Friday, May 3, 2024
HomeIndiaഇറങ്ങുന്നതിന് തൊട്ടുമുമ്ബ് ചന്ദ്രയാന്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ പുറത്ത്; 'ലാന്‍ഡറുമായി ബന്ധം സ്ഥാപിച്ചു'

ഇറങ്ങുന്നതിന് തൊട്ടുമുമ്ബ് ചന്ദ്രയാന്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ പുറത്ത്; ‘ലാന്‍ഡറുമായി ബന്ധം സ്ഥാപിച്ചു’

ന്യൂഡല്‍ഹി: ചന്ദ്രയാൻ3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രോ. ചന്ദ്രനില്‍ ഇറങ്ങുന്ന സമയത്ത് വിക്രം ലാൻഡര്‍ പകര്‍ത്തിയ ചിത്രമാണ് ഇസ്രോ എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചത്.

ബുധനാഴ്ച വൈകീട്ടോടെയാണ് ചാന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനില്‍ ലാൻഡ് ചെയ്തത്. തുടര്‍ന്ന് വിക്രം ലാൻഡറില്‍ നിന്നുള്ള ബന്ധം ബെംഗളൂരുവിലെ ഇസ്ട്രാകുമായി പുനഃസ്ഥാപിച്ചതായി ഇസ്രോ അറിയിച്ചു.

‘വിക്രം’ ലാൻഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകീട്ട് 5.45-നാണ് ആരംഭിച്ചത്. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സില്‍നിന്നാണ് ലാൻഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. വൈകീട്ട് 6.04-ന് ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായിമാറി ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി.

ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാൻ-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് മാതൃപേടകമായ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍നിന്ന് ലാൻഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു.

ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 70 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച്‌ ലാൻഡര്‍ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറയും (എല്‍.പി.ഡി.സി.) ഓഗസ്റ്റ് 20-ന് ലാൻഡര്‍ ഇമേജര്‍ ക്യാമറ 4-ഉം പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ. നേരത്തെ പുറത്തുവിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular