സുരക്ഷ കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

കൂട്ടസംസ്കാരം നിശ്ചയിച്ച സ്ഥലത്തേക്ക് ഇരുവിഭാഗവും കൂട്ടമായി എത്തിയാല്‍ വലിയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് രാവിലെ ഹൈക്കോടതി ചേര്‍ന്നപ്പോള്‍ ഡെപ്യൂട്ടി എജി അറിയിച്ചു. തുടര്‍ന്നാണ് ആക്റ്റിങ് ചീഫ്ജസ്റ്റിസ് എം വി മുരളീധരനും ജസ്റ്റിസ് എ ഗുണേശ്വര്‍ ശര്‍മയും ഉള്‍പ്പെട്ട ബെഞ്ച് തല്‍സ്ഥിതി തുടരാൻ ഇടക്കാല ഉത്തരവിട്ടത്. ആഗസ്ത് ഒമ്ബതിന് കേസ് വീണ്ടും പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular